പേര് മാറിയിട്ടും ബലേനോ ജനപ്രിയന്‍, ഗ്ലാന്‍സ വാങ്ങാനും ജനം ക്യൂ!

By Web TeamFirst Published Jul 7, 2019, 3:39 PM IST
Highlights

മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനായ ഗ്ലാന്‍സ അടുത്തിടെയാണ് വിപണിയിലെത്തുന്നത്. ബലേനോയെപ്പോലെ തന്നെ വാഹനത്തിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നതെന്നാണ് കണക്കുകൾ 

മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനായ ഗ്ലാന്‍സ അടുത്തിടെയാണ് വിപണിയിലെത്തുന്നത്. ബലേനോയെപ്പോലെ തന്നെ വാഹനത്തിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നതെന്നാണ് കണക്കുകൾ നൽകുന്ന സൂചന.  വിപണിയിലെത്തി കേവലം രണ്ട് മാസങ്ങള്‍ക്കകം 4000 ഗ്ലാൻസകള്‍ നിരത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ മാസങ്ങളിൽ രണ്ടായിരത്തിലേറെ യൂണിറ്റ് വിൽപ്പന വാഹനത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. 

മെയ് മാസത്തില്‍ 2,142 ഗ്ലാൻസയായിരുന്നു മാരുതി സുസുക്കി, ടൊയോട്ടയ്ക്കു നിർമിച്ചു നൽകിയത്. ജൂൺ ആറിനായിരുന്നു വാഹനത്തിന്‍റെ വിപണിയിലെ അരങ്ങേറ്റം. എന്നാല്‍ അതിനു മുമ്പേ ലഭിച്ച പ്രീ ലോഞ്ച് ഓർഡറുകളാവുമിതെന്നാണു വിലയിരുത്തൽ. ജൂണിലും 1,832 യൂണിറ്റ് വിൽപ്പന നേടാൻ ഗ്ലാൻസയ്ക്കായി. 

ഇതോടെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ പ്രതിമാസ വിൽപ്പന കണക്കെടുപ്പിൽ മൂന്നാം സ്ഥാനവും ഗ്ലാൻസയ്ക്കു ലഭിച്ചു. 15,176 യൂണിറ്റ് വിൽപ്പനയോടെ ബലേനൊയാണ് ഈ വിഭാഗത്തിൽ ആദ്യ സ്ഥാനത്ത്. 8,958 യൂണിറ്റ് വിൽപ്പനയുള്ള ഹ്യുണ്ടേയ് എലീറ്റ് ഐ ട്വന്റിക്കാണ് രണ്ടാം സ്ഥാനം. അതേസമയം, ബലേനൊയുടെയും എലീറ്റ് ഐ ട്വന്റിയുടെയും വിൽപ്പനയിൽ 2018 ജൂണിനെ അപേക്ഷിച്ച് യഥാക്രമം 22 ശതമാനവും 16 ശതമാനവും ഇടിവും നേരിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

നാലു വകഭദേങ്ങളിലാണ് ഗ്ലാന്‍സ എത്തുന്നത്. ഇതില്‍ മാനുവൽ ട്രാൻസ്മിഷനുള്ള ജി എംടിക്കാണ് ആവശ്യക്കാരേറെയെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഉയർന്ന വകഭേദമായ ഗ്ലാൻസ വിസിവിടി തേടിയും നിരവധി പേർ എത്തുന്നുണ്ട്. ഓട്ടമാറ്റിക് ട്രാൻസ്‍മിഷനുള്ള ഗ്ലാൻസ ലഭിക്കാനുള്ള കാത്തിരിപ്പ് രണ്ടു മാസത്തോളം നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തേജസ്സ്, ദീപ്തം എന്നിവ അർത്ഥം വരുന്ന ജർമ്മൻ വാക്കിൽ നിന്നാണ് ഗ്ലാൻസ എന്ന പേരിന്‍റെ പിറവി. മികച്ച അകത്തളവും മനോഹരമായ എക്സ്റ്റീരിയറും ആണ് വാഹനത്തെ യുവതലമുറയുടെ ഇഷ്ട മോഡൽ ആക്കുന്നത്. ശക്തിയേറിയതും മികച്ച ഇന്ധനക്ഷമതയുള്ള ഉള്ളതുമായ കെ സീരീസ് എഞ്ചിൻ ആണ് വാഹനത്തിൽ ഉള്ളത്. 3 വർഷത്തെ അല്ലെങ്കിൽ 100000 കിലോമീറ്റർ വാറന്റിയും ലഭിക്കും. ആകർഷകമായ ഫിനാൻസ് സ്കീമോടെ ഇത് 5 വർഷം അല്ലെങ്കിൽ 220000കിലോമീറ്റർ ആക്കി വർധിപ്പിക്കാനും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ബി​എ​സ് 6ലു​ള്ള 1.2 ലി​റ്റ​ർ കെ12​ബി പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ് ഗ്ലാ​ൻ​സ​യുടെ ഹൃദയം. ഇ​തി​ന് 83 ബി​എ​ച്ച്പി പ​വ​റി​ൽ 113 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും ഗ്ലാന്‍സ എത്തും. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളാവും ട്രാന്‍സ്‍മിഷന്‍.

പരസ്‍പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബലേനോ, വിറ്റാര ബ്രെസ്സ മോഡലുകളെ മാരുതിയില്‍ നിന്നും ടൊയോട്ട കടമെടുക്കുന്നത്. പകരം, ടൊയോട്ട കൊറോള ആള്‍ട്ടിസിനെ മാരുതി സ്വന്തം ലേബലിലും അവതരിപ്പിക്കും.  

click me!