പേരുമാറിയിട്ടും ജനപ്രിയന്‍ തന്നെ ബലേനോ, മാന്ദ്യം മറന്ന് ഗ്ലാന്‍സക്ക് ക്യൂ നിന്ന് ജനം!

By Web TeamFirst Published Oct 3, 2019, 2:46 PM IST
Highlights

വിപണിയിലെത്തി കേവലം ആറുമാസത്തിനകമാണ് ഈ നേട്ടം

മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനായ ഗ്ലാന്‍സ അടുത്തിടെയാണ് വിപണിയിലെത്തുന്നത്. വിപണയിലെ മാന്ദ്യകാലത്തും ബലേനോയെപ്പോലെ തന്നെ വാഹനത്തിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്.  വാഹനത്തിന്‍റെ വില്‍പ്പന പതിനൊന്നായിരം യൂണിറ്റ് പിന്നിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയിലെത്തി കേവലം ആറുമാസത്തിനകമാണ് ഈ നേട്ടം. 

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിനു വേണ്ടി മാരുതി സുസുകി ഇന്ത്യയാണ് തങ്ങളുടെ ഗുജറാത്ത് പ്ലാന്റില്‍ ഗ്ലാന്‍സ നിര്‍മിക്കുന്നത്. ഇതിനകം 11,499 യൂണിറ്റ് ഗ്ലാന്‍സകള്‍ ടൊയോട്ടക്ക് മാരുതി നിര്‍മ്മിച്ചുനല്‍കി. ആദ്യത്തെ രണ്ട് മാസങ്ങള്‍ക്കകം 4000 ഗ്ലാൻസകള്‍ നിരത്തിലെത്തിയിരുന്നു. തുടക്കത്തില്‍ രണ്ടായിരത്തിലേറെ യൂണിറ്റ് വിൽപ്പന വാഹനത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. 

മെയ് മാസത്തില്‍ 2,142 ഗ്ലാൻസയായിരുന്നു മാരുതി സുസുക്കി, ടൊയോട്ടയ്ക്കു നിർമിച്ചു നൽകിയത്. ജൂൺ ആറിനായിരുന്നു വാഹനത്തിന്‍റെ വിപണിയിലെ അരങ്ങേറ്റം. എന്നാല്‍ അതിനു മുമ്പേ ലഭിച്ച പ്രീ ലോഞ്ച് ഓർഡറുകളാവുമിതെന്നാണു വിലയിരുത്തൽ. ജൂണിലും 1,832 യൂണിറ്റ് വിൽപ്പന നേടാൻ ഗ്ലാൻസയ്ക്കായി. 

നാലു വകഭദേങ്ങളിലാണ് ഗ്ലാന്‍സ എത്തുന്നത്. ഇതില്‍ മാനുവൽ ട്രാൻസ്മിഷനുള്ള ജി എംടിക്കാണ് ആവശ്യക്കാരേറെയെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഉയർന്ന വകഭേദമായ ഗ്ലാൻസ വിസിവിടി തേടിയും നിരവധി പേർ എത്തുന്നുണ്ട്. ഓട്ടമാറ്റിക് ട്രാൻസ്‍മിഷനുള്ള ഗ്ലാൻസ ലഭിക്കാനുള്ള കാത്തിരിപ്പ് രണ്ടു മാസത്തോളം നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തേജസ്സ്, ദീപ്‍തം എന്നിങ്ങനെ അർത്ഥം വരുന്ന ജർമ്മൻ വാക്കിൽ നിന്നാണ് ഗ്ലാൻസ എന്ന പേരിന്‍റെ പിറവി. മികച്ച അകത്തളവും മനോഹരമായ എക്സ്റ്റീരിയറും ആണ് വാഹനത്തെ യുവതലമുറയുടെ ഇഷ്ട മോഡൽ ആക്കുന്നത്. ശക്തിയേറിയതും മികച്ച ഇന്ധനക്ഷമതയുള്ള ഉള്ളതുമായ കെ സീരീസ് എഞ്ചിൻ ആണ് വാഹനത്തിൽ ഉള്ളത്. 3 വർഷത്തെ അല്ലെങ്കിൽ 100000 കിലോമീറ്റർ വാറന്റിയും ലഭിക്കും. ആകർഷകമായ ഫിനാൻസ് സ്കീമോടെ ഇത് 5 വർഷം അല്ലെങ്കിൽ 220000കിലോമീറ്റർ ആക്കി വർധിപ്പിക്കാനും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ബി​എ​സ് 6ലു​ള്ള 1.2 ലി​റ്റ​ർ കെ12​ബി പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ് ഗ്ലാ​ൻ​സ​യുടെ ഹൃദയം. ഇ​തി​ന് 83 ബി​എ​ച്ച്പി പ​വ​റി​ൽ 113 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും ഗ്ലാന്‍സ എത്തും. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളാവും ട്രാന്‍സ്‍മിഷന്‍.

പരസ്‍പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബലേനോ, വിറ്റാര ബ്രെസ്സ മോഡലുകളെ മാരുതിയില്‍ നിന്നും ടൊയോട്ട കടമെടുക്കുന്നത്. പകരം, ടൊയോട്ട കൊറോള ആള്‍ട്ടിസിനെ മാരുതി സ്വന്തം ലേബലിലും അവതരിപ്പിക്കും.  

click me!