
അടുത്തിടെയാണ് ജാപ്പനീസ് (Japanese) വാഹന ബ്രാന്‍ഡായ ടൊയോട്ട (Toyota India) ഇന്ത്യയിൽ പുതിയ ഹിലക്സ് (Hilux) ലൈഫ്‌സ്റ്റൈൽ പിക്ക്-അപ്പ് (Lyfestyle Pick - Up) അവതരിപ്പിച്ചത്. അവിശ്വസനീയമായ ലൈഫ്‌സ്‌റ്റൈൽ യൂട്ടിലിറ്റി വാഹനമെന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായിട്ടാണ് പുത്തൻ ഐക്കോണിക് ഹിലക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതെന്ന് കമ്പനി പറയുന്നു. വാഹനത്തിന്‍റെ ബുക്കിംഗും കമ്പനി തുടങ്ങിയിരുന്നു. ഓൺലൈനിലോ അംഗീകൃത ടൊയോട്ട ഡീലർഷിപ്പുകളിലോ ഒരു ലക്ഷം രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം എന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ബുക്കിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ് കമ്പനി. വാഹനത്തിന് ആവശ്യക്കാര്‍ ഏറെയാണെന്നും ഇത്രയും ആവശ്യം നിറവേറ്റാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നും ടൊയോട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ലോഞ്ച് ചെയ്‍ത് രണ്ടാഴ്‍ചയ്ക്ക് ഉള്ളിൽ തന്നെ ഉപഭോക്താക്കളിൽ നിന്ന് ഹിലക്സിന് ലഭിച്ച മികച്ച പ്രതികരണത്തിൽ ഏറെ സന്തുഷ്‍ടരാണെന്ന് ടൊയോട്ട പറയുന്നു. ടൊയോട്ട ബ്രാൻഡിലും അവതരിപ്പിക്കുന്ന പുത്തൻ ഉൽപ്പന്നങ്ങളിലും തുടർച്ചയായി വിശ്വാസമർപ്പിക്കുന്ന ഓരോ ഉപഭോക്താക്കളോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും വ്യക്തമാക്കിയ ടൊയോട്ട നിരവധി ഘടകങ്ങൾ വിതരണ മേഖലയെ ബാധിക്കുന്നതിനാൽ ഉപഭോക്താക്കളുടെ ഇത്രയും വലിയൊരു ഡിമാൻഡ് നിറവേറ്റാൻ സാധിക്കില്ലെന്നും പറയുന്നു. അതിനാൽ ഉപഭോക്താക്കൾക്ക് കൂടുതൽ അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാനായി ഹിലക്സിനുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തിയിരിക്കുകയാണെന്നും ഇതിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു. എന്നും മികച്ച ഉപഭോക്തൃ അനുഭവം നൽകുക എന്ന ഉറച്ച ലക്ഷ്യത്തോടെ എത്രയും വേഗം തന്നെ ഹിലക്സ് ബുക്കിങ് പുനരാരംഭിക്കുന്നതിനായി കഴിവിന്റെ പരമാവധി ശ്രമിക്കും എന്നും ടൊയോട്ട വ്യക്തമാക്കി.
അതേസമയം ടൊയോട്ട ഹിലക്‌സ് 2022 മാർച്ചിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യാനാണ് കമ്പനിയുടെ നീക്കം. മാത്രമല്ല, മാർച്ച് മുതൽ ലൈഫ്‌സ്‌റ്റൈൽ വാഹനത്തിന്റെ ഡെലിവറിയും ആരംഭിക്കും. ഫോർച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും അടിവരയിടുന്ന IMV-2 (ഇന്നവേറ്റീവ് ഇന്റർനാഷണൽ മൾട്ടി പർപ്പസ് വെഹിക്കിൾ) പ്ലാറ്റ്‌ഫോമിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ടൊയോട്ട ഹിലക്സ് പ്രധാന സവിശേഷതകൾ അറിയാം
ടൊയോട്ട ഹിലക്സ് എഞ്ചിന്‍
പ്ലാറ്റ്‌ഫോം മാത്രമല്ല, പുതിയ ഹിലക്സ് എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളും കമ്പനിയുടെ മറ്റ് സെവന്‍ സീറ്റർ സഹോദരങ്ങളുമായി പങ്കിടുന്നു. 204 bhp പരമാവധി കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.8 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉള്ള എഞ്ചിൻ 500 എൻഎം ടോർക്ക് വാഗ്ദാനം ചെയ്യുന്നു.
ടൊയോട്ട ഹിലക്‌സ് 4×2, 4×4 എന്നീ രണ്ട് സംവിധാനങ്ങളിലും ലഭിക്കും. 4WD (ഫോർ-വീൽ ഡ്രൈവ്) സിസ്റ്റം ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കിനൊപ്പം വരും. ആസിയാൻ എൻസിഎപിയുടെ പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിംഗോടെയാണ് പുതിയ ഹിലക്‌സ് എത്തുന്നത്. ടൊയോട്ടയുടെ ബിദാദി പ്ലാന്റിൽ പ്രാദേശികമായി പിക്കപ്പ് നിർമ്മിക്കും. ഇത് 700 എംഎം വാട്ടർ വേഡിംഗ് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു.
സുരക്ഷാ സവിശേഷതകൾ
ഹിലക്സ് ലോ ആന്‍റ് ഹൈ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുമെന്ന് ബ്രോഷർ വെളിപ്പെടുത്തുന്നു. സൂപ്പർ വൈറ്റ്, ഗ്രേ കളർ ഓപ്ഷനുകളിൽ ആദ്യത്തേത് വാഗ്ദാനം ചെയ്യും. ഹൈ വേരിയന്റുകൾ ഗ്രേ, സിൽവർ, പേൾ വൈറ്റ്, ഇമോഷണൽ റെഡ് എന്നിങ്ങനെ നാല് പെയിന്റ് സ്‍കീമുകളില്‍ എത്തും. പുതിയ ടൊയോട്ട ഹിലക്‌സിന് 5,3255 എംഎം നീളവും 1,855 എംഎം വീതിയും 1,815 എംഎം ഉയരവുമുണ്ട്, കൂടാതെ 3,085 എംഎം വീൽബേസുമുണ്ട്. ഇത് 216 എംഎം ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നു.