പരീക്ഷണം വീണ്ടും, ഇത്തവണ ക്യാമറയില്‍ കുടുങ്ങിയത് ആ ഇന്നോവയുടെ ആദ്യരൂപം!

By Web TeamFirst Published Jul 30, 2020, 10:48 AM IST
Highlights

ഈ വാഹനം നേരത്തെയും വിവിധ ഇടങ്ങളിലായി ക്യാമറകളില്‍ കുടുങ്ങിയിരുന്നു

പരീക്ഷണയോട്ടത്തിനിടെ വീണ്ടും ക്യാമറയില്‍ കുടുങ്ങി ജനപ്രിയ എം‌പി‌വിയായ ഇന്നോവയുടെ സിഎന്‍ജി വകഭേദം. പുതിയ പതിപ്പിന്‍റെ  പ്രോട്ടോടൈപ്പ് മോഡല്‍ ആണ് പരീക്ഷണയോട്ടത്തിനിടെ ക്യമറയില്‍ കുടുങ്ങിയത്. പ്രാരംഭ പതിപ്പില്‍ മാത്രമാകും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ സിഎന്‍ജി വാഗ്ദാനം ചെയ്യുക. താങ്ങാവുന്ന വിലയില്‍ ഇത് എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ഇതുവഴി സ്വന്തമാക്കാന്‍ സാധിക്കും എന്നാണ് ടൊയോട്ടയുടെ കണക്കുകൂട്ടല്‍.

പരീക്ഷണയോട്ടം നടത്തുന്ന സിഎന്‍ജി മോഡല്‍ നേരത്തെയും നിരവധി തവണ ക്യാമറയില്‍ കുടുങ്ങിയിരുന്നു. ക്രിസ്റ്റയുടെ അടിസ്ഥാന മോഡലായ ജി പതിപ്പിലായിരിക്കും ഈ സിഎന്‍ജി എന്‍ജിന്‍ നല്‍കുക.  2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സിഎന്‍ജി കിറ്റ് നല്‍കിയായിരിക്കും ഈ വാഹനം എത്തുക. പെട്രോള്‍ എന്‍ജിന്‍ 166 പിഎസ് പവറും 245 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ നല്‍കുന്നുണ്ടെങ്കിലും സിഎന്‍ജി മോഡലില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമായിരിക്കും നല്‍കുകയെന്നും പെട്രോള്‍ മോഡലിനെക്കാള്‍ ഒരു ലക്ഷം രൂപ അധികമായിരിക്കും സിഎന്‍ജിക്ക് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സിംഗിൾ-ഉടമ ക്യാബ് ഡ്രൈവർമാർക്കും സിഎന്‍ജി വകഭേദങ്ങൾ മികച്ച ഒരു ഓപ്ഷനായിരിക്കും. ഇതു തന്നെയാവും കമ്പനിയുടെ ലക്ഷ്യവും. മാത്രമല്ല ബിഎസ്6ലേക്ക് മാറ്റിയപ്പോള്‍ ഉയർന്ന വിലകൾക്കിടയിൽ വാഹനത്തിന്‍റെ ജനപ്രിയത പിടിച്ചുനിര്‍ത്തുകയും എം‌പി‌വിയുടെ പെട്രോൾ സിഎന്‍ജി പതിപ്പിലൂടെ കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.  നിലവില്‍ മഹീന്ദ്ര മരാസോയും മാരുതി എര്‍ട്ടിഗയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന എംപിവി സെഗ്മെന്‍റിലേക്ക് കിയ കാര്‍ണിവല്‍ കൂടി എത്തിതോടെ മത്സരം കടുത്തിരിക്കുകയാണ്. ഇതാണ് പുത്തന്‍ വാഹനത്തെ അവതരിപ്പിക്കാനുള്ള ടൊയോട്ടയുടെ നീക്കങ്ങള്‍ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി 2020 ഇന്നോവ ക്രിസ്റ്റയെ അടുത്തിടെയാണ് ടൊയോട്ട വിപണിയില്‍ എത്തിച്ചത്. ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വേരിയന്റ് മുതല്‍ വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് പുതുതായി നല്‍കിയിരിക്കുന്നത്.

click me!