ഇന്നോവ വാങ്ങണോ? ഇനി ചെലവേറും, കാരണം!

By Web TeamFirst Published Apr 6, 2021, 9:50 AM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യയിലെ ജനപ്രിയ എംപിവി ഇന്നോവ ക്രിസ്റ്റയുടെ വില കൂട്ടി

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യയിലെ ജനപ്രിയ എംപിവി ഇന്നോവ ക്രിസ്റ്റയുടെ വില കൂട്ടി. മോഡലുകൾക്ക് അനുസരിച്ച് 26,000 മുതൽ 1.18 ലക്ഷം രൂപ വരെയാണ് വില കൂടിയിരിക്കുന്നതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നോവയ്്കകൊപ്പം ഫോർച്യൂണർ, ലെജൻഡർ, കാമ്രി എന്നിവയുടെ വിലയും കമ്പനി വർധിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

ഇന്നോവ ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് 2020 ഒടുവിലാണ് വിപണിയില്‍ എത്തുന്നത്. ഇതിനു ശേഷം ആദ്യത്തെ വില വർധനവാണ് വാഹനത്തിന് ലഭിക്കുന്നത്. എം‌പി‌വിയുടെ വില മുഴുവൻ ലൈനപ്പിലുടനീളം 26,000 രൂപയാണ് കൂട്ടിയിരിക്കുന്നത്. മോഡലിന്റെ എൻട്രി ലെവൽ പെട്രോൾ വേരിയന്റിന് 16.52 ലക്ഷം രൂപ മുതലും അടിസ്ഥാന ഡീസൽ വേരിയന്റിന് 16.90 ലക്ഷം രൂപ മുതലുമാണ് പുതിയ വില ആരംഭിക്കുന്നത്. 

സമാനതകളില്ലാത്ത സവിശേഷതകളും പുതിയ കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇന്നോവ ക്രിസ്റ്റയെന്നാണ് കമ്പനി പറയുന്നത്. ഹെഡ്‌ലാമ്പുകളിലേക്ക് ലോലമായി സന്നിവേശിപ്പിക്കുന്ന ക്രോം അലങ്കാരത്തോടുകൂടിയ പുതിയ ട്രപസോയിഡല്‍ പിയാനോ ബ്ലാക്ക് ഗ്രില്‍, കൂര്‍ത്ത ഫ്രണ്ട് ബമ്പര്‍ ഡിസൈന്‍, സമകാലിക കാഴ്ച്ചയ്ക്കായി ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ സവിശേഷതകള്‍ പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് കുളിര്‍മയും ദൃഢവുമായ മുന്‍കാഴ്ച നല്‍കുന്നു.

ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഈ വിഭാഗത്തിലെ മികച്ച സവിശേഷതകളുള്ള ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നായിരിക്കും ഈ ജനപ്രിയ എംപിവി എന്ന് കമ്പനി അവകാശപ്പെടുന്നു. ഇടുങ്ങിയ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കൂട്ടിയിടികള്‍ ഒഴിവാക്കുന്നതിനും ആയാസ രഹിതമായ ഡ്രൈവിങ് അനുഭവം നല്‍കുന്നതിനും എംഐഡി ഡിസ്‌പ്ലേ ഉപയോഗിച്ചുള്ള ഫ്രണ്ട് ക്ലിയറന്‍സ് സോനാറിലൂടെ കൂടുതല്‍ സുരക്ഷയും പ്രദാനം ചെയ്യുന്നു.

ടൊയോട്ട ശ്രേണിയില്‍ കാമ്രി ഹൈബ്രിഡാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വില വർധനവിന് സാക്ഷ്യംവഹിച്ചിരിക്കുന്നത്.  കാമ്രിയുടെ എക്സ്ഷോറൂം വില ഇപ്പോൾ 40.59 ലക്ഷം രൂപയാണ്. 1.18 ലക്ഷം രൂപ വില കൂടി. പൂർണമായി ലോഡുചെയ്‍ത ഒരൊറ്റ വേരിയന്റിലാണ് സെഡാൻ വിൽപ്പനയ്ക്ക് എത്തുന്നത്.

ഇലക്ട്രിക് മോട്ടോറുള്ള 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട കാമ്രിയുടെ ഹൃദയം. ഇത് പരമാവധി 178 bhp കരുത്തിൽ 221 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇലക്ട്രിക് മോട്ടോർ കൂടി പ്രവർത്തിക്കുമ്പോൾ പവർ ഔട്ട്പുട്ട് 218 bhp ആയി ഉയരും. ഫുൾ-സൈസ് എസ്‌യുവി ഫോർച്യൂണറിന് ശ്രേണിയിലുടനീളം 36,000 രൂപ കൂടി. അതേസമയം ടോപ്പ്-എൻഡ് മോഡലായ ലെജൻഡർ പതിപ്പിന് 72,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്. ഫോർച്യൂണർ ലെജൻഡറിന്റെ വിപണിയിലെ ആദ്യത്തെ വില വർദ്ധനവാണിത്. വിപണിയിലെത്തി മൂന്നു മാസത്തിന് ശേഷമാണ് ലെജൻഡറിന്റെ വില വർദ്ധിപ്പിച്ചിരിക്കുന്നത്.

സ്റ്റാൻഡേർഡ് ടൊയോട്ട ഫോർച്യൂണറിന് ഇപ്പോൾ 30.34 ലക്ഷം മുതൽ 37.79 ലക്ഷം രൂപ വരെയാണ് വില. ലെജൻഡർ വേരിയന്റിന് ഇപ്പോൾ 38.30 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. പുതുക്കിയ വിലകൾ 2021 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ എത്തിയതായാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. 

ടൊയോട്ടയ്ക്ക് നിലവിൽ ഗ്ലാൻസ, അർബൻ ക്രൂയിസർ, യാരിസ്, മുൻനിര വെൽഫയർ എന്നിവയുൾപ്പെടെ നിരവധി കാറുകളുണ്ട്. ഈ നാല് കാറുകളും ഏറ്റവും പുതിയ വില വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവയെല്ലാം മുമ്പത്തെ അതേ വിലയ്ക്ക് ഓഫർ ചെയ്യുന്നത് തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ടൊയോട്ട മാത്രമല്ല കാറുറുകളുടെ വില ഉയർത്തിയത്. ഇൻ‌പുട്ട് ചെലവിലെ ഗണ്യമായ വർധനവ് നികത്തുന്നതിനായി ഇന്ത്യയിലെ മിക്കവാറും എല്ലാ കാർ നിർമാതാക്കളും അതത് കാറുകളുടെ വില വർധിപ്പിക്കാൻ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്‌തിട്ടുണ്ട്.

ടൊയോട്ടയുടെ ഇന്ത്യയിലെ എസ്‌ യു വികളിലെ ഏറ്റവും പുതിയ പതിപ്പാണ് ടൊയോട്ട ഫോർച്യൂണർ ലെജൻഡർ. ഈ വർഷം ജനുവരിയിലാണ് ലെജൻഡർ ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ, ഇപ്പോൾ ലെജൻഡറിന്റെ വില കുത്തനെ ഉയർത്തിയിരിക്കുകയാണ് കമ്പനി. ഫോർച്യൂണർ ലെജൻഡറിന്റെ നിലവിലെ എക്സ്ഷോറൂം വില 38.30 ലക്ഷം രൂപയാണ്. ഏപ്രിൽ ഒന്നു മുതൽ കാറിന് 72,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്. എന്നാൽ, മോഡലിന് വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ല. ഫോർച്യൂണർ ലെജൻഡറിന് 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമേ വാഗ്ദാനം ചെയ്തിട്ടുള്ളൂ.

വാഹനങ്ങളുടെ നിര്‍മാണ സാമഗ്രികളുടെ വില ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില ഉയര്‍ത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചതിന്റെ ചെറിയ ഒരു ശതമാനം മാത്രമാണ് വില വര്‍ധനവില്‍ പ്രതിഫലിക്കുന്നുള്ളൂവെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ അറിയിച്ചു. വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ചെലവുകള്‍ കുറയ്ക്കാന്‍ ടൊയോട്ട പ്രതിജ്ഞാബദ്ധമാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

ടൊയോട്ടയ്ക്ക് പുറമെ, നിര്‍മാണ ചെലവ് ഉയര്‍ന്നത് ചൂണ്ടിക്കാട്ടി മറ്റ് വാഹന നിര്‍മാതാക്കളും വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

click me!