ബംഗളൂരുവില്‍ ക്യാമറയില്‍ കുടുങ്ങി ഇന്നോവയുടെ ബന്ധു!

By Web TeamFirst Published Mar 1, 2021, 12:11 PM IST
Highlights

കറുപ്പ് നിറമുള്ള വാഹനത്തെ ബംഗളൂരുവിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട തങ്ങളുടെ അന്താരാഷ്ട്ര വിപണികളിലെ ജനപ്രിയ മോഡലായ RAV4 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് 2020ല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകളെ ശരിവച്ച് കറുപ്പ് നിറമുള്ള ഒരു റേവ് 4 എസ്‌യുവിയെ ബെംഗളൂരുവിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വർഷം രണ്ടാം പാദത്തിൽ റേവ് 4 നെ ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, റേവ് 4-ന്റെ ഇന്ത്യ ലോഞ്ചിനെപ്പറ്റി ടൊയോട്ട ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

1994-ലാണ് റേവ് 4 ആദ്യമായി വിപണിയില്‍ എത്തിയത്. ഇപ്പോൾ റേവ് 4ന്റെ അഞ്ചാം തലമുറയാണ് വിപണിയിലുള്ളത്. 2018-ലാണ് അഞ്ചാം തലമുറ അവതരിപ്പിച്ചത്. റേവ് 4 ഒരു കോംപാക്ട് ക്രോസോവർ എസ്‌യുവിയാണ്. അമേരിക്കൻ വിപണിയിലെ ടൊയോട്ടയുടെ പ്രധാന മോഡലുകളിൽ ഒന്നാണ് റേവ് 4.  പെട്രോൾ, പെട്രോൾ-ഹൈബ്രിഡ് എന്നിങ്ങനെ 2 എഞ്ചിൻ ഓപ്ഷനുകളിൽ റേവ് 4 സ്വന്തമാക്കാം. 173 എച്ച്പി 2.0 ലിറ്റർ, 207 എച്ച്പി 2.5 ലിറ്റർ എന്നിവയാണ് പെട്രോൾ എൻജിൻ ഓപ്ഷനുകൾ. ഇന്ത്യയിലെത്താൻ ഏറെ സാധ്യതയുള്ള മോഡൽ 2.5 ലിറ്റർ എൻജിനൊപ്പം ഇലക്ട്രിക് മോട്ടോർ ചേർന്ന ഹൈബ്രിഡ് എൻജിൻ ആണ്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ആയിരിക്കും റേവ് 4-ന്. 8.0 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആണ് ഇന്റീരിയറിൽ ഒരുങ്ങുന്നത്. ഉയർന്ന വേരിയന്റുകളിൽ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നൽകിയിരിക്കുന്നു.

തുടക്കത്തിൽ ഹൈബ്രിഡ് എസ്‌യുവിയുടെ പരിമിതമായ എണ്ണം മാത്രമായിരിക്കും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചാം തലമുറ RAV4 ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ (TNGA) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.  218 bhp വികസിപ്പിക്കുന്ന ശക്തമായ ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റർ അറ്റ്കിൻസൺ-സൈക്കിൾ പെട്രോൾ യൂണിറ്റ് പതിപ്പും വാഹനത്തിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്. പിൻ ആക്‌സിലിൽ ഒരു മോട്ടോർ / ജനറേറ്റർ ഘടിപ്പിച്ചിരിക്കുന്നു. ഇത് ഓൾ വീൽ ഡ്രൈവ് സംവിധാനത്തോടു കൂടിയാണ് ലഭ്യമാവുക. അന്താരാഷ്ട്ര വിപണിയിൽ ടൊയോട്ട RAV4 2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ, 2.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ, 2.5 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് എന്നിങ്ങനെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിലാണ് എത്തുന്നത്.

പുതിയ RAV4 എസ്‌യുവിക്ക് 4,600 മില്ലീമീറ്റർ നീളവും 1,85 മില്ലീമീറ്റർ വീതിയും 1,685 മില്ലീമീറ്റർ ഉയരവുമാണുള്ളത്. 2,690 മില്ലീമീറ്റർ ആണ് വാഹനത്തിന്‍റെ വീല്‍ബേസ്.  ഏകദേശം 60 ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില. 2021 പകുതിയോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും.  

RAV4 ഹൈബ്രിഡ് എസ്‍യുവിയുടെ ബ്ലാക്ക് എഡിഷന്‍ അന്താരാഷ്‍ട്ര വിപണിയില്‍ 2020ല്‍ ആണ് പുറത്തിറക്കിയത്. പുത്തന്‍ പതിപ്പിന് ഒരു മോണോക്രോം ഡിസൈനാണ് കമ്പനി അവതരിപ്പിക്കുന്നത്.

click me!