'ടൊയോട്ടയുടെ ബ്രെസ' ഇപ്പോള്‍ ബുക്ക് ചെയ്യൂ, ഈ ഓഫര്‍ സ്വന്തമാക്കാം

By Web TeamFirst Published Sep 12, 2020, 2:56 PM IST
Highlights

മാരുതി ബ്രെസയുടെ ടൊയോട്ട രൂപാന്തരമായ അര്‍ബന്‍ ക്രൂയിസറിന്‍റെ അരങ്ങേറ്റം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

മാരുതിയും ടൊയോട്ടയും തമ്മിലുള്ള കൂട്ടുകെട്ടില്‍ ഇറങ്ങാനിരിക്കുന്ന കോംപാക്ട് എസ്‌യുവിയാണ് അര്‍ബന്‍ ക്രൂയിസര്‍. മാരുതി ബ്രെസയുടെ ടൊയോട്ട രൂപാന്തരമായ അര്‍ബന്‍ ക്രൂയിസറിന്‍റെ അരങ്ങേറ്റം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിക്കുകയും ചെയ്‍തിട്ടുണ്ട്. ഇതിന് പിന്നാലെ ഇപ്പോള്‍ പുതിയൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി. നേരത്തെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് 'റെസ്‌പെക്ട് പക്കേജ്' എന്നൊരു പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതാതയത്, ലോഞ്ചിന് മുമ്പുതന്നെ കാര്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് രണ്ടു വര്‍ഷം വരെ 'നോ-കോസ്റ്റ് പീരിയോഡിക് മെയിന്റനന്‍സ്' ആസ്വദിക്കാമെന്ന് ടൊയോട്ട വ്യക്തമാക്കി.

ടൊയോട്ട മാരുതി സുസുക്കി സഹകരണത്തിൽ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ വാഹനമായ അർബൻ ക്രൂസറില്‍ പുത്തൻ വിറ്റാര ബ്രെസയിലെ 1.5-ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിൻ തന്നെയാവും ഇടംപിടിക്കുക. 6000 അർപിഎമ്മിൽ 103 ബിഎച്ച്പി പവറും 4400 അർപിഎമ്മിൽ 138 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. 5-സ്പീഡ് മാന്വൽ, 4-സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ടാകും. 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മോഡലുകൾക്ക് മാത്രമായിരിക്കും 48V SHVS മൈൽഡ് ഹൈബ്രിഡ് സംവിധാനം ലഭിക്കുക. 

മാരുതി ബ്രെസയുടെ റീബാഡ്‍ജിംഗ് പതിപ്പാണെങ്കിലും ടൊയോട്ടയുടെ ആദ്യ കോംപാക്ട് എസ്‌യുവിയായതിനാല്‍ ഡിസൈനിലും ഫീച്ചറുകളിലും നിരവധി മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഈ വാഹനം നിരത്തുകളിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ടയുടെ പ്രീമിയം എസ്‌യുവി മോഡൽ ആയ ഫോർച്യൂണറിനോട് സാമ്യം തോന്നും വിധം ഇരു വശങ്ങളിലും കുത്തനെ ക്രോം സ്ട്രിപ്പ് ഉള്ള ഗ്രിൽ ആണ് അർബൻ ക്രൂയിസറിന്. മാത്രമല്ല മുൻ ബമ്പർ റീഡിസൈൻ ചെയ്തിട്ടുണ്ട്. വിറ്റാര ബ്രെസയിലെ ബമ്പർ സ്ഥാപിച്ചിരിക്കുന്ന ചാര നിറത്തിലുള്ള ഫോക്സ് നഡ്‌ജ്‌ ബാറിന് പകരം അർബൻ ക്രൂയ്സറിൽ ഇതിന് കറുപ്പ് നിറമാണ്. മാത്രമല്ല ഒരു ഫോക്സ് സ്കിഡ് പ്ലെയ്റ്റും അർബൻ ക്രൂയ്സറിൽ അധികമായി ഇടം പിടിച്ചിട്ടുണ്ട്.

16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍, ഫോര്‍ച്യൂണറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഗ്രില്‍, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ്,ക്രോമിയം റിങ്ങില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പ്, ഗ്ലോസി ബ്ലാക്ക് റിയര്‍വ്യു മിറര്‍ തുടങ്ങിയവ അര്‍ബന്‍ ക്രൂയിസറിനെ വേറിട്ടതാക്കും.

അര്‍ബന്‍ ക്രൂയിസറിനായി ഇതിനോടകം തന്നെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ലഭിക്കുന്ന പ്രതികരണത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ടൊയോട്ട സെയില്‍സ് ആന്റ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു. 

click me!