അര്‍ബന്‍ ക്രൂയിസറിന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

By Web TeamFirst Published Aug 30, 2020, 2:56 PM IST
Highlights

ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് അടുത്ത മാസം എത്തുന്ന ഈ വാഹനത്തിന്റെ അകത്തളത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

മാരുതിയുടെയും ടൊയോട്ടയുടെയും സംയുക്ത സംരഭത്തിന്‍റെ ഭാഗമായി ബ്രെസയുടെ റീ-ബാഡ്ജിങ്ങ് പതിപ്പായ അര്‍ബന്‍ ക്രൂയിസര്‍ വിപണിയില്‍ എത്താനൊരുങ്ങുകയാണ്. ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് അടുത്ത മാസം എത്തുന്ന ഈ വാഹനത്തിന്റെ അകത്തളത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ബ്രസയുടെ അകത്തളത്തില്‍ ടൊയോട്ട കാര്യമായ അഴിച്ചുപണി നടത്തിയിട്ടില്ല എന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് . ക്യാബിനിലെ അളവുകളും സൗകര്യങ്ങളും ബ്രെസയിലേതിന് സമാനമായിരിക്കുമെന്നാണ് വിവരം. ഡാര്‍ക്ക് ബ്രൗണ്‍-ബ്ലാക്കും ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ അഴകേകുന്ന അകത്തളത്തില്‍ ടൊയോട്ടയുടെ ലോഗോ പതിപ്പിച്ചിട്ടുള്ള സ്റ്റിയറിങ്ങ് വീല്‍ ചിത്രത്തിൽ കാണാം.

എന്നാൽ, അര്‍ബന്‍ ക്രൂയിസറിന്റെ എല്ലാ വേരിയന്റുകളിലും എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ നല്‍കുന്നുണ്ടെന്നാണ് വിവരം. നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവക്കൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിലുണ്ട്. ഇതിന് സ്മാര്‍ട്ട് പ്ലേകാസ്റ്റ് എന്നാണ് ടൊയോട്ട നല്‍കിയ പേര്. 

16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍, ഫോര്‍ച്യൂണറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഗ്രില്‍, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ്,ക്രോമിയം റിങ്ങില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പ്, ഗ്ലോസി ബ്ലാക്ക് റിയര്‍വ്യു മിറര്‍ തുടങ്ങിയവ അര്‍ബന്‍ ക്രൂയിസറിനെ വേറിട്ടതാക്കും.

ടൊയോട്ട മാരുതി സുസുക്കി സഹകരണത്തിൽ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ വാഹനമായ അർബൻ ക്രൂസറില്‍ പുത്തൻ വിറ്റാര ബ്രെസയിലെ 1.5-ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിൻ തന്നെയാവും ഇടംപിടിക്കുക. 6000 അർപിഎമ്മിൽ 103 ബിഎച്ച്പി പവറും 4400 അർപിഎമ്മിൽ 138 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. 5-സ്പീഡ് മാന്വൽ, 4-സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ടാകും. 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മോഡലുകൾക്ക് മാത്രമായിരിക്കും 48V SHVS മൈൽഡ് ഹൈബ്രിഡ് സംവിധാനം ലഭിക്കുക. 

മാരുതി ബ്രെസയുടെ റീബാഡ്‍ജിംഗ് പതിപ്പാണെങ്കിലും ടൊയോട്ടയുടെ ആദ്യ കോംപാക്ട് എസ്‌യുവിയായതിനാല്‍ ഡിസൈനിലും ഫീച്ചറുകളിലും നിരവധി മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഈ വാഹനം നിരത്തുകളിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ടയുടെ പ്രീമിയം എസ്‌യുവി മോഡൽ ആയ ഫോർച്യൂണറിനോട് സാമ്യം തോന്നും വിധം ഇരു വശങ്ങളിലും കുത്തനെ ക്രോം സ്ട്രിപ്പ് ഉള്ള ഗ്രിൽ ആണ് അർബൻ ക്രൂയിസറിന്. മാത്രമല്ല മുൻ ബമ്പർ റീഡിസൈൻ ചെയ്തിട്ടുണ്ട്. വിറ്റാര ബ്രെസയിലെ ബമ്പർ സ്ഥാപിച്ചിരിക്കുന്ന ചാര നിറത്തിലുള്ള ഫോക്സ് നഡ്‌ജ്‌ ബാറിന് പകരം അർബൻ ക്രൂയ്സറിൽ ഇതിന് കറുപ്പ് നിറമാണ്. മാത്രമല്ല ഒരു ഫോക്സ് സ്കിഡ് പ്ലെയ്റ്റും അർബൻ ക്രൂയ്സറിൽ അധികമായി ഇടം പിടിച്ചിട്ടുണ്ട്. 

click me!