ചരക്കു വാഹനങ്ങളിൽ ട്രാവൽ ഡയറി നിര്‍ബന്ധം

By Web TeamFirst Published Jul 17, 2020, 8:49 AM IST
Highlights

ഏതൊക്കെ സ്ഥലത്തു സാധനങ്ങളുമായി പോകുന്നുവെന്നും ഏതൊക്കെ മാർക്കറ്റിലും കടകളിലും ചരക്കുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്നുവെന്നും എത്ര സമയം തങ്ങുന്നുവെന്നും മറ്റുമുള്ള വിവരം ഈ ഡയറിയിൽ വ്യക്തമായി രേഖപ്പെടുത്തണം. 

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കു സാധനങ്ങളുമായി എത്തുന്ന ലോറി ഡ്രൈവർമാരും സംസ്ഥാനത്തിനകത്ത് സാധനങ്ങളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവർമാരും ഇനിമുതല്‍ ട്രാവൽ ഡയറി എഴുതണം. 

ഏതൊക്കെ സ്ഥലത്തു സാധനങ്ങളുമായി പോകുന്നുവെന്നും ഏതൊക്കെ മാർക്കറ്റിലും കടകളിലും ചരക്കുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്നുവെന്നും എത്ര സമയം തങ്ങുന്നുവെന്നും മറ്റുമുള്ള വിവരം ഈ ഡയറിയിൽ വ്യക്തമായി രേഖപ്പെടുത്തണം. ഡയറിയില്‍ കച്ചവടക്കാരുടെ ഫോൺ നമ്പറും വിവരവും ഉൾപ്പെടുത്തണം. സാധനങ്ങളിറക്കുന്ന കടകളിൽ എവിടെ നിന്ന്, ആരൊക്കെയാണ് സാധനമിറക്കുന്നത് എന്നതിന്റെ വിവരങ്ങൾ കടയുടമ കുറിച്ചു വയ്ക്കണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച നിർദേശം കലക്ടർമാർ നൽകും എന്നാണ് സൂചന. ദിവസവും 2000 ലോറികളാണു മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടന്നു വരുന്നത് എന്നാണ് കണക്കുകള്‍. 


അതിർത്തിയിൽ പനി പരിശോധനാ സംവിധാനവും ഏർപ്പെടുത്തി. ശരീര താപനില ഉയർന്ന ഡ്രൈവർമാരെ തിരിച്ചുവിടും. സംസ്ഥാനത്തിനകത്തും റോഡുകളിൽ മോട്ടർ വാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് സംഘത്തിനു തെർമൽ പരിശോധനാ ഉപകരണങ്ങൾ വിതരണം ചെയ്യാനും നീക്കമുണ്ട്. 

ഒപ്പം പൊതുഗതാഗത വാഹനങ്ങളിൽ ഡ്രൈവറുടെ കാബിൻ വേർതിരിക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കാനും നടപടി തുടങ്ങി. ഓട്ടോറിക്ഷ, ടാക്സി, ബസുകൾ എന്നിവയിലെല്ലാം ഡ്രൈവർമാരുടെ കാബിൻ പ്രത്യേകം തിരിക്കണമെന്നായിരുന്നു നിർദേശം. ഇതുസംബന്ധിച്ച് നേരത്തെ സർക്കാർ നിർദേശമുണ്ടായിരുന്നു. എന്നാല്‍ ഇതു നടപ്പാകുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!