
ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് റോക്കറ്റ് 3 ആര്‍, റോക്കറ്റ് 3 ജി.ടി മോഡലുകളുടെ ബ്ലാക്ക് എഡിഷന്‍ പതിപ്പ് അവതരിപ്പിച്ചു. റോക്കറ്റ് 3 ആര്‍ ബ്ലാക്ക്, റോക്കറ്റ് 3 ജി.ടി. ട്രിപ്പിള്‍ ബ്ലാക്ക് എന്നിങ്ങനെയാണ് പുതിയ പതിപ്പിന്റെ പേര്. ഈ ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍ ബൈക്കുകളുടെ 1000 യൂണിറ്റ് വീതമാണ് ആഗോളതലത്തിലാകെ പുറത്തിറക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ബൈക്കുകളുടെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 18.50 ലക്ഷം രൂപയാണ് റെഗുലര്‍ മോഡലിന്റെ എക്‌സ്‌ഷോറും വില.
ബ്ലാക്ക് എഡിഷനുകളിലും റോക്കറ്റിന്റെ റെഗുലര്‍ മോഡലിലെ മെക്കാനിക്കല്‍ ഫീച്ചറുകളാണ് നല്‍കിയിരിക്കുന്നത്. 2500 സി.സി. ട്രിപ്പിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 165 ബി എച്ച് പി കരുത്തും 221 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഈ ബൈക്കിന് കേവലം 2.73 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാൻ കഴിയും. രണ്ട് ലിമിറ്റഡ് എഡിഷന്‍ മോഡലുകളിലും കാര്‍ബണ്‍-ഫൈബര്‍ മഡ്ഗാര്‍ഡുകള്‍ സ്റ്റാന്റേഡ് ഫീച്ചറായി ലഭിക്കുന്നു.
മാറ്റ് ആന്‍ഡ് ഗ്ലോസി ബ്ലാക്ക് നിറമാണ് റോക്കറ്റ് 3 ആര്‍ ബ്ലാക്കിന് നല്‍കുന്നത്. ട്രയംഫ് ബാഡ്‍ജിംഗും പെട്രോള്‍ ടാങ്കിനും കറുപ്പ് നിറമാണ്. റോക്കറ്റ് 3 ജി.ടി. ബ്ലാക്കില്‍ മൂന്ന് ഷെയ്ഡുകളുള്ള ബ്ലാക്ക് പെയ്ന്റ് സ്‌കീം നല്‍കുമെന്നാണ് റിപ്പോർട്ട്. റൈഡിങ്ങ് പൊസിഷനും കംഫര്‍ട്ടബിളും റെഗുലര്‍ മോഡലിന് സമാനമായിരിക്കുമെന്നാണ് സൂചന.
നിര്‍മിക്കുന്ന ഓരോ ബൈക്കുകള്‍ക്കും പ്രത്യേകം വിഐഎന്‍ നമ്പറും (വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) ആധികാരികത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നാണ് റിപ്പോർട്ടുകള്‍.