കിടിലന്‍ സാങ്കേതികവിദ്യയുമായി പുത്തന്‍ ജൂപ്പിറ്റര്‍

By Web TeamFirst Published Feb 6, 2021, 3:30 PM IST
Highlights

ഇപ്പോഴിതാ പുതിയ ജൂപ്പിറ്റർ ZX ഡിസ്ക്ക് മോഡൽ പുറത്തിറക്കിയിരിക്കുകയാണ് ടിവിഎസ്. ഇന്‍റലിഗോ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ വാഹനം എത്തുന്നത്

രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്‍റെ ജനപ്രിയവാഹനമാണ് ജൂപ്പിറ്റര്‍.  ഇപ്പോഴിതാ പുതിയ ജൂപ്പിറ്റർ ZX ഡിസ്ക്ക് മോഡൽ പുറത്തിറക്കിയിരിക്കുകയാണ് ടിവിഎസ്. ഇന്‍റലിഗോ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ വാഹനം എത്തുന്നത് എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വേരിയന്റിന് 72,347 രൂപയാണ് എക്സ്ഷോറൂം വില.  ടിവിഎസ് നിരയിൽ ഇന്റലിഗോ എന്ന പുതിയ സാങ്കേതികവിദ്യ ലഭിച്ച ആദ്യത്തെ ഇരുചക്ര വാഹനമായി ജൂപ്പിറ്റർ. പുതിയ ഇന്റലിഗോ ടെക്നോളജി പ്ലാറ്റ്ഫോം സുഖകരവും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദ സവാരി അനുഭവവും നൽകുന്നതിനാണ് അവതരിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.

ദീർഘനേരം ട്രാഫിക്കിൽ നിർത്തുമ്പോൾ എഞ്ചിൻ സ്വപ്രേരിതമായി സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ മൈലേജു വർധിപ്പിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും ഈ പുത്തൻ സാങ്കേതികവിദ്യ വഴി സാധിക്കും എന്നാണ് കമ്പനി പറയുന്നത്. എൽഇഡി ഹെഡ്‌ലാമ്പ്, മൊബൈൽ ചാർജർ, 2 ലിറ്റർ ഗ്ലോവ് ബോക്സ്, 21 ലിറ്റർ സ്റ്റോറേജ് എന്നിവ ജൂപ്പിറ്ററിന്റെ മറ്റ് സവിശേഷതകളാണ്. സ്റ്റാർലൈറ്റ് ബ്ലൂ, റോയൽ വൈൻ എന്നീ കളർ ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാം. 

110 സിസി എഞ്ചിനാണ് സ്കൂട്ടറിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 7000 rpm-ൽ പരമാവധി 5.5 bhp പവറും 5500 rpm-ൽ 8.4 Nm ടോർക്കും ഉത്പാദിപ്പിക്കും. മെച്ചപ്പെടുത്തിയ സവാരി സുഖത്തിനായി ക്രമീകരിക്കാവുന്ന ഷോക്ക് അബ്സോർബറുകളും ലഭ്യമാണ്. ഇക്കോത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ (ET-Fi) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജൂപ്പിറ്റർ സ്കൂട്ടർ എത്തുന്നത്. ഇത് 15 ശതമാനം മികച്ച മൈലേജ്, ആരംഭക്ഷമത, ഈട് എന്നിവ നൽകുന്നു.

ഹോണ്ട ആക്ടീവ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന സ്‌കൂട്ടറായ ജൂപ്പിറ്ററിന്‍റെ പുതിയ പതിപ്പിനെ അടുത്തിടെ ടിവിഎസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. നവീകരിച്ച ഐ-ടച്ച് സ്റ്റാര്‍ട്ട് സാങ്കേതികവിദ്യയിലും, ഡിസ്‌ക് ബ്രേക്ക് സുരക്ഷയിലുമെത്തിയിട്ടുള്ള ടിവിഎസിന്റെ ജൂപിറ്ററിന്റെ ഈ ZX ഡിസ്‌ക് വേരിയന്റിലാണ് പുതിയ മാറ്റം. 

മാറ്റ് സ്റ്റാര്‍ലൈറ്റ് ബ്ലൂ, സ്റ്റാര്‍ലൈറ്റ് ബ്ലൂ, റോയല്‍ വൈന്‍ തുടങ്ങിയ മൂന്ന് നിറങ്ങളിലാണ് ജൂപിറ്റര്‍ ZX ഡിസ്‌ക് വേരിയന്റ് എത്തുന്നത്. യാത്രാസുഖം ഉയര്‍ത്തുന്നതിനായി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഷോക്ക് അബ്‌സോര്‍ബേഴ്‌സ് നല്‍കിയിട്ടുള്ളതും ജൂപിറ്റര്‍ ZX ഡിസ്‌ക് വേരിയന്റിന്റെ ഹൈലൈറ്റാണ്.

ശബ്‍ദരഹിതവും പെട്ടെന്നുള്ള സ്റ്റാര്‍ട്ടിങ്ങും ഉറപ്പാക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് ഐ-ടച്ച് സ്റ്റാര്‍ട്ട്. ഈ സാങ്കേതികവിദ്യ സ്‌കൂട്ടറിന്റെ ബാറ്ററി ആയുസ് വര്‍ധിപ്പിക്കുന്നതിനൊപ്പം 15 ശതമാനം അധിക ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയും കുറയ്ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

മാത്രമല്ല ജൂപ്പിറ്ററിന്റെ പുതിയ 125 സിസി മോഡല്‍ അണിയറയില്‍ ഒരുങ്ങുന്നതായും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മെയ് മാസത്തോടെ പുതിയ മോഡല്‍ പുറത്തിറങ്ങും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.  നിലവില്‍ 110 സിസി എഞ്ചിനില്‍ മാത്രമാണ് ജൂപ്പിറ്റര്‍ വിപണിയില്‍ എത്തുന്നത്. എന്‍ടോര്‍ഖ് എന്ന മോഡല്‍ മാത്രമാണ് 125 സിസി സെഗ്മെന്‍റില്‍ ടിവിഎസിന്  നിലവിലുള്ളത്. എന്നാല്‍ പ്രീമിയം സംവിധാനങ്ങള്‍ കാരണം എന്‍ടോര്‍ഖിന് താരതമ്യേന ഉയര്‍ന്ന വിലയാണുള്ളത്. അതുകൊണ്ടു തന്നെ പുതിയ 125 മോഡല്‍ എത്തുന്നതോടെ സ്‍കൂട്ടര്‍ വിപണിയില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ടിവിഎസിന്‍റെ കണക്കുകൂട്ടല്‍. 

click me!