ഈച്ചക്കോപ്പിയടിച്ച് ചങ്കിലെ ചൈന, ചങ്കുകലങ്ങി ടിവിഎസ്, മൂക്കത്ത് വിരല്‍വച്ച് വാഹനലോകം!

By Web TeamFirst Published Jul 2, 2021, 5:51 PM IST
Highlights

ചൈനീസ് കോപ്പിയടിയുടെ പുതിയ ഇരയായി ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്‍റെ പുതിയൊരു മോഡല്‍

ല മേഖലകളിലും കുപ്രസിദ്ധമാണ് ചൈനയുടെ കോപ്പിയടി. വാഹന മോഡലുകളുടെ കോപ്പിയടിയാവും അതില്‍ ഭൂരിഭാഗവും. ലോകത്തിലെ മുന്‍നിര കമ്പനികളുടെ കാറുകളെ അതേ രൂപത്തില്‍ കോപ്പിയടിക്കുന്ന ചൈനയുടെ പരിപാടിക്കെതിരെ കാലാകാലങ്ങളായി നിരവധി വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. തങ്ങളുടെ വാഹന മോഡൽ കോപ്പിയടിച്ചതിന് ചൈനീസ് വാഹന നിർമാതാവിനെതിരെ ജഗ്വാർ ലാൻഡ് റോവർ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത് അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പക്ഷേ കേസുകളും പരിഹാസങ്ങളുമൊന്നും ചൈനീസ് കമ്പനികളുടെ ചങ്കിനെ ഉലയ്ക്കാറില്ല, കോപ്പിയടി നിര്‍ബാധം തുടരുകയാണ് അവരുടെ രീതി. ഇതൊന്നും കൂസാതെ മുന്നോട്ടുപോകുകയാണ് ഇപ്പോഴും ചൈനീസ് കമ്പനികളെന്നാണ് ചൈനയില്‍ നിന്നും പുറത്തുവരുന്ന പുതിയ വാര്‍ത്തകളും വ്യക്തമാക്കുന്നത്. 

ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്‍റെ ഒരു മോഡലാണ് ചൈനീസ് കോപ്പിയടിയുടെ പുതിയ ഇരയെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടിവിഎസിന്‍റെ സെപ്പെലിൻ എന്ന ക്രൂയിസര്‍ കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നിക്കുന്ന സിയാങ്‌ലോംഗ് ജെ‌എസ്‌എക്സ് 500iആണ് കോപ്പിയടിയുടെ ഏറ്റവും പുതിയ ഉദാഹരണം. 2018 ഓട്ടോ എക്‌സ്‌പോയിലാണ് ടിവിഎസ് സെപ്പെലിൻ പ്രദർശിപ്പിച്ചത്. 

വെറുമൊരു പ്രചോദനമല്ല, ഈ‘പ്രചോദനത്തിന്റെ’ അളവ് വളരെ ഉയർന്നതാണെന്നും അത് ഒരു ക്ലോൺ പോലെ കാണപ്പെടുന്നു എന്നുമാണ് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മനോഹരമായൊരു ഡിസൈന്‍ ആയിരുന്നു ടിവിഎസിന്‍റെ സെപ്പെലിൻ കൺസെപ്റ്റിന്. സ്‌പോര്‍ട്ടി രൂപമായിരുന്നു സെപ്‌ലിന്‍ ക്രൂയിസര്‍ കണ്‍സെപ്റ്റിനുണ്ടായിരുന്നത്. ഹൈടെക്ക് സവിശേഷതകളുടെ ഒരു ശ്രേണി ഈ ഡിസൈനിന്‍റെ സവിശേഷതയായിരുന്നു. എന്നാല്‍ ഈ ആശയം ജീവസുറ്റതാക്കുന്നതിൽ ചൈനീസ് നിർമ്മാതാവ് ടിവിഎസിനേക്കാൾ വേഗത്തിൽ പ്രവർത്തിച്ചതായിട്ടാണ് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

സിയാങ്‌ലോംഗ് ജെ‌എസ്‌എക്സ് 500i യുടെ മൊത്തത്തിലുള്ള മുഖച്ഛായ ടിവി‌എസ് സെപ്പെലിൻ ആശയത്തിന് സമാനമാണ്. ഷഡ്ഭുജ ഹെഡ്‌ലാമ്പ്, ശിൽപ സമാനമായ എണ്ണ ടാങ്ക് ഡിസൈൻ, സ്റ്റെപ്പ്ഡ് സീറ്റ്, റേഡിയേറ്റർ ഗ്രിൽ, സൈഡ് പാനലുകൾ, എഞ്ചിൻ കൌൾ, സ്റ്റബ്ബി ടെയിൽ സെക്ഷൻ തുടങ്ങിയവ അതേ പടി പകര്‍ത്തിയിരിക്കുകയാണ് ചൈനീസ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍.  എന്നാല്‍ ഉയരമുള്ള ഹാൻഡ്‌ബാറുകൾ, സ്‌പോക്ക് വീലുകൾക്ക് പകരം അലോയ് വീലുകൾ, മെറ്റാലിക് എക്‌സ്‌ഹോസ്റ്റ് എന്നിവ സിയാങ്‌ലോംഗ് ജെ‌എസ്‌എക്സ് 500 ഐയെ അല്‍പ്പം വ്യത്യസ്‍തമാക്കുന്നുമുണ്ട്. ബൈക്കിന് മുന്നിൽ യുഎസ്ഡി ഫോർക്കുകൾ ഉണ്ട്, എന്നാൽ സെപ്പെലിൻ കൺസെപ്റ്റിനൊപ്പം കണ്ടതുപോലെ ഗോൾഡൻ ഫിനിഷ് ലഭിക്കുന്നില്ല.

എൽഇഡി സജ്ജീകരണം, പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്ക് റിയർ സസ്പെൻഷൻ, മുന്നിലും പിന്നലും ഡിസ്‍ക് ബ്രേക്കുകൾ എന്നിവയാണ് സിയാങ്‌ലോംഗ് ജെ‌എസ്‌എക്സ് 500i യുടെ മറ്റ് പ്രധാന സവിശേഷതകൾ. 2,150 മിമി നീളവും 890 എംഎം വീതിയും 1,180 എംഎം ഉയരവുമാണ് ബൈക്കിന്റെ അളവ്. വീൽബേസ് 1,460 മിമി ആണ്.  140 എംഎം ആണ് ഗ്രൌണ്ട് ക്ലിയറൻസ്. 17 ഇഞ്ച് ഫ്രണ്ട്, റിയർ വീലുകളിലാണ് ബൈക്കിന്. 

471 സിസി, ട്വിൻ സിലിണ്ടർ, വാട്ടർ കൂൾഡ് എഞ്ചിനാണ് സിയാങ്‌ലോംഗ് JSX500iയുടെ ഹൃദയം. 44.87 പിഎസ് മാക്സ് പവർ, 41 എൻഎം മാക്സ് ടോർക്ക് എന്നിവ സൃഷ്ടിക്കാൻ കഴിവുള്ളതാണ് ഈ എഞ്ചിന്‍. ആറ് സ്‍പീഡാണ് ട്രാൻസ്‍മിഷന്‍. സിയാങ്‌ലോംഗ് ജെ‌എസ്‌എക്സ് 500i ന് 150 കിലോമീറ്റർ വേഗതയില്‍ വരെ സഞ്ചരിക്കുമെന്നാണ് ചൈനീസ് നിർമ്മാതാവ് പറയുന്നത്. 

അതേസമയം ടിവിഎസ് സെപ്പെലിൻ ആശയം ഒരു നൂതന ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കുന്നു. 220 സിസി പെട്രോൾ എഞ്ചിനും 1200 വാട്ട് റീജനറേറ്റീവ് ഇലക്ട്രിക് മോട്ടോറും ഇതിൽ ഉൾപ്പെടുന്നു. 48v ലിഥിയം അയൺ ബാറ്ററിയിൽ നിന്നാണ് ഇലക്ട്രിക് യൂണിറ്റിന് ശക്തി ലഭിക്കുന്നത്. പേപ്പന്റുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ഐ‌എസ്‌ജി) സെപ്പെലിനുണ്ട്. മെച്ചപ്പെട്ട റൈഡ് ഡൈനാമിക്സ്, മെച്ചപ്പെടുത്തിയ പവർ ബൂസ്റ്റ്, ഇന്ധന ലാഭം എന്നിവ പോലുള്ള ഒന്നിലധികം ആനുകൂല്യങ്ങൾ ഈ ഹൈബ്രിഡ് പവർട്രെയിനിന് കമ്പനി അവകാശപ്പെടുന്നു.

സെപ്‌ലിന്‍ എന്ന കണ്‍സെപ്റ്റിന് റോനിന്‍ എന്ന് പേരുനല്‍കുമെന്നായിരുന്നു നേരത്തെയുള്ള സൂചന. എന്നാല്‍ സെപ്ലിൻ എന്ന പേരിന് ടി‌വി‌എസ് ഇതിനകം ചെറിയ വ്യത്യാസത്തോടെ ട്രേഡ് മാര്‍ക്ക് നേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ‘സെപ്ലിൻ ആർ’എന്ന പേരാണ് ടിവിഎസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നതെന്നും പുതിയ ക്രൂയിസര്‍ ബൈക്ക് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം നടത്തുമെന്നും അനൌദ്യോഗിക റിപ്പോര്‍‌ട്ടുകള്‍ ഉണ്ട്. 

മാറ്റ് ബ്ലാക്ക്, റസ്റ്റിക് ബ്രൗണ്‍ എന്നീ നിറങ്ങളിലാണ് നേരത്തെ സെപ്ലിന്‍ അവതരിപ്പിച്ചിരുന്നത്. അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ ഒതുങ്ങിയ ഹെഡ്‌ലൈറ്റ് എന്നിവ ഡിസൈന്‍ സവിശേഷതകളാണ്. താഴ്ന്ന ബാറുകളും മുന്നിലേക്ക് ആഞ്ഞു നില്‍ക്കുന്ന ഫൂട്ട്‌റെസ്റ്റുകളും ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാണ്. 

ഭാരം കുറഞ്ഞ ട്യൂബ്ലെസ് സ്‌പോക്ക് വീലുകള്‍, 41 മില്ലിമീറ്റര്‍ അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍, ഡ്യൂവല്‍ ചാനല്‍ എബിഎസ് എന്നിവയും ഇതിലുണ്ട്. എല്‍.ഇ.ഡി ലൈറ്റുകളാണ് മുഴുവനായുമുള്ളത്. സ്മാര്‍ട്ട് ബയോകീ, ഇലക്ട്രോണിക് സ്പീഡോമീറ്റര്‍, ഓണ്‍ലൈന്‍ കണക്ടിവിറ്റി പോലുള്ള സ്മാര്‍ട്ട് വിശേഷങ്ങളുമുണ്ട്.

എന്തായാലും വാഹന മോഡലുകളിലെ ചൈനീസ് കോപ്പിയടിക്ക് നിരവധി ഇരകളുണ്ട് വാഹനലോകത്ത്. മുൻകാലങ്ങളിൽ, റോൾസ് റോയ്‌സ്, റേഞ്ച് റോവർ, പോർഷെ, ജീപ്പ്, മെഴ്‌സിഡസ്, ടെസ്‌ല തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ജനപ്രിയ ഉൽപ്പന്നങ്ങളുടെ കൃത്യമായ ചൈനീസ് രൂപങ്ങൾ ഉണ്ടായിട്ടുണ്ട്. റോയൽ എൻഫീൽഡ് ഹിമാലയൻ ഉൾപ്പെടെയുള്ള ജനപ്രിയ ഇരുചക്രവാഹനങ്ങളും ചൈനീസ് നിർമ്മാതാക്കൾ പകർത്തിയിട്ടുണ്ട്. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളില്‍ ഈ ചൈനീസ് വാഹനങ്ങള്‍ സൂപ്പര്‍ഹിറ്റുകളാണ്. കുറഞ്ഞവിലയില്‍ ലഭിക്കുമെന്നതു തന്നെ മുഖ്യകാരണം.  ഇത്തരം കോപ്പിയടികള്‍ ചൈനയിൽ സാധാരണവും വ്യാപകവുമാണെങ്കിലും ഇതിനെതിരെ മിക്ക വിദേശ നിർമാതാക്കളും മൗനം പാലിക്കുകയാണ് പതിവ്.  ജഗ്വാർ ലാൻഡ് റോവർ മാത്രമാണ് കേസ് നടത്തി ഈ പതിവ് രീതിക്കൊരു അപവാദമായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!