ഇത് ഭീതിജനകം, സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങള്‍ കുത്തനെ കൂടുന്നു!

By Web TeamFirst Published Mar 19, 2023, 8:55 PM IST
Highlights

പത്തുവര്‍ഷത്തെ ശരാശരി എടുത്താലും 60 ശതമാനം അപകടങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍.

സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനിടെ നടന്ന അപകടങ്ങളില്‍ 60 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളാണെന്നാണ് കണക്കുകള്‍. എന്നാല്‍ ദേശീയതലത്തില്‍ ഇരുചക്ര വാഹനാപകടങ്ങള്‍ കുറയുന്നതായാണ് കണക്കുകള്‍.

കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിന്റെ ആക്സിഡന്റ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 2018-ല്‍ വാഹനാപകടങ്ങളുടെ 45 ശതമാനം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു. 2022-ല്‍ ഇത് 39 ശതമാനമായി കുറഞ്ഞു. എന്നാല്‍, സംസ്ഥാനത്ത് 2018-ല്‍ ഇരുചക്രവാഹന അപകടങ്ങള്‍ 61 ശതമാനമായിരുന്നു. ലോക്ഡൗണില്‍ ഗതാഗതം കുറഞ്ഞിട്ടും ഇരുചക്രവാഹനാപകടങ്ങള്‍ കൂടി. 2020-ല്‍ 67 ശതമാനവും 2021-ല്‍ 64 ശതമാനവുമായി. 2022-ല്‍ 61 ശതമാനമാണ്. പത്തുവര്‍ഷത്തെ ശരാശരി എടുത്താലും 60 ശതമാനം അപകടങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍.

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം  അമിത വേഗതയാണ് 2022 ലെ 57 ശതമാനം അപകടങ്ങള്‍ക്കും കാരണം. ഡ്രൈവര്‍മാരുടെ അശ്രദ്ധ, തെറ്റായ ദിശയില്‍ വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, റോഡിന്റെ ശോചനീയാവസ്ഥ തുടങ്ങിയവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. സംസ്ഥാനത്ത് 2019 ല്‍ 1776 ഉം 2020 ല്‍ 1239 ഉം 2021 ല്‍ 1390 ഉം പേരാണ് ഇരുചക്ര വാഹനാപകടത്തില്‍ മരിച്ചത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ആകെ 1.66 കോടി വാഹനങ്ങളുളള സംസ്ഥാനത്ത് 1.08 കോടിയും ഇരുചക്ര വാഹനങ്ങളാണ്. ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം വന്‍ തോതില്‍ വര്‍ധിച്ചതും റോഡുകളുടെ അപര്യാപ്തതയുമാണ് റോഡപകടങ്ങള്‍ കൂടാന്‍ കാരണമെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണ്ടെത്തല്‍. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2022-ലെ 57 ശതമാനം അപകടങ്ങള്‍ക്കും കാരണം അതിവേഗമാണ്. മദ്യപിച്ച് വാഹനം ഓടിക്കുക, തെറ്റായദിശയില്‍ ഡ്രൈവ് ചെയ്യുക, റോഡിന്റെ ശോച്യാവസ്ഥ, ഡ്രൈവര്‍മാരുടെ അശ്രദ്ധ എന്നിവയാണ് അപകടങ്ങളുടെ മറ്റ് പ്രധാനകാരണങ്ങള്‍.

മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഉയര്‍ത്തുകയും പരിശോധന ശക്തമാക്കുകയും ചെയ്തതോടെയാണ് അപകടങ്ങള്‍ കുറഞ്ഞതെന്നാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിഗമനം. നിയമം കര്‍ശനമാക്കുകയും ബോധവത്കരണ നടപടികള്‍ വ്യാപകമാക്കുകയും ചെയ്താല്‍ അപകടം കുറയ്ക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. 

click me!