
ഇലക്ട്രിക്ക് സ്‌പോർട്‌സ് ബൈക്ക് നിർമ്മാതാക്കളായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് പുതിയ F77-ന്റെ ബുക്കിംഗ് ആരംഭിച്ചു. 10,000 രൂപ ടോക്കൺ തുകയ്ക്കാണ് ബുക്കിംഗ് തുടങ്ങിയത് എന്ന് ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഈ വർഷം നവംബർ 24 ന് പുറത്തിറക്കും. അതേസമയം അതിന്റെ വില ഇപ്പോഴും ഒരു രഹസ്യമായി തുടരുകയാണ്.
റോഡിൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി എഫ്77 ഭാരം കുറഞ്ഞ ഫ്രെയിം ഉപയോഗിക്കുന്നുവെന്ന് അൾട്രാവയലറ്റ് കമ്പനി പറയുന്നു. ഇ-ബൈക്കിന്റെ മോട്ടോർ മൗണ്ട് 30 ശതമാനം ഭാരം കുറഞ്ഞതും രണ്ട് മടങ്ങ് കടുപ്പമുള്ളതും മികച്ച സ്ഥിരത ഉറപ്പാക്കുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നു. ഇ-ബൈക്കിന്റെ ആദ്യ എക്സ്‍പീരിയൻസ് സെന്റര്‍ ബാംഗ്ലൂരിൽ വരുമെന്നും തുടർന്ന് ഘട്ടം ഘട്ടമായി നെറ്റ്‌വർക്ക് വിപുലീകരിക്കുമെന്നും അൾട്രാവയലറ്റ് അറിയിച്ചു.
2019-ൽ ആണ് കമ്പനി F77 ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റ് ആദ്യമായി പ്രദർശിപ്പിച്ചത്. ഈ കണ്‍സെപ്റ്റില്‍ നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുകൾ ഉണ്ടായിരുന്നു. എന്നാല്‍ പ്രൊഡക്ഷൻ-സ്പെക്ക് മോഡൽ ഒരു പുതിയ ലിഥിയം-അയൺ ബാറ്ററി പായ്ക്കോടുകൂടിയാണ് വരുന്നത്. അത് ഉറപ്പിച്ചതും വലുതും കൂടുതൽ ലിഥിയം-അയൺ സെല്ലുകള്‍ ഉള്ളതുമാണ്. ഇതിന് മുമ്പത്തേതിനേക്കാൾ ഉയർന്ന ഊർജ്ജ സാന്ദ്രത ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
പ്രോട്ടോടൈപ്പിന്റെ ബാറ്ററിയിൽ 18,650 സെല്ലുകൾക്ക് പകരം 21,700 ലിഥിയം അയൺ സെല്ലുകളാണ് ബാറ്ററി പാക്കിലുള്ളത്. മോട്ടോർസൈക്കിളിൽ 10.5kWh ബാറ്ററി പായ്ക്കുണ്ട്. ഇത് ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് ഇരുചക്രവാഹനത്തിനും ഉള്ളതില്‍ വച്ചേറ്റവും വലിയ ബാറ്ററിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടുതൽ പവർ ഔട്ട്പുട്ടും ഗണ്യമായി മെച്ചപ്പെട്ട ശ്രേണിയും നൽകുന്നു. ഒറ്റ ചാർജിൽ 307 കിലോമീറ്റർ റേഞ്ച് ഈ മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നു. ഈ ബാറ്ററിക്ക് അഞ്ച് തലത്തിലുള്ള സുരക്ഷയും എയർ കൂളിംഗും ഉണ്ട്. എയ്‌റോസ്‌പേസ് സാങ്കേതികവിദ്യയും ഉപഭോക്തൃ സാങ്കേതികവിദ്യയും ഒരു പാക്കേജിൽ സംയോജിപ്പിച്ചാണ് ഇലക്ട്രിക് ബൈക്കിന്റെ പുതുക്കിയ ബാറ്ററി പായ്ക്ക് വരുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.
മികച്ച പ്രകടനത്തിനായി ഈ ബൈക്കിന്റെ ട്രാൻസ്‍മിഷനും കമ്പനി പരിഷ്‍കരിച്ചിട്ടുണ്ട്. മികച്ച റൈഡിംഗ് സുഖവും മെച്ചപ്പെട്ട മൊത്തത്തിലുള്ള പ്രകടനവും ഉറപ്പാക്കുന്ന ഒരു അപ്‌ഡേറ്റ് ചെയ്‍ത സ്വിംഗ്‌ആം ഇതിന് ലഭിക്കുന്നു. അഞ്ച് വർഷം നീണ്ട ഗവേഷണത്തിനും വികസനത്തിനും ശേഷമാണ് ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്ക് വികസിപ്പിച്ചിരിക്കുന്നതെന്നും അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് പറയുന്നു. 190 രാജ്യങ്ങളിൽ നിന്നായി കുറഞ്ഞത് 70,000 പ്രീ-ലോഞ്ച് ബുക്കിംഗുകൾ എങ്കിലും ഈ ബൈക്കിന് ലഭിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. എയർസ്ട്രൈക്ക്, ലേസർ, ഷാഡോ എന്നീ മൂന്ന് വേരിയന്റുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.