പുത്തൻ കിയ സെൽറ്റോസ് എത്തുന്നു, പാനരോമിക് സൺറൂഫുമായി

By Web TeamFirst Published Mar 29, 2021, 3:53 PM IST
Highlights

2021 ഏപ്രിലിലും വാഹനത്തിന്‍റെ പുതുക്കിയ പതിപ്പ് കിയ മോട്ടോർസ് എത്തിക്കുന്നുണ്ടെന്നാണ് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനമാണ് സെല്‍റ്റോസ് എസ്‌യുവി. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്.  2020 ഏപ്രിലിൽ കൂടുതൽ ഫീച്ചറുകളുമായി സെൽറ്റോസിന്റെ പരിഷ്‍കരിച്ച പതിപ്പ് എത്തി. 2021 ഏപ്രിലിലും വാഹനത്തിന്‍റെ പുതുക്കിയ പതിപ്പ് കിയ മോട്ടോർസ് എത്തിക്കുന്നുണ്ടെന്നാണ് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഏപ്രിൽ 27-ന് കിയ മോട്ടോർസ് ഒരു പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്. പുത്തൻ സെൽറ്റോസ് ആണ് ഇതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഇത് ഫീച്ചറുകൾ നിറഞ്ഞ 2021 സെൽറ്റോസ് ആയിരിക്കും എന്നാണ് സൂചനകള്‌‍. പാനരോമിക് സൺറൂഫ് എന്ന ഫീച്ചറോടെയാണ് പുതിയ സെൽറ്റോസ് എത്തുക. കിയ മോട്ടോർസ് ചൈനയിൽ വിൽക്കുന്ന സെൽറ്റോസ് പതിപ്പിൽ പാനരോമിക് സൺറൂഫ് ഉണ്ട്. പാനരോമിക് അല്ലാത്ത സൺറൂഫ് മാത്രമായിരുന്നു ഇന്ത്യയിൽ വിൽക്കുന്ന സെൽറ്റോസിലെ ഉയർന്ന പതിപ്പുകളിൽ ഇത്രയും കാലം ലഭ്യമായിരുന്നത്.

2021 കിയ സെൽറ്റോസിൽ സുരക്ഷാ, സൗകര്യങ്ങൾ, കണക്ടിവിറ്റി, ഡിസൈൻ എന്നീ വിഭാഗങ്ങളിലായി പരിഷ്‌കാരങ്ങൾ പ്രതീക്ഷിക്കാം. കിയ മോട്ടോഴ്സിന്റെ പുത്തൻ ലോഗോ ആണ് മറ്റൊരു പ്രധാന ആകർഷണം. പുത്തൻ ലോഗോ കഴിഞ്ഞ വർഷമാണ് കിയ മോട്ടോർസ് ആഗോളവിപണിയിൽ അവതരിപ്പിച്ചത്. 2021 സെൽറ്റോസിലൂടെയാണ് ഈ ലോഗോ ഇന്ത്യൻ വിപണിയിലെത്തുക. പുതിയ നിറങ്ങൾ 2021 സെൽറ്റോസ് ശ്രേണിയിൽ കിയ മോട്ടോർസ് അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

1.5-ലീറ്റർ സ്മാർട്ട് സ്ട്രീം പെട്രോൾ, 1.5-ലീറ്റർ സിആർഡിഐ ഡീസൽ, 1.4-ലീറ്റർ സ്മാർട്ട്സ്ട്രീം ടർബോ-പെട്രോൾ എന്നീ 3 എൻജിൻ ഓപ്ഷനുകളാണ് കിയ സെൽറ്റോസിന്. ഈ മൂന്ന് എൻജിനുകളും BS6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക്, 7-സ്പീഡ് ഡിസിടി, ഐവിടി എന്നിങ്ങനെ നാലു ട്രാൻസ്മിഷനുകൾ ഓപ്ഷനുകളുമുണ്ട്. ഹ്യുണ്ടേയ് ക്രെറ്റ, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, മഹിന്ദ്ര എക്‌സ്യുവി500, ജീപ്പ് കോമ്പസ് എന്നീ എസ്‌യുവികളാണ് പ്രധാന എതിരാളികൾ. 

ഈ വാഹനത്തിന്‍റെ ഇലക്ട്രിക് പതിപ്പ് എത്തുമെന്ന് കുറച്ചുകാലമായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സെല്‍റ്റോസ് ഇ വി ആദ്യം എത്തുക ചൈനീസ് വിപണിയിലായിരിക്കുമെന്നും വാഹനത്തിന്‍റെ നിര്‍മ്മാണം കമ്പനി ആരംഭിച്ചതായും മുമ്പ് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. 2020 ഓഗസ്റ്റിൽ ജിയാങ്‌സു പ്രവിശ്യയിലെ ഡോങ്‌ഫെങ് യുഡാ കിയ പ്ലാന്റിൽ വാഹനത്തിന്റെ ഉൽ‌പാദന ആരംഭിച്ചത്. കൊവിഡ് 19 മൂലമുണ്ടായ തടസ്സം കാരണം വാഹനത്തിന്റെ നിർമ്മാണവും അരങ്ങേറ്റ പദ്ധതിയും വൈകി. ചൈനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്റ് ഉയര്‍ന്ന് വരുന്നത് പരിഗണിച്ചാണ് ആദ്യമായി അവിടെ ഇറക്കാന്‍ കിയ തീരുമാനിച്ചിരിക്കുന്നത്.

64 കിലോവാട്ട് ബാറ്ററി പാക്കിലാണ് സെല്‍റ്റോസ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ ബാറ്ററി പാക്കാണ് കിയയുടെ K3 ഇലക്ട്രിക്ക്, ഹ്യുണ്ടായി കോന എന്നീ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഇത് 183 പി.എസ് പവറും 310 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. NEDC (ന്യൂ യൂറോപ്യൻ ഡ്രൈവിംഗ് സൈക്കിൾ) ടെസ്റ്റ് സൈക്കിളിൽ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 405 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഇതിന് പിന്നാലെയാവും വാഹനം മറ്റു രാജ്യങ്ങളിലേക്ക് എത്തുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

click me!