താല്‍ക്കാലിക രജിസ്‍ട്രേഷന്‍ നമ്പറുമായി റോഡിലിറങ്ങിയാല്‍ ഇനി പാടുപെടും!

By Web TeamFirst Published Jul 18, 2020, 9:45 PM IST
Highlights

താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നമ്പറുമായി വാഹനം ഓടിക്കാനിറങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. പേപ്പറിൽ അച്ചടിച്ച താൽക്കാലിക രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് കാർ ഓടിക്കുന്നത് ഇനിമുതല്‍ കുറ്റകരമാകും

ദില്ലി: താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നമ്പറുമായി വാഹനം ഓടിക്കാനിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. പേപ്പറിൽ അച്ചടിച്ച താൽക്കാലിക രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് കാർ ഓടിക്കുന്നത് ഇനിമുതല്‍ കുറ്റകരമാകും. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഉള്‍പ്പെടെ സമഗ്ര മാനദണ്ഡങ്ങള്‍ മുന്നോട്ടുവച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം ഉത്തരവിറക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

11 വിഭാഗത്തിലുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് സമഗ്രമായ കളർ കോഡ് മാനദണ്ഡങ്ങളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റില്‍ ഇംഗ്ലീഷ് വലിയ അക്ഷരങ്ങളും അക്കങ്ങളും മാത്രമേ ഉപയോഗിക്കാന്‍ പാടുളളൂ. മറ്റ് ഒന്നും തന്നെ നമ്പര്‍ പ്ലേറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തിലെ ഭേദഗതികളോടെയാണ് സര്‍ക്കാര്‍ വിജ്ഞാപനം. 

11 വിഭാഗങ്ങളിലുളള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ മാറ്റങ്ങളാണ് നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. നമ്പര്‍ പ്ലേറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന അക്കങ്ങളുടെയും അക്ഷരങ്ങളുടെയും കാര്യത്തില്‍ വ്യക്തമായ നിബന്ധനയുണ്ട്.  അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും ഉപയോഗിക്കുന്ന കളര്‍ കോഡില്‍ അടക്കം വലിയ പരിഷ്‌കാരങ്ങളാണ് വരുത്തിയത്.

നമ്പര്‍ പ്ലേറ്റില്‍ അക്കങ്ങളുടെയും അക്ഷരങ്ങളുടെയും വലിപ്പത്തിലും നിയന്ത്രണമുണ്ട്. ഇരുചക്ര, മുചക്ര വാഹനങ്ങള്‍ ഒഴികെയുളളവയ്ക്ക് 65 എംഎം, 10, 10 എന്ന നിലയിലാണ് വീതിയും നീളവും നിഷ്‌കര്‍ഷിക്കുന്നത്. നമ്പര്‍ പ്ലേറ്റുകള്‍ക്ക് സമാനത വേണം. വായിക്കാന്‍ കഴിയുന്ന വിധമായിരിക്കണം നമ്പര്‍ പ്ലേറ്റ്. ഇംഗ്ലീഷ് വലിയ അക്ഷരം, അക്കങ്ങള്‍ എന്നിവയ്ക്കു പുറമേ മറ്റൊന്നും നമ്പര്‍ പ്ലേറ്റില്‍ അനുവദിക്കില്ല. പ്രാദേശിക ഭാഷയിലും മറ്റും രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പതിവുണ്ട്. ഇത് നിയമഭേദഗതി അനുസരിച്ച് നിയമവിരുദ്ധമാണ്. 

പുതിയ വാഹനങ്ങള്‍ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്ത് ഓടിക്കുന്നത് പതിവാണ്. ഇത് പലപ്പോഴും ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്. ഇതെല്ലാം കണക്കിലെടുത്താണ് താത്കാലിക രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുവദിക്കേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നില്‍.

മാത്രമല്ല വ്യവസ്ഥകള്‍ പാലിച്ച് മാത്രമേ വിഐപി നമ്പറുകള്‍ ലേലം ചെയ്യാന്‍ പാടുളളൂവെന്നും പുതിയ നിര്‍ദ്ദേശങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു

click me!