ജീപ്പ് കൊണ്ട് കട്ടില്‍, ബെന്‍സ് കൊണ്ട് കിടക്ക; അടിമുടി വെറൈറ്റിയാണ് ഈ ഓട്ടോ ഹോട്ടല്‍!

By Web TeamFirst Published Aug 3, 2021, 6:43 PM IST
Highlights

യഥാർത്ഥ കാർ ഭംഗിയായി മുറിച്ചെടുത്താണ് ഈ ഹോട്ടലിലെ കട്ടിൽ തയ്യാറാക്കിയിരിക്കുന്നത്.  മുറിയിലെ മേശ, കസേര, തുടങ്ങിയവയ്ക്ക് കാർ ആണ് തീം

കുട്ടിക്കാലത്ത്, നിങ്ങൾ ഒരു കളിപ്പാട്ടക്കാറിനെ സ്നേഹിച്ചിരുന്ന കാലത്ത്,  ഒരുപക്ഷേ ഒരു റേസ് കാറിന്‍റെ ആകൃതിയിലുള്ള ഒരു കളിപ്പാട്ട കിടക്കയിൽ നിങ്ങള്‍ ഉറങ്ങിയിരുന്നിരിക്കാം. എന്നാല്‍ മുതിര്‍ന്നതിന് ശേഷം അത്തരമൊരു അനുഭവം ലഭിച്ചാലോ? ചിന്തിക്കാന്‍ പറ്റുന്നുണ്ടാകില്ല അല്ലേ? എന്നാല്‍ അങ്ങനൊരു സ്ഥലമുണ്ട്. ഒരു ഹോട്ടലാണത്. ജർമനിയിലെ സ്റ്റട്ട്ഗാർട്ടിലുള്ള V8 എന്നു പേരുള്ള ഒരു ഹോട്ടലാണ് വാഹനപ്രേമികള്‍ക്കിടയില്‍ വൈറലാകുന്നത്. പേരിലെ V8 എഞ്ചിന്‍ സൂചിപ്പിക്കുന്നത് പോലെ ഒരു കാർ ലോകമാണ് V8 ഹോട്ടൽ എന്നാണ് കാര്‍ബസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. വണ്ടിപ്രേമികൾക്കായി പ്രത്യേകം തയ്യാറാക്കിയ 26 മുറികളാണ് ഈ V8 ഹോട്ടലിൽ ഉള്ളതെന്നും കാര്‍ബസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

2018 -ൽ ആരംഭിച്ചതുമുതൽ ഓട്ടോ പ്രേമികൾക്കിടയിൽ വളരെ പ്രചാരത്തിലുണ്ട് ഈ ഹോട്ടല്‍. ഒരേ സമുച്ചയത്തിൽ രണ്ട് വി 8 ഹോട്ടലുകൾ ഉണ്ട്. 1920 കളിൽ വുർട്ടാംബർഗ് സ്റ്റേറ്റ് എയർപോർട്ടിന്റെ താമസസ്ഥലമായി നിർമ്മിച്ചതാണ് ഒരെണ്ണമെങ്കില്‍ മറ്റൊന്ന് 2018 ജനുവരിയിൽ നിർമ്മിച്ചതാണ്. രണ്ടിലും കാർ കിടക്കകളുള്ള ഓട്ടോ-തീം റൂമുകളുണ്ട്.  പ്രശസ്‍തമായ ഓരോ കാറുകളുടെ തീമിലാണ് ഓരോ മുറികളും ഒരുക്കിയിരിക്കുന്നത്. ഓരോ മുറിയ്ക്കും ഓരോ തീം ആണ്. 

യഥാർത്ഥ കാർ ഭംഗിയായി മുറിച്ചെടുത്താണ് കട്ടിൽ തയ്യാറാക്കിയിരിക്കുന്നത്. അതുപോലെ മുറിയിലെ മേശ, കസേര, തുടങ്ങിയവയ്ക്ക് കാർ ആണ് തീം. ചുവരിൽ തൂക്കിയിരിക്കുന്ന ചിത്രങ്ങളും അലങ്കാരങ്ങളും എല്ലാം ഓരോ കാറിന്റെയും കാലഘട്ടത്തിന്റെ തീം അനുസരിച്ചാണ്. ഇവിടെത്തുന്നവർക്ക് തങ്ങൾക്ക് ഇഷ്‍ടമുള്ള കാർ കിടക്കകളും തീമുകളും തിരഞ്ഞെടുക്കാം.

സിട്രോൺ ഡിഎസ് ബെഡ്, കാഡിലാക് ബെഡ്, ഓഫ് റോഡ് പ്രേമികൾക്കായി ജീപ്പ് റാഗ്ലർ ബെഡ് എന്നിവയുണ്ട്. മെഴ്‌സിഡസ്, ബി‌എം‌ഡബ്ല്യു ബ്രാൻഡുകളുടെ ക്ലാസിക് കാർ കിടക്കകളും ഹോട്ടലിലുണ്ട്. ഒരു മുറിയിൽ ഒരു ബിഎംഡബ്ല്യു ഇ 36 ൽ നിർമ്മിച്ച ഒരു കിടക്കയുണ്ട്. ബി‌എം‌ഡബ്ല്യുവിന്റെ വിഖ്യാതമായ ഇ36 എം3യിൽ ലിക്വി മോളി ലിവറി ഉപയോഗിച്ച് നിർമ്മിച്ച ഈ ബെഡ് ഏതൊരു വാഹനപ്രേമിയെയും ആകർഷിക്കും. മോറിസ് മൈനർ കാർ വർക്ക് ഷോപ്പ് തീമായ മുറിയും V8 ഹോട്ടലിൽ ഉണ്ട്.

ഓഫ്-റോഡ് പ്രേമികൾക്കായുള്ള മുറിക്കായാണ് ജീപ്പ് റാംഗ്ലറിനെ ഉപോയഗിക്കുന്നത്.  ഒരു വർക്ക്‌ഷോപ്പ് രീതിയിലുള്ള മുറിയില്‍ നിങ്ങള്‍ക്ക് ഒരു ജാക്കഡ്-മോറിസ് മൈനറിൽ ഉറങ്ങാം. 1970 കളിലെ ആൽഫ റോമിയോയിൽ നിന്ന് നിർമ്മിച്ച ഒരു കിടക്ക ഉപയോഗിച്ച് ആൽഫ റോമിയോയുടെ റേസിംഗ് ചരിത്രം ആഘോഷിക്കുന്ന ഇറ്റാലിയൻ റേസിംഗ് തീം റൂമും ഉണ്ട്.

നിങ്ങൾ V8 ഹോട്ടലിൽ താമസിക്കുമ്പോൾ, കമ്പനിയുടെ ഡ്രൈവ് ഇറ്റ് പ്രോഗ്രാം ഒരു ടെസ്റ്റ് ഡ്രൈവിനായി ഒരു മെഴ്‌സിഡസ്-എഎംജി സി 63 എസ്, ടെസ്‌ല മോഡൽ എക്സ് അല്ലെങ്കിൽ പോർഷെ 911 ടർബോ എടുക്കാൻ നിങ്ങളെ അനുവദിക്കുന്ന പാക്കേജും ഉണ്ട്.

കുടുംബസമേതം ഈ ഹോട്ടലിൽ താമസിക്കാന്‍ എത്തുമ്പോള്‍ കുടുംബത്തിലെ ഒരംഗത്തിന് നിങ്ങളെപ്പോലെ കാറുകളോട് വലിയ താല്‍പ്പര്യമില്ലെങ്കില്‍ കാർ തീമുകളില്ലാത്ത സ്റ്റാൻഡേർഡ് റൂമുകളും വി 8 ഹോട്ടൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ V8- തീമും ഉള്ള ഒരു മുറിക്ക് ഒരു രാത്രിക്ക് 184 യൂറോയും കൂടുതൽ ആഡംബരമുള്ള V12 മെഴ്‌സിഡസ് സ്യൂട്ടിന് ഒരു രാത്രിക്ക് 655 യൂറോയും ചെലവാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!