"പെണ്ണുകാണലിനെ വെല്ലും പയ്യന്‍റെ വണ്ടികാണല്‍.." കല്യാണക്കമ്പോളത്തിലെ വണ്ടിക്കച്ചവടങ്ങള്‍!

By Prashobh PrasannanFirst Published Jun 25, 2021, 12:05 PM IST
Highlights

സ്‍ത്രീധനമായി കിട്ടിയ കാറിനൊച്ചൊല്ലി മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‍പെക്ടറായ ഭര്‍ത്താവ് പീഡിപ്പിച്ച വിസ്‍മയ എന്ന 24കാരി ഇപ്പോഴും കേരളത്തിന്‍റെ നെഞ്ചില്‍ തൂങ്ങിയാടുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിവാഹത്തിന് മുമ്പുള്ള വണ്ടിക്കച്ചവടങ്ങളെക്കുറിച്ച് സംസ്ഥാനത്തെ വിവിധ വാഹന ഡീലര്‍മാരുമായും സെയില്‍സ് എക്സിക്യൂട്ടീവുമാരുമായും സര്‍വ്വീസ് സെന്‍റര്‍ ജീവനക്കാരുമായുമൊക്കെ സംസാരിച്ച ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് അമ്പരപ്പിക്കുന്ന ചില കഥകളാണ് ലഭിച്ചത്

കേരളത്തിന്‍റെ നെഞ്ചകത്ത്, വിസ്‍മയ എന്ന 24കാരി സ്‍ത്രീധനക്കയറില്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറച്ചായി. സ്‍ത്രീധനമായി കിട്ടിയത് ഇഷ്‍ടമുള്ള കാറല്ലന്നും കിട്ടിയ കാറിന് മൈലേജ് ഇല്ലെന്നും സിസി ഉണ്ടെന്നുമൊക്കെ പറഞ്ഞ് ഭാര്യയെ പീഡിപ്പിച്ച് മരണക്കുരുക്കില്‍ തൂക്കിയിട്ട ഭര്‍ത്താവ് കിരണ്‍കുമാര്‍ മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. എഎംവിഐ സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായെങ്കിലും തൊപ്പി തെറിച്ച അയാളിപ്പോള്‍ ഇരുമ്പഴിക്കുള്ളിലാണ്.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ വാഹന ഡീലര്‍മാരുമായും സെയില്‍സ് എക്സിക്യൂട്ടീവുമാരുമായും സര്‍വ്വീസ് സെന്‍റര്‍ ജീവനക്കാരുമായുമൊക്കെ സംസാരിച്ച ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് അമ്പരപ്പിക്കുന്ന ചില കഥകളാണ് ലഭിച്ചത്. ഒപ്പം, വിസ്‍മയ എന്ന യുവതി സമൂഹമനസാക്ഷിയെ ചുട്ടുപൊള്ളിക്കുന്നതിനിടയിലും വിവാഹക്കമ്പോളത്തിലെ വണ്ടിക്കച്ചവടങ്ങള്‍ പൊടിപൊടിക്കുന്നുണ്ടെന്ന യാതാര്‍ത്ഥ്യവും! ആ കഥകളിലേക്ക്.

സ്വര്‍ണ്ണത്തേക്കാള്‍ ലാഭം
ഒരുമാസം സംസ്ഥാനത്ത് വില്‍ക്കുന്ന 10 വാഹനങ്ങളില്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും വിവാഹം കഴിക്കുന്ന പുരുഷനുള്ള പെണ്‍വീട്ടുകാരുടെ വക സമ്മാനമാണെന്നാണ് വിവിധ വണ്ടിക്കമ്പനികളുടെ വിവിധ ഡീലര്‍ഷിപ്പുകളിലെ ഭൂരിഭാഗം സെയില്‍സ് എക്സിക്യൂട്ടീവുമാരും സാക്ഷ്യപ്പെടുത്തുന്നത്. 10 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലുള്ള വാഹനങ്ങള്‍ക്കാണ് വിവാഹ കമ്പോളത്തില്‍ ഡിമാന്‍ഡ് കൂടുതല്‍. അടുത്തകാലത്താണ് വിവാഹ മാര്‍ക്കറ്റില്‍ വാഹനങ്ങള്‍ക്ക് ഇത്ര പ്രിയമേറിയതെന്നും സെയില്‍സ് എക്സിക്യൂട്ടീവുമാര്‍ പറയുന്നു. സാധാരണയായി ഉത്സവകാലമാണ് വാഹന വിപണിയുടെ സുവര്‍ണ്ണകാലം. ഇപ്പോള്‍ ഉത്സവ സീസണിനോട് തൊട്ടടുത്ത് നില്‍ക്കുന്നത് വിവാഹ സമ്മാനങ്ങളായിട്ടുള്ള വണ്ടിക്കച്ചവടങ്ങളാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.  

"സ്വര്‍ണ്ണം വാങ്ങുന്നതിനേക്കാള്‍ ഒരു കാര്‍ വാങ്ങിക്കുന്നതാണ് ലാഭം എന്നാണ് ഇപ്പോള്‍ പല രക്ഷിതാക്കളും പറയുന്നത്. മുമ്പ് 50 പവന്‍ സ്വര്‍ണ്ണം വാങ്ങി നല്‍കിയിരുന്നവര്‍ ഇപ്പോള്‍ 30 പവനും സിസിയിട്ട് ഒരു കാറും വാങ്ങി നല്‍കും.."

എറണാകുളത്തെ കാര്‍ ഷോറൂമിലെ ഒരു ജീവനക്കാരന്‍ പറയുന്നു. വരന്‍റെ വീട്ടുകാര്‍, പ്രത്യേകിച്ചും തെക്കന്‍ കേരളത്തിലെ വരന്മാര്‍ സ്വര്‍ണ്ണം ഒഴിവാക്കി പകരം കാര്‍ തന്നെ ചോദിച്ചുവാങ്ങുന്ന പ്രവണത കൂടിയതായി തലസ്ഥാന നഗരിയിലെ ഒരു ഡീലര്‍ഷിപ്പിലെ ജീവനക്കാരനും സാക്ഷ്യപ്പെടുത്തുന്നു. ടെക്കികളായ പയ്യന്മാര്‍ക്കാണ് സ്വര്‍ണ്ണത്തേക്കാള്‍ വാഹനക്കമ്പമെന്നും ഈ ജീവനക്കാരന്‍ പറയുന്നു. പൊതുഗതാഗത മാര്‍ഗ്ഗങ്ങളെ ആശ്രയിക്കാതെ മകളും മരുമകനും സുരക്ഷിതമായി യാത്ര ചെയ്യട്ടെ എന്ന ചിന്തയും പല രക്ഷിതാക്കളെയും ഇങ്ങനൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും വാഹനമേഖലയില്‍ ഉള്ളവര്‍ പറയുന്നു.

വണ്ടികാണലൊരു ചടങ്ങാണ് സാറേ..

"പയ്യന്മാരാണ് ആദ്യം വണ്ടി കാണാന്‍ വരുന്നത്. കൂടെ കൂട്ടുകാരും ഉണ്ടാകും.."

പെണ്ണുകാണല്‍ ചടങ്ങിനെ വെല്ലുന്ന വണ്ടികാണല്‍ ചടങ്ങിനെപ്പറ്റി തിരുവനന്തപുരത്തെ ഒരു പ്രമുഖ കാര്‍ ഷോറൂമിലെ ജീവനക്കാരന് പറയാനുള്ള കൌതുകം നിറഞ്ഞ കാര്യങ്ങളാണ്. തനിക്ക് വേണ്ട വണ്ടി മോഡല്‍ ഏതെന്ന് ഭാവിഭാര്യ വഴി അവളുടെ വീട്ടില്‍ അറിയിക്കുകയാകും പല പയ്യന്മാരും ആദ്യം ചെയ്യുന്നത്. പിന്നെ ഷോറൂമിലേക്കുള്ള വരവാണ്. ഫുള്‍ ഓപ്‍ഷന്‍ വണ്ടി തന്നെ വേണമെന്ന് മനസില്‍ ഉറപ്പിച്ചായിരിക്കും വാഹന ഷോറൂമിലേക്കുള്ള പയ്യന്‍റെ വരവ്. പലരും സുഹൃത്തുക്കളുടെ പടയുമായിട്ടായിരിക്കും വരുന്നത്. വാഹനമൊക്കെ കണ്ട ശേഷം പിറ്റേന്ന് ഭാവി ഭാര്യാപിതാവിനൊപ്പം താന്‍ വീണ്ടും വരുമെന്നും അപ്പോള്‍ ഫുള്‍ ഓപ്‍ഷനാണ് മികച്ചതെന്ന് അദ്ദേഹത്തെ പറഞ്ഞ് സമ്മതിപ്പിക്കണമെന്നും സെയില്‍സ്‍മാനോട് ശട്ടം കെട്ടും, ശേഷം പയ്യനും സംഘവും മടങ്ങും. ഇതിനിടെ മകള്‍ വഴി അറിഞ്ഞ, ഭാവിമരുമകന്‍ ആവശ്യപ്പെടുന്ന വണ്ടിക്കുള്ള അന്വേഷണവുമായി പെണ്‍കുട്ടിയുടെ പിതാവും ഇതേ ഡീലര്‍ഷിപ്പിനെ തന്നെ സമീപിച്ചുണ്ടാകും. പലപ്പോഴും പയ്യനെ ഡീല്‍ ചെയ്‍ത സെയില്‍സ്‍മാന്‍റെ മുന്നില്‍ തന്നെയാകും ഇദ്ദേഹവും വന്നെത്തുക. പയ്യന്‍ പറഞ്ഞ വാഹനത്തിന്‍റെ വിലകുറഞ്ഞ മിഡില്‍ ഓപ്‍ഷന്‍ പതിപ്പോ മറ്റോ ആയിരിക്കും അദ്ദേഹത്തിന്‍റെ മനസില്‍.

എന്നാല്‍ ഭാവിഭാര്യാപിതാവും മരുമകനും കൂടി ഒരുമിച്ചെത്തി വണ്ടി കണ്ട് മടങ്ങിക്കഴിഞ്ഞ ശേഷമായിരിക്കും സെയില്‍സ്‍മാന്‍ പാടുപെടുക. കാരണം, ഇരുവരുടെയും മനസിലുള്ള മോഡലുകളുടെ ഗുണഗണങ്ങള്‍ അന്യനെ ധരിപ്പിക്കണമെന്ന് പറഞ്ഞ് ഇരുവരും സെയില്‍സ്‍മാനെ വിളിച്ചുകൊണ്ടേയിരിക്കും. കടലിനും ചെകുത്താനുമിടയില്‍പ്പെട്ട പാവം സെയില്‍സ്‍മാനാകട്ടെ ചക്രശ്വാസംവലിക്കും!

ആക്സസറികളിലെ വില പേശല്‍
ചില പെണ്‍വീട്ടുകാര്‍ വാഹനത്തിന്‍റെ ആക്സസറികള്‍ കുറയ്ക്കാന്‍ ആവശ്യപ്പെടും. ഒന്നും നല്‍കേണ്ട, കാലി വണ്ടി മാത്രം നല്‍കിയാല്‍ മതിയെന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ പെണ്‍വീട്ടുകാര്‍ അറിയാതെ ഡീലര്‍ഷിപ്പില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന വിരുതന്മാരായ ചില കല്യാണ പയ്യന്മാരാകാട്ടെ ഈ ആക്സസറി നഷ്‍ടത്തെ ചെറുക്കാന്‍ പല അടവുകളും ഇറക്കും. ഇതിനിടെ ഡിസ്‍കൌണ്ട് തേടി പല ഡീലര്‍ഷിപ്പുകളിലായി കയറിയിറങ്ങി നടക്കുന്ന പെണ്‍വീട്ടുകാരാകട്ടെ മറ്റൊരു ഡീലര്‍ഷിപ്പില്‍ പോയി കച്ചവടം ഉറപ്പിച്ചിട്ടുമുണ്ടാകും. അപ്പോഴും പയ്യന്‍റെയും സുഹൃത്തുക്കളുടെയും ചീത്തവിളി കേള്‍ക്കാനായിരിക്കും സെയില്‍സ്‍മാന്‍റെ വിധി.

ബുക്ക് ചെയ്‍ത സമയത്ത് പറഞ്ഞ വിലയില്‍ നിന്ന് ചെറിയ മാറ്റം പോലും വണ്ടി ഡെലിവറി ചെയ്യുമ്പോള്‍ സംഭവിച്ചാല്‍ സഹിക്കാനാകാത്തവരും ഉണ്ട്. റോഡ് ടാക്സിലൊക്കെ ചെറിയ വ്യത്യാസങ്ങള്‍ വരുമ്പോഴും കമ്പനി വില കൂട്ടുമ്പോഴുമൊക്കെ ഇങ്ങനെ സംഭവിക്കാം. എന്നാല്‍ ഇങ്ങനെ കൂടുന്ന 250 രൂപയ്ക്ക് പോലും കണക്കുപറയുന്നവരുണ്ട്. മറ്റ് ഉപഭോക്താക്കളെക്കാള്‍ വിവാഹ സമ്മാനമായി വണ്ടി വാങ്ങാന്‍ എത്തുന്നവരാണ് ഈ ഇടുങ്ങിയ ചിന്താഗതിക്കാരെന്നും തെക്കന്‍ കേരളത്തിലാണ് ഇത്തരം വില പേശലുകളും മറ്റും കൂടുതലും നടക്കുന്നതെന്നുമാണ് ഈ മേഖലയിലെ പലരും സാക്ഷ്യപ്പെടുത്തുന്നത്.

ടെക്കികളുടെ പ്രണയം, നഷ്‍ടം സെയില്‍സ്‍മാന്‍റെ മൂന്നുമാസത്തെ ശമ്പളം!
തലസ്ഥാനത്തെ തന്നെ ഒരു സെയില്‍സ്‍മാന്‍റെ അനുഭവം കേള്‍ക്കുക. കഴക്കൂട്ടത്ത് ടെക്കികളായ രണ്ട് യുവതീ യുവാക്കളുടെ വിവാഹം നിശ്ചയിച്ചു. പ്രണയമായിരുന്നിട്ടു കൂടി കറുത്ത നിറത്തിലുള്ള ഒരു ജനപ്രിയ കോംപാക്ട് എസ്‍യുവി ആയിരുന്നു പയ്യന്‍റെ ആവശ്യം. നല്‍കാമെന്ന് പെണ്ണിന്‍റെ അധ്യാപകനായ അച്ഛന്‍ സമ്മതിക്കുകയും ഷോറൂമിലെത്തി വണ്ടി ബുക്ക് ചെയ്യുകയും ചെയ്‍തു. എന്നാല്‍ പറഞ്ഞ ദിവസം ചെന്നൈയിലെ പ്ലാന്‍റില്‍ നിന്ന് വണ്ടി എത്തിയില്ല. പകരം വേറൊരു നിറത്തിലുള്ള വണ്ടി തരാമെന്നും കറുത്തത് കിട്ടണമെങ്കില്‍ ഇനിയും രണ്ടാഴ്‍ചയോളം വൈകുമെന്നുമായിരുന്നു അറിയിപ്പ്.  കാര്യമറിഞ്ഞ പിതാവ് നിലവിളിയുമായി ഡിലര്‍ഷിപ്പില്‍ എത്തി. കറുപ്പ് തന്നെ വേണമെന്ന വാശിയിലാണത്രെ പയ്യന്‍, ഇല്ലെങ്കില്‍ വിവാഹം നടക്കില്ല. ഒടുവില്‍ ഒന്നരലക്ഷം രൂപ അധികം അടച്ചാല്‍ അതേ നിറത്തിലുള്ള വണ്ടി ഉടന്‍ നല്‍കാമെന്ന് ഡീലര്‍ഷിപ്പിനോട് നിര്‍മ്മാതാവ് പറഞ്ഞു. സെയില്‍സ്‍മാന്‍ ഇത് പിതാവിനെ അറിയിച്ചു.

ഒരുലക്ഷം രൂപ താന്‍ നല്‍കാമെന്നും ബാക്കി താര്‍ ഇപ്പോള്‍ ഒരു നിവര്‍ത്തിയും ഇല്ലെന്നും എന്തെങ്കിലും ചെയ്‍ത് തരണമെന്നും പിതാവ് സെയില്‍സ്‍മാനോട് കെഞ്ചി. മനസലിഞ്ഞ സെയില്‍സ്‍മാന്‍ കച്ചവടം ഉഴപ്പേണ്ടെന്നു കൂടി കരുതി നമുക്ക് നോക്കാം എന്നു തട്ടിവിട്ടു. കച്ചവടം നടക്കാന്‍ ഡീലര്‍ എന്തെങ്കിലും കനിയുമെന്നായിരുന്നു അപ്പോള്‍ സെയില്‍സ്‍മാന്‍റെ പ്രതീക്ഷ. എന്നാല്‍ വാക്ക് പറഞ്ഞ ശേഷം ഡീലര്‍ കൈമലര്‍ത്തി. ഒരു പെണ്ണിന്‍റെ ജീവിതം വച്ച് കളിക്കരുതെന്ന് ഒപ്പമുള്ള പലരും കുറ്റപ്പെടുത്തിയതോടെ മുഴുവന്‍ ഉത്തരവാദിത്വവും പാവം സെയില്‍സ്‍മാന്‍റെ തലയിലായി. അങ്ങനെ പലരോടായി കടം വാങ്ങി ബാക്കിയുള്ള 50000 രൂപ തുച്ഛശമ്പളക്കാരനായ ആ യുവാവ് അടച്ചു, വണ്ടി കിട്ടി കല്യാണവും ഭംഗിയായി നടന്നു. ഇനിയാണ് ആന്‍റി ക്ലൈമാക്സ്. താനടച്ച പൈസയുടെ കുറച്ചെങ്കിലും തരാമോ എന്ന് ചോദിച്ച് ഒരുദിവസം സെയില്‍സ്‍മാന്‍ പെണ്ണിന്‍റെ പിതാവിനെ വിളിച്ചു. കേട്ടാല്‍ അറയ്ക്കുന്ന ചീത്തവിളിയും  ഭീഷണികളുമായിരുന്നു ആ അധ്യാപകന്‍ അതിന് നല്‍കിയ മറുപടി. ഇതും പറഞ്ഞ് ആ സെയില്‍സ്‍മാന്‍ നൊമ്പരം നിറഞ്ഞ ഒരു ചിരിയോടെ ഇങ്ങനെ കൂടി പറയുന്നു:

"ആ ടെക്കി ദമ്പതികള്‍ നല്ല നിലയില്‍ ജീവിച്ചാല്‍ മതിയായിരുന്നു.."

 

(തുടരും)

നാളെ - വണ്ടി വെടക്കാക്കിയ വടക്കന്‍ ഭാര്യവീട്ടീല്‍ നിന്ന് പുറത്തായി!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!