ഹെക്ടറിനെ കഴുത വണ്ടിയാക്കിയ വീഡിയോ വൈറല്‍, ഉടമക്കെതിരെ ചൈനീസ് കമ്പനി!

By Web TeamFirst Published Dec 7, 2019, 10:17 PM IST
Highlights

എംജി ഹെക്ടറിനെ ഒരു കഴുതയെ ഉപയോഗിച്ച് കെട്ടിവലിക്കുന്നതാണ് വീഡിയോ. കഴുത വണ്ടി എന്ന് വലിയ അക്ഷരത്തിലും ഇതൊരു മൃഗമാണെന്നുമൊക്കെ എഴുതിയ പോസ്റ്ററും  കാറിന്‍റെ വശങ്ങളിലുണ്ടായിരുന്നു

ഉദയ്പുര്‍: ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവി വിപണിയിലും നിരത്തിലും മികച്ച പ്രകടനവുമായി മുന്നേറുകയാണ്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട ഹെക്ടറിന്‍റെ ഒരു വീഡിയോ വാഹനപ്രേമികള്‍ അമ്പരപ്പോടെയാണ് കണ്ടത്. എംജി ഹെക്ടറിനെ ഒരു കഴുതയെ ഉപയോഗിച്ച് കെട്ടിവലിക്കുന്നതാണ് വീഡിയോ. കഴുത വണ്ടി എന്ന് വലിയ അക്ഷരത്തിലും ഇതൊരു മൃഗമാണെന്നുമൊക്കെ എഴുതിയ പോസ്റ്ററും  കാറിന്‍റെ വശങ്ങളിലുണ്ടായിരുന്നു.

ഉദയ്പൂര്‍ സ്വദേശിയായ വിശാല്‍ പഞ്ചോളി എന്ന ഹെക്ടര്‍ ഉടമയായിരുന്നു ഈ വീഡിയോയ്ക്ക് പിന്നില്‍. എംജിയില്‍ നിന്നും  തനിക്ക് നേരിട്ട ദുരനുഭവമാണ് ഈ വീഡിയോയില്‍ പറയുന്നതെന്നായിരുന്നു വിശാലിന്‍റെ ഭാഷ്യം. തന്റെ പുതിയ ഹെക്ടറിന് ക്ലച്ചില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഇതു കമ്പനിയെ അറിയിച്ചപ്പോള്‍ പരിഹരിച്ചു തരാന്‍ തയാറാല്ലെന്നു മാത്രമല്ല, തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് അദ്ദേഹത്തിന്‍റെ ആരോപണം. വൈറായ വീഡിയോ ഇതുവരെ ലക്ഷങ്ങളാണ് കണ്ടത്.

എന്നാല്‍ ഈ വാഹനയുടമക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എംജി മോട്ടോര്‍ ഇന്ത്യ എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഈ അപകീര്‍ത്തി പ്രചാരണം തടയാന്‍ ഉപഭോക്താവിനെതിരെ നടപടികളാരംഭിച്ചിട്ടുണ്ടെന്ന് എംജി വ്യക്തമാക്കി. ഉപഭോക്താവിന് പ്രഥമ പരിഗണന നല്‍കുക എന്നതാണ് കമ്പനിയുടെ നയം. പ്രശ്നം പരിഹരിച്ച് ഉപഭോക്താവിന് പരാമവധി സംതൃപ്തി ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടും നിക്ഷിപ്ത താല്‍പര്യവുമായി ഇദ്ദേഹം കമ്പനിയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നുമാണ് കമ്പനി പറയുന്നത്. ഇതു തുടരുന്ന സാഹചര്യത്തില്‍ തടയാന്‍ ആവശ്യമായ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും എംജി മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കുന്നു.

കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. അവതരിപ്പിച്ച അന്നുമുതല്‍ വിപണിയിലെ ഹീറോയാണ് ഹെക്ടര്‍. 2019 നവംബറില്‍ മാത്രം 3239 ഹെക്ടറുകളാണ് നിരത്തിലെത്തിയത്. നേരത്തെ ഹെക്ടറിന്റെ ഉൽപ്പാദനം 10,000 പിന്നിട്ടതായി എം ജി മോട്ടോർ ഇന്ത്യ അറിയിച്ചിരുന്നു. ഉത്പാദനശേഷിയെക്കാൾ കൂടുതൽ ബുക്കിങ് ലഭിച്ചതിനെ തുടർന്ന് ജൂലൈ അവസാനം താൽക്കാലികമായി നിർത്തിവെച്ച‌ിരുന്ന ഹെക്ടറിന്റെ ബുക്കിംഗ് ഒക്ടോബർ ഒന്നുമുതലാണ് കമ്പനി വീണ്ടും സ്വീകരിച്ചു തുടങ്ങിയിരുന്നു.

30,000 - 40,000 രൂപയുടെ വില വർധനവോടെയാണ് ബുക്കിംഗ് വീണ്ടും തുടങ്ങിയത്. എന്നിട്ടും വാഹനത്തിന് ജനം ക്യൂവാണെന്നുള്ളതാണ് രസകരം. അവതരണം കഴിഞ്ഞ് അഞ്ചു മാസത്തോളമാകുമ്പോൾ 42,000 പേരാണു ഹെക്ടർ ബുക്ക് ചെയ്തു കാത്തിരിക്കുന്നത്.

ഒറ്റദിവസം 700 ഹെക്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി നേരത്തെ കമ്പനി റെക്കോഡിട്ടിരുന്നു. ദീപാവലി ആഘോഷങ്ങളുടെ ആദ്യദിനമായ ധനത്രയോദശി ദിവസമാണ് ഒറ്റയടിക്ക് ഇത്രയും വാഹനങ്ങള്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് കൈമാറിയത്. അന്ന് ദില്ലിയില്‍ മാത്രം 200 യൂണിറ്റുകളും  മറ്റ് 500 വാഹനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് വിറ്റത്.

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.  

അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്.   വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് വാഹനം എത്തുന്നത്.  12.48 ലക്ഷം മുതൽ 17.28 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവരാണ് ഹെക്ടറിന്‍റെ മുഖ്യ എതിരാളികള്‍.

ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്‌യുവിയായാണ് ഹെക്ടര്‍.  4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്.  2,750 mm ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട്. ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്.

പ്രാരംഭ മോഡലാണ് സ്‌റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും. പെട്രോള്‍ പതിപ്പുകളില്‍ ഹൈബ്രിഡ് ടെക്‌നോളജി പിന്തുണയുമുണ്ടാകും. മുന്‍ വീല്‍ ഡ്രൈവായാണ് ഹെക്ടര്‍ മോഡലുകള്‍ വിപണിയിലെത്തുക.

എഫ്‌സിഎയില്‍ നിന്നും കമ്പനി കടമെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 14.1 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ ഹെക്ടര്‍ പെട്രോള്‍ മാനുവല്‍ മോഡല്‍ കാഴ്ച്ചവെച്ചത്.  പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ 13.9 കിലോമീറ്ററും ഡീസല്‍ മാനുവല്‍ മോഡല്‍ 17.4 കിലോമീറ്ററുമാവും ഇന്ധനക്ഷമത. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങള്‍ എംജി ഹെക്ടറില്‍ ഒരുങ്ങും.

click me!