Auto Driver : അമ്പരന്ന നാട്ടുകാര്‍ ചോദിക്കുന്നു, ആ ഓട്ടോ ഓടിച്ചത് മനുഷ്യനോ അതോ അമാനുഷിക ശക്തിയോ?!

By Web TeamFirst Published Dec 9, 2021, 1:18 PM IST
Highlights

സംസ്ഥാനത്തെ ഒരു റോഡില്‍ നിന്നും അടുത്തിടെ സിസിടിവിയില്‍ പതിഞ്ഞ അമ്പരപ്പിക്കുന്ന ചില ദൃശ്യങ്ങള്‍. അമാനുഷികാനായൊരു ഓട്ടോറിക്ഷാ ഡ്രൈവറുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ട്ടോറിക്ഷാ ഡ്രൈവർമാർ ( Auto Rickshaw Drivers) പലപ്പോഴും പരുക്കന്‍ ഡ്രൈവിംഗുമായി ബന്ധപ്പെട്ട് പഴി രേള്‍ക്കുന്നവരാണ്. ഇത് തെളിയിക്കുന്ന നിരവധി വീഡിയോകൾ യൂട്യൂബിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലുമൊക്കെ വൈറലുമാണ്. മിക്ക മെട്രോ നഗരങ്ങളിലും അമിതവേഗത്തിൽ ഓടുന്ന ഓട്ടോറിക്ഷകള്‍ ( Auto Rickshaw) വളരെ സാധാരണമായ കാഴ്‍ചയാണ്. സിഗ്നല്‍ നല്‍കാതെ പെട്ടെന്ന് വെട്ടിത്തിരിച്ച്  യു-ടേൺ എടുക്കൽ, സഡൻ ബ്രേക്കിംഗ് തുടങ്ങിയവ പോലുള്ള പ്രവചനാതീതമായ നീക്കങ്ങൾക്ക് കുപ്രസിദ്ധരാണ് വിരലില്‍ എണ്ണാവുന്നവരാണെങ്കിലും പല ഓട്ടോക്കാരും. ഈ കാരണങ്ങളാൽ, ഓട്ടോ ഡ്രൈവർമാരെ പലപ്പോഴും അതിമാനുഷര്‍ എന്നും മറ്റും തമാശയായി വിളിക്കാറുണ്ട്. അത് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

കേരളത്തിലെ ഏതോ റോഡില്‍ നിന്നും അടുത്തിടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 'ആൾ ഡ്രൈവേഴ്‍സ് ചങ്ക്‌ ബ്രദേഴ്‍സ്' എന്ന് ഫേസ്ബുക്ക് പേജാണ് ഈ വീഡിയോ പങ്കിട്ടത്. ബസിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ഒരു ഓട്ടോറിക്ഷ  ഇരുചക്രത്തിൽ ഉയർന്ന് ബസിൽ മുട്ടാതെ റോഡിലേക്ക് ലാൻഡ് ചെയ്‍ത് ഒന്നും സംഭവിക്കാത്തതുപോലെ ഓടിച്ചു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഈ വീഡിയോയിലെ ഇടുങ്ങിയ റോഡിൽ ഒരു സ്വകാര്യ ബസിനെ കാണാം. പിന്നാലെ ഒരു ഓട്ടോറിക്ഷ ഉള്‍പ്പെടെ ചില വാഹനങ്ങളും കാണാം. റോഡിൽ അത്യാവശ്യം വാഹനങ്ങളുമുണ്ട്. എതിർവശത്ത് നിന്ന് മോട്ടോർ സൈക്കിളുകളും മറ്റും വരുന്നുണ്ട്. ബസ് മുന്നോട്ട് നീങ്ങി ഒരു ബസ് സ്റ്റോപ്പിന് അടുത്തെത്തിയപ്പോൾ ആകണം ഡ്രൈവർ ബ്രേക്ക് ഇട്ടു.

ഒന്നുകിൽ ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇടുകയോ ഓട്ടോറിക്ഷാ ഡ്രൈവറുടെ ശ്രദ്ധ തെറ്റുകയോ ചെയ്‍തു. എന്തായാലും അപ്പോഴേക്കും ബസ് നിർത്തിയതായി ഓട്ടോ ഡ്രൈവർക്ക് മനസിലായി, സമയം വളരെ വൈകി. ഓട്ടോ ബസിന് പിന്നിലേക്ക് ഇടിച്ചു കയറുമെന്ന് ഉറപ്പായ നിമിഷങ്ങള്‍. അതിശയകരമെന്നു പറയട്ടെ, ഓട്ടോ ഡ്രൈവർ സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു കാര്യം ചെയ്‍തു. അതെന്താണ് എന്നല്ലേ?

ഡ്രൈവര്‍ കൂട്ടിയിടി ഒഴിവാക്കാൻ ഓട്ടോയുടെ ഹാൻഡിൽ വലതുവശത്തേക്ക് വെട്ടിത്തിരിച്ചു. അതോടെ പെട്ടെന്നുള്ള ചലനം മൂലം ബാലൻസ് നഷ്‍ടപ്പെട്ട ഓട്ടോയുടെ പിൻചക്രങ്ങള്‍ വായുവിൽ ഉയർന്നുപൊങ്ങി. പക്ഷേ ഓട്ടോ ഡ്രൈവറുടെ ഭാഗ്യമാകാം വാഹനം മറിയാതെ വായുവിൽ ഉയര്‍ന്നുപൊങ്ങിയ ശേഷം ബസിനെ മറികടന്ന് റോഡിലേക്ക് ലാന്‍ഡ് ചെയ്‍തു.  ബസിൽ ഇടിക്കാതെ തല നാരിഴ്യക്ക് ഒരു രക്ഷപ്പെടല്‍.  അതിനു ശേഷം ഡ്രൈവർ ഓട്ടോ മുന്നോട്ടെടുത്ത് ഓടിച്ചുപോയി.

സംഭവത്തെ ചൊല്ലി ഓട്ടോ റിക്ഷാ ഡ്രൈവറും ബസ് ഡ്രൈവറും തമ്മിൽ പിന്നീട് തർക്കമുണ്ടായോ ഇല്ലയോ എന്ന് വീഡിയോ കാണിക്കുന്നില്ല. ഓട്ടോ ഡ്രൈവറുടെ ഭാഗ്യത്തിനാവണം ഇത്രയും സംഭവിച്ച് കൊണ്ടിരിക്കുന്ന ആ സമയത്ത് എതിര്‍ ദിശയിൽ ഒരു വാഹനം പോലും വന്നില്ല. എതിർവശത്ത് നിന്ന് ഒരു വാഹനം വന്നിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. 

അല്‍പ്പം ദൂരെ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളായതിനാല്‍ ഇക്കാര്യത്തില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് വ്യക്തമല്ല. ബസ് ഡ്രൈവര്‍ക്കും ഓട്ടോ ഡ്രൈവർക്കും തെറ്റ് പറ്റിയതാകാനും സാധ്യതയുണ്ട്. ബസ് നിർത്തുന്നതിന് മുമ്പ് ടേൺ ഇൻഡിക്കേറ്റർ ഇട്ടതായി വീഡിയോയില്‍ കാണുന്നില്ല. ബസിന്‍റെ ടെയിൽ ലാമ്പുകൾ തിളങ്ങുന്നതും കാണാൻ കഴിയുന്നില്ല. എന്തായാലും സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നത്,  ഇടുങ്ങിയ റോഡിൽ ഓട്ടോ റിക്ഷാ ഡ്രൈവർ അമിതവേഗതയില്‍ ആയിരിക്കാം എന്നാണ്. 

ഓട്ടോ ഡ്രൈവര്‍ റോഡിലൂടെ അല്‍പ്പം മെല്ലെ വാഹനം ഓടിച്ചിരുന്നെങ്കിൽ, ബ്രേക്ക് ചെയ്യാൻ മതിയായ സമയം ലഭിക്കുകയും ഈ സാഹചര്യം ഒഴിവാക്കുകയും ചെയ്യാമായിരുന്നു. സംഭവസമയത്ത് ഓട്ടോയിൽ യാത്രക്കാരുണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍. എന്തായാലും സംഭവം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും വിഡിയോ സൂപ്പർ ഹിറ്റാണ്. കൂട്ടിയിടി ഒഴിവാക്കാൻ ഓട്ടോ ഡ്രൈവർ പ്രതികരിച്ച രീതി യഥാർത്ഥത്തിൽ പ്രശംസനീയമാണെന്നും അത് ഒരു അമാനുഷിക പ്രവൃത്തിയിൽ കുറവല്ല എന്നുമാണ് വീഡിയോ കണ്ടവര്‍ പറയുന്നത്.  

 

 

click me!