ഓടിയത് വെറും 10000 കിമീ, കോലിയുടെ കാര്‍ കൊച്ചിയില്‍ വില്‍പ്പനയ്ക്ക്, വില 1.35 കോടി!

By Web TeamFirst Published Sep 22, 2021, 3:22 PM IST
Highlights

പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാർ ആകെ 10,000 കിലോമീറ്ററാണ് ഓടിയിട്ടുള്ളത്. 

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി (Virat Kohli) ഉപയോഗിച്ച കാര്‍ കേരളത്തില്‍ വില്‍പ്പനയ്ക്ക്. അദ്ദേഹം ഉപയോഗിച്ച ശേഷം വിറ്റ ലംബോര്‍ഗിനി (Lamborghini) കാര്‍ ആണ് വില്‍പ്പനയ്ക്കായി കൊച്ചി കുണ്ടന്നൂരിലെ യൂസ്‍ഡ് കാര്‍ ഷോറൂമില്‍ (Used Car Showroom) എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുണ്ടന്നൂര്‍ മരടിലെ റോയല്‍ ഡ്രൈവ് ഷോറൂമിലാണ് (Royal Drive) വാഹനം ഉള്ളത്. 

ഓറഞ്ച് നിറത്തിലുള്ള ഗലാർഡോ സ്പൈഡർ മോഡൽ ലംബോർഗിനി കാറാണിത്. 2013 മോഡൽ ഗലാർഡോ ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കിയതും വിരാട് കോലിയാണ്.  പതിനായിരത്തോളം കിലോമീറ്റര്‍ ഓടിച്ച ശേഷം കോലി വിറ്റ കാര്‍ മറ്റൊരാള്‍ വാങ്ങുകയും പിന്നീട് മുംബൈയില്‍ നിന്ന് കൊച്ചിയില്‍ എത്തിക്കുകയുമായിരുന്നു. ആറ് മാസം മുന്‍പ് കൊച്ചിയില്‍ എത്തിച്ച കാറിന്റെ വില ഒരു കോടി 35 ലക്ഷം രൂപയാണ്. സെലിബ്രിറ്റികള്‍ കൂടുതലും ഉപയോഗിക്കുന്ന ലംബോര്‍ഗിനിയുടെ കണ്‍വേര്‍ട്ടബിള്‍ മോഡല്‍ ആണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 

ആറു മാസം കോഴിക്കോട് ഷോറൂമിലും വാഹനമുണ്ടായിരുന്നു. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാർ ആകെ 10,000 കിലോമീറ്ററാണ് ഓടിയിട്ടുള്ളതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 10 സിലിണ്ടർ എൻജിന്റെ പവർ 560 ബിഎച്ച്പി. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4 സെക്കൻഡിൽ താഴെ സമയം മതി ഈ കാറിന്. 2021 ഡിസംബര്‍ വരെ ഇന്‍ഷുറന്‍സ് വാലിഡിറ്റിയും വാഹനത്തിന് ഉണ്ട്. വിരാട് കോലി ഉപയോഗിച്ചിരുന്ന കാര്‍ ആയതിനാല്‍ തന്നെ വാഹനം നേരില്‍ കാണാന്‍ നിരവധി പേരാണ് ഷോറൂമില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!