വാങ്ങാനാളില്ല; ഈ ഫോക്‌സ് വാഗണ്‍ വണ്ടികള്‍ ഇന്ത്യ വിടുന്നു

By Web TeamFirst Published Apr 12, 2020, 3:24 PM IST
Highlights

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗന്‍റെ അമിയോ, ടിഗ്വാന്‍ മോഡലുകളുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നിര്‍ത്തി.

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗന്‍റെ അമിയോ, ടിഗ്വാന്‍ മോഡലുകളുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നിര്‍ത്തി. രണ്ട് കാറുകളും ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചില്ല. നാല് മീറ്ററില്‍ താഴെ നീളം വരുന്ന സെഡാനായ അമിയോ 2016 ലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2017 ല്‍ ടിഗ്വാനും ഇന്ത്യയില്‍ എത്തി. ഇരു മോഡലുകളും ഇന്ത്യയില്‍ മോശം വില്‍പ്പനയാണ് കാഴ്ച്ചവെച്ചിരുന്നത്. ഇതാണ് വാഹനത്തെ പിന്‍വലിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മാരുതി സുസുക്കി ഡിസയറിന് എതിരാളിയായിട്ടാണ് ഫോക്‌സ് വാഗണ്‍ അമിയോയെ അവതരിപ്പിക്കുന്നത്. 1.0 ലിറ്റര്‍ എംപിഐ എന്‍ജിന്‍, 1.5 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍ എന്നിവയായിരുന്നു എന്‍ജിന്‍ ഓപ്ഷനുകള്‍. ഡീസല്‍ എന്‍ജിന്‍ ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചില്ല. അതേസമയം ബിഎസ് 6 പാലിക്കുന്ന 1.0 ലിറ്റര്‍ എന്‍ജിന്‍ ഫോക്‌സ് വാഗണ്‍ പോളോ ഉപയോഗിക്കുന്നു.

2.0 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ വിറ്റിരുന്നത്. ഈ ഡീസല്‍ എന്‍ജിനും ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചില്ല. ടിഗ്വാന് പകരമായി ഈയിടെ ഇന്ത്യയില്‍ അവതരിപ്പിച്ച 7 സീറ്റര്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ് ഉപയോഗിക്കുന്നത് ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ്. ഈ മോട്ടോര്‍ 190 പിഎസ് കരുത്തും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 5 സീറ്റര്‍ ടിഗ്വാന്‍ ഇന്ത്യയില്‍ തിരികെ കൊണ്ടുവരികയാണെങ്കില്‍ ഈ എന്‍ജിനായിരിക്കും കരുത്തേകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!