
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇടത്തരം എസ്‌യുവികളുടെ ഡിമാൻഡിൽ ക്രമാനുഗതമായ വർദ്ധനവിന് സാക്ഷ്യം വഹിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ, ടൊയോട്ട ഹെയ്‌റൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൺ തുടങ്ങിയ എസ്‌യുവികളാണ് ഈ വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നത്. നിങ്ങൾ അടുത്ത കുറച്ച് ദിവസങ്ങളിൽ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി വാങ്ങാൻ പ്ലാനിടുന്നുണ്ടോ? എങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്സ്‍വാഗൺ 2024 ഫോക്‌സ്‌വാഗൺ ടൈഗണിന് പരമാവധി രണ്ടുലക്ഷം രൂപ വരെ കിഴിവ് നൽകുന്നു.
കമ്പനി നിലവിൽ 1.0-ലിറ്റർ TSI എഞ്ചിൻ ഉള്ള 2024ൽ നിർമ്മിച്ച ഫോക്‌സ്‌വാഗൺ ടൈഗണിന് 1.50 ലക്ഷം രൂപ ക്യാഷ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, ഫോക്‌സ്‌വാഗൺ ടൈഗൻ്റെ മറ്റ് വേരിയൻ്റുകളിലും ബമ്പർ ഡിസ്‌കൗണ്ടുകൾ ലഭ്യമാണ്. ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും ഉൾപ്പെടുന്നതായി ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കിഴിവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം.
ടൈഗണിൽ രണ്ട് എഞ്ചിനുകളുടെ ഓപ്ഷൻ ലഭിക്കും. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആണ് ആദ്യ ഓപ്‍ഷൻ. ഈ എഞ്ചിൻ പരമാവധി 115 ബിഎച്ച്പി കരുത്തും 175 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കും. 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആണ് രണ്ടാമത്തെ ഓപ്‍ഷൻ. ഈ എഞ്ചിൻ പരമാവധി 150 ബിഎച്ച്പി കരുത്തും 250 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കും. ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്സുകളുമായി കാറിൻ്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. നിലവിൽ ഫോക്‌സ്‌വാഗൺ ടൈഗൺ ഡൈനാമിക് ലൈൻ, പെർഫോമൻസ് ലൈൻ എന്നീ രണ്ട് വേരിയൻ്റുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
ഫോക്‌സ്‌വാഗൺ ടൈഗൺ കാറിലെ ഫീച്ചറുകളിൽ ഇൻ്റീരിയറിൽ ഉപഭോക്താക്കൾക്ക് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ ടെക്‌നോളജി, സൺറൂഫ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആൻഡ്രോയിഡ് തുടങ്ങിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ഒപ്പം ആപ്പിൾ കാർ പ്ലേ കണക്റ്റിവിറ്റിയും ഉണ്ട്. ഇതുകൂടാതെ, സുരക്ഷയ്ക്കായി, കാറിൽ 6-എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. 11.70 ലക്ഷം മുതൽ 19.74 ലക്ഷം വരെയാണ് ഫോക്‌സ്‌വാഗൺ ടൈഗൺ എക്‌സ് ഷോറൂം വില.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.