ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍ സെപ്റ്റംബറില്‍ എത്തും

By Web TeamFirst Published Jul 24, 2021, 2:42 PM IST
Highlights

അവതരണത്തോടൊപ്പം തന്നെ വാഹനത്തിനായുള്ള ഡെലിവറികളും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് എസ്‍യുവി ടൈഗൂണിനായുള്ള കാത്തരിപ്പിലാണ് ഏറെക്കാലമായി ഇന്ത്യന്‍ വാഹനലോകം. ഇപ്പോഴിതാ ടൈഗൂണ്‍ 2021 സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അവതരണത്തോടൊപ്പം തന്നെ വാഹനത്തിനായുള്ള ഡെലിവറികളും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൈഗൂണിനായുള്ള മീഡിയ ഡ്രൈവുകൾ ഓഗസ്റ്റ് ആദ്യ വാരത്തോടെ ആരംഭിക്കുമെന്നും ബുക്കിംഗ് 2021 ഓഗസ്റ്റ് മധ്യത്തോടെ ഫോക്‌സ്‌വാഗൺ സ്വീകരിച്ചി തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വരാനിരിക്കുന്ന ഉത്സവ സീസണായ ദീപാവലിയുടെ നേട്ടം കൈവരിക്കാനാണ് ഫോക്‌സ്‌വാഗൺ ലക്ഷ്യമിടുന്നത്. അതിനായി പൂനെ നിർമാണശാലയിൽ ടൈഗൂണിന്റെ വൻതോതിലുള്ള ഉത്പാദനവും ഓഗസ്റ്റിൽ ആരംഭിക്കും. അതേസമയം വാഹനത്തിന്‍റെ പ്രീ-ബുക്കിംഗ് ഡീലർമാർ അനൌദ്യോഗികമായി ആരംഭിച്ചതായി കഴിഞ്ഞ മാസം ടീം ബിഎച്ച്‍പി റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. 10,000 രൂപ ടോക്കൺ തുകയ്ക്ക് വാഹനത്തിനുള്ള ബുക്കിംഗ് ഡീലര്‍മാര്‍ തുടങ്ങിയെന്നായിരുന്നു റിപ്പോർട്ടുകൾ.

ഏപ്രില്‍ മാസത്തിലാണ് ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഫോക്‌സ്‌വാഗണ്‍ പ്രദര്‍ശിപ്പിച്ചത്. പുതിയ ഫോക്‌സ്‌വാഗണ്‍ എസ്‌യുവി ഫോക്‌സ്‌വാഗണ്‍ ബ്രസീലും വിസ്‌റ്റിയോണും ചേർന്ന് വികസിപ്പിച്ചെടുത്ത പുതിയ പ്ലേ ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിലാകും പ്രവർത്തിക്കുക. ഫോക്സ്വാഗണിന്റെ എസ്.യു.വി. മോഡലുകളായ ടിഗ്വാന്‍, ടി-റോക്ക് എന്നിവയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഡിസൈനാണ് ടൈഗൂണിലും. ക്രോമിന്റെ ധാരാളിത്തമുള്ള മുഖം ആണ് ടൈഗൂൺ എസ്‌യുവിക്ക്. ടിഗ്വാൻ ഓൾസ്പേസ് എസ്‌യുവിയ്ക്ക് സമാനമായ ഗ്രില്ലും, ഹെഡ്‍ലാംപും ചേർന്ന ക്ലസ്റ്റർ മനോഹരമാണ്. മുൻ പിൻ ബമ്പറിലും ക്രോം ലൈനിങ് കാണാം. എൽഇഡി ലൈറ്റ് ബാറുകൾ കൊണ്ട് കണക്റ്റ് ചെയ്‍തിരിക്കുന്ന ടെയിൽ-ലൈറ്റുകൾ, 17-ഇഞ്ച് ടു ടോൺ അലോയ് വീലുകൾ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ.

വയർലെസ് ചാർജിംഗ്, കണക്റ്റഡ് കാർ സവിശേഷതകൾ, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി, ടച്ച് സെൻസിറ്റീവ് ബട്ടണുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ലെതറിൽ പൊതിഞ്ഞ മൾട്ടി ഫംഗ്ഷൻ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവ ഫോക്‌സ്‌വാഗണ്‍ ടൈഗൂണിൽ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ടൈഗൂണിന്റെ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ആൻഡ്രോയിഡ് ഓട്ടോയെയും ആപ്പിൾ കാർപ്ലേയെയും പിന്തുണയ്‌ക്കും. ഒന്നിലധികം കസ്റ്റമൈസേഷൻ ഓപ്ഷനുകളുള്ള അന്തർനിർമ്മിത അപ്ലിക്കേഷനുകൾ ഇതിന് ഉണ്ടാകും. സിം അധിഷ്‌ഠിത ഇന്റർനെറ്റ് ആക്‌സസ്സ് വഴി ഇൻ-കാർ വൈ-ഫൈ, ലൈവ് മ്യൂസിക്, ഓഡിയോ പോഡ്‌കാസ്റ്റ് സ്ട്രീമിംഗ് എന്നിവയും യൂണിറ്റിന് ലഭിക്കും.

സ്കോഡ കുഷാഖിന് സമാനമായി രണ്ട് പെട്രോൾ എഞ്ചിനിലാണ് ഫോക്സ്‌വാഗൺ ടൈഗൂണും വില്പനക്കെത്തുക. 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 147 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിനുമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സുകളായിരിക്കും ട്രാന്‍സ്മിഷന്‍  7-സ്പീഡ് ഡിസിടി ഗിയർബോക്‌സ് ഉള്ള പതിപ്പിന് ജിടി ബ്രാൻഡിംഗും ഉണ്ടായിരിക്കും. 

ഈ ദീപാവലി സീസണിൽ മോഡൽ വിപണിയിലെത്തും. പുതിയ ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ അതിന്റെ സെഗ്‌മെന്റിലെ സുരക്ഷിതവും ശക്തവുമായ എസ്‌യുവി ആയിരിക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു. ഏകദേശം 10 ലക്ഷം മുതൽ 16 ലക്ഷം വരെയാവും സ്കോഡ കുഷാഖിന്റെ എക്‌സ്-ഷോറൂം വില എന്നാണ് കണക്കാക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

click me!