ഫോക്സ് വാഗന്‍റെ ഈ മോഡല്‍ ഇന്ത്യ വിടുന്നു

By Web TeamFirst Published Mar 20, 2020, 1:38 PM IST
Highlights

ടിഗ്വാന്‍ എസ്‍യുവിയുടെ ഡീസൽ വകഭേദത്തെ ഇന്ത്യൻ നിരയിൽ നിന്ന് പിൻവലിക്കാൻ ഒരുങ്ങുകയാണ് ജർമ്മൻ ബ്രാൻഡായ ഫോക്‌സ്‌വാഗൺ

ടിഗ്വാന്‍ എസ്‍യുവിയുടെ ഡീസൽ വകഭേദത്തെ ഇന്ത്യൻ നിരയിൽ നിന്ന് പിൻവലിക്കാൻ ഒരുങ്ങുകയാണ് ജർമ്മൻ ബ്രാൻഡായ ഫോക്‌സ്‌വാഗൺ എന്ന് റിപ്പോര്‍ട്ട്. ഫോക്‌സ്‌വാഗൺ ടിഗ്വാന്‍ ഡീസലിനെ  ബിഎസ്6  മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി നവീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2007ല്‍ ആഗോള വിപണിയിലെത്തിയ വാഹനം 2017 മെയ് മാസത്തിലാണ് ഇന്ത്യന്‍ വിപണിയിൽ അരങ്ങേറിയത്. അഞ്ച് സീറ്റർ പ്രീമിയം എസ്‌യുവിയാണ് ടിഗ്വാന്‍. ഇന്ത്യയിൽ 2 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിൻ മോഡൽ മാത്രമേ ഉള്ളൂ ടിഗ്വാന്. ഇത് 143 ബിഎച്ച്പിയാണ്. 340 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. 7 സ്പീഡ് ഡി സിഎസ്ജി ഓട്ടോമാറ്റിക് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സാണ് ടിഗ്വാനെ ചലിപ്പിക്കുന്നത്. 

2020 മുതൽ എസ്‌യുവി വിഭാഗത്തിൽ സ്ഥിര സാന്നിധ്യമാവാൻ ശ്രമിക്കുന്ന ഫോക്‌സ്‌വാഗൺ അടുത്തിടെ ടിഗ്വാന്‍ ഓൾസ്‌പെയ്‌സ് പുറത്തിറക്കിയിരുന്നു. പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സി‌ബി‌യു റൂട്ടിലൂടെയാണ് വാഹനത്തെ കമ്പനി ഇന്ത്യയിലെത്തിക്കുന്നത്.

പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് പുതിയ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ് ലഭിക്കുന്നത്. ഈ 2.0 ലിറ്റര്‍, ടിഎസ്‌ഐ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 190 എച്ച്പി പരമാവധി കരുത്തും 320 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായ 7 സ്പീഡ് ഡിഎസ്ജി എന്‍ജിനുമായി ചേര്‍ത്തുവെച്ചു. പാഡില്‍ഷിഫ്റ്റര്‍ കൂടി നല്‍കി. ഫോക്‌സ്‌വാഗണിന്റെ ‘4മോഷന്‍’ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തിക്കും. എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സിസ്റ്റം സ്റ്റാന്‍ഡേഡായി നല്‍കി. 

ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. 33.12 ലക്ഷം രൂപയാണ്  ഇന്ത്യയിലെ എക്‌സ് ഷോറൂം വില. 

click me!