Latest Videos

നിരത്തിലെ ഈ കാറുകള്‍ക്ക് ബ്രേക്ക് തകരാര്‍, ഇതില്‍ നിങ്ങളുടേതുമുണ്ടോ?

By Web TeamFirst Published Mar 22, 2020, 10:45 AM IST
Highlights

ബ്രേക്കിംഗ് സംവിധാനത്തിലെ സോഫ്റ്റ്‌വെയർ പിഴവാണ് കാരണം

സ്വീഡിഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ വോൾവോ ഇന്ത്യന്‍ വിപണിയിൽ വിറ്റ 1891 കാറുകൾ തിരിച്ചുവിളിക്കുന്നു. സോഫ്റ്റ്‌വെയർ പിഴവ് മൂലമാണ് നടപടി.

വോൾവോയുടെ ലോകത്താകമാനമുള്ള ഏഴര ലക്ഷത്തോളം വാഹനങ്ങളുടെ ഗ്ലോബൽ റീകോളിൻറ്റെ ഒരു ഭാഗമാണ് ഇതും.  ഓട്ടോണോമസ് എമർജൻസി ബ്രേക്കിംഗ് സംവിധാനത്തിലെ സോഫ്റ്റ്‌വെയർ പിഴവാണ് കാരണം. 

എം വൈ  2019, എം വൈ 2020 എന്നീ  റേഞ്ചിൽ പെട്ട വോൾവോ എക്സ് സി 40, എക്സ് സി 60, എക്സ് സി90, വി 90ക്രോസ് കൺട്രി, എസ് 90 എന്നീ മോഡലുകളാണ് വോൾവോ തിരിച്ചുവിളിക്കുന്നത്. ഈ സീരീസിൽ പെട്ട വാഹനങ്ങളുടെ ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെടും എന്നാണ് അറിയുന്നത്. ഉടമകൾക്ക് അവരവരുടെ വോൾവോ ഡീലർഷിപ്പുമായി ബന്ധപ്പെട്ടാലും ഇതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുന്നതാണ്.

ചില പ്രത്യേക കാലാവസ്ഥയിലും താപനിലകളിലും ഈ സിസ്റ്റം ശരിയായി പ്രവർത്തിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ്  കമ്പനിയുടെ നടപടി. ഓട്ടോണോമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം വോൾവോയുടെ തന്നെ വളരെ മികച്ച ഒരു സേഫ്റ്റി ഫീച്ചറാണ്. വാഹനത്തിന് മുൻപിൽ എന്തെങ്കിലും വസ്തുക്കളോ  കാൽനടയാത്രക്കാരോ വന്നുപെട്ടാൽ ഉടനടി ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യുന്ന ഒരു സംവിധാനം ആണ് ഇത്. വാഹനത്തിലെ ഉൾഭാഗത്തെ കണ്ണാടിയിൽ ഘടിപ്പിച്ച സെൻസറുകൾ വഴിയാണ് വാഹനത്തിന്റെ മുന്നിലെ വസ്തുക്കളെയോ കാൽനട യാത്രക്കാരെയോ വാഹനം സെൻസ് ചെയ്യുന്നത്. 

എന്നാൽ തകരാറുള്ള വാഹനങ്ങളിൽ എമർജൻസി ബ്രേക്കിംഗ് സിസ്റ്റം ഓട്ടോമാറ്റിക് ആയി ബ്രേക്ക് ചെയ്യില്ല പകരം അതിന്റെ വാണിംഗ് ഡ്രൈവർക്ക് നൽകുക മാത്രമേ ചെയ്യൂ.  ഈ തകരാർ ഒരിക്കലും വാഹനത്തിന് ബ്രേക്കിംഗ് സംവിധാനത്തെ ബാധിക്കുകയില്ല എന്നും കമ്പനി അറിയിച്ചു. അതിനാൽ വാഹനം ഓടിക്കുന്നതിന് പ്രശ്നമൊന്നുമില്ല. 

എന്തായാലും കൊവിഡ്  19 ലോകത്താകമാനം പടരുന്ന സാഹചര്യത്തിൽ ഈ റീകോൾ പൂർത്തിയാക്കാൻ കുറച്ചധികം ദിവസങ്ങളെടുക്കും എന്നാണ്  കരുതപ്പെടുന്നത്.

click me!