ഡ്രൈവര്‍ മദ്യപിച്ചാല്‍ ഈ കാര്‍ തനിയെ നില്‍ക്കും!

By Web TeamFirst Published Mar 23, 2019, 7:27 PM IST
Highlights

ഡ്രൈവര്‍ മദ്യപിച്ചും അമിത വേഗതയില്‍ അശ്രദ്ധമായും വാഹനമോടിക്കുന്നത് സ്വയം തടയുന്ന കിടിലന്‍ കാര്‍ വരുന്നു.

ഡ്രൈവര്‍ മദ്യപിച്ചും അമിത വേഗതയില്‍ അശ്രദ്ധമായും വാഹനമോടിക്കുന്നത് തടയാന്‍ കിടിലന്‍ നീക്കവുമായി സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ. മദ്യപിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞ് വാഹനത്തിന്‍റെ ഓട്ടം തനിയെ നിലയ്ക്കുന്ന അത്യാധുനിക സംവിധാനമുള്ള കാറുമായിട്ടാണ് വോള്‍വോ എത്തുന്നത്. നൂതന സെന്‍സറുകളും ക്യാമറയും ഉപയോഗിച്ച് മദ്യപ ഡ്രൈവര്‍മാര്‍ക്ക് എട്ടിന്‍റെ പണികൊടുക്കാനാണ്  ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് കമ്പനിയായ വോള്‍വോയുടെ നീക്കം. 

ബ്രീത്ത് അനലൈസറിന് സമാനമായ രീതിയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്നും അശ്രദ്ധമായ ഡ്രൈവിങ്ങാണോ എന്നും സ്വയം തിരിച്ചറിയുന്ന കാര്‍ സ്വയം വേഗം കുറയ്ക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്ന സംവിധാനമാണ് കമ്പനി വികസിപ്പിക്കുന്നത്.

അപകട സാധ്യത ഡ്രൈവറെ അറിയിക്കാനുള്ള ഒരു അപായ സൂചന ആദ്യം പ്രവര്‍ത്തിക്കും. എന്നിട്ടും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ വോള്‍വോ ഓണ്‍ കോള്‍ അസിസ്റ്റന്‍സ് വഴി ശബ്ദ സന്ദേശമായും ഡ്രൈവറെ ബന്ധപ്പെടാന്‍ ശ്രമിക്കും. എന്നിട്ടും ഡ്രൈവര്‍ പ്രതികരിച്ചില്ലെങ്കില്‍ കാര്‍ സ്വയം വേഗത കുറച്ച് റോഡിന്റെ അരികു ചേര്‍ത്ത് സ്വയം പാര്‍ക്ക് ചെയ്യും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് ഡ്രൈവ് ചെയ്യുമ്പോഴും ഇതേ മാതൃകയില്‍ കാര്‍ സ്വയം നില്‍ക്കും. 

ആദ്യഘട്ടത്തില്‍  SPA 2 പ്ലാറ്റ്ഫോമിലുള്ള ഉയര്‍ന്ന വോള്‍വോ കാറുകളിലാണ് ഈ സംവിധാനം നല്‍കുക. എസ് യു വിയായ എക്സ് സി 90 പോലുള്ള വലിയ മോഡലുകൾക്ക് അടിത്തറയായ  പ്ലാറ്റ്ഫോമാണിത്. സ്വീഡനില്‍ നടന്ന ചടങ്ങിനിടെയാണ് വോള്‍വോ കാര്‍സ് സിഇഒ ഹകാന്‍ സാമുവല്‍സണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ സുരക്ഷാ സംവിധാനത്തോടെ വോള്‍വോ കാറുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാഹനങ്ങളുടെ സുരക്ഷയില്‍ എന്നും ഏറെ മുന്നിലാണ് വോള്‍വോ. അമ്പതുകളിൽ വോൾവോയായിരുന്നു വാഹന ലോകത്ത് ആദ്യമായി ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് അവതരിപ്പിച്ചത്.  ഇന്ന് ലോകത്തെ ഏറ്റവും സുരക്ഷിത വാഹനങ്ങളില്‍ പലതും പുറത്തിറക്കുന്നതും വോള്‍വോയാണ്. വാഹന യാത്രികരുടെയും കാൽനടക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ  2020 ഓടെ പുറത്തിറങ്ങുന്ന എല്ലാ കാറുകളിലും പരമാവധി വേഗം മണിക്കൂറില്‍ 180 കിലോമീറ്ററാക്കി നിജപ്പെടുത്തുമെന്ന് അടുത്തിടെ കമ്പനി വ്യക്തമാക്കിയിരുന്നു.  അതിനു പിന്നാലെയാണ് ഈ അത്യാധുനിക കാറിനെക്കുറിച്ചുള്ള പ്രഖ്യാപനവും.
 

click me!