യമഹയുടെ തുറുപ്പുചീട്ടുകള്‍ നിരത്തിലേക്ക്

By Web TeamFirst Published Aug 7, 2020, 3:15 PM IST
Highlights

ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ ശ്രേണിയിൽ യമഹയുടെ തുറുപ്പുചീട്ടായ ഈ മോഡലുകള്‍ ഷോറൂമുകളിലേക്ക് എത്തിത്തുടങ്ങി

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ ബിഎസ്6 എഞ്ചിനോടെ FZ 25 ന്റെ പുത്തൻ വകഭേദം വിപണിയില്‍ എത്തിച്ചത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. ഒപ്പം ബൈക്കിന് FZS 25 എന്നൊരു പുത്തന്‍ വേരിയന്‍റ് കൂടി കമ്പനി പുതുതായി അവതരിപ്പിച്ചിരുന്നു. ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ ശ്രേണിയിൽ യമഹയുടെ തുറുപ്പുചീട്ടായ ഈ മോഡലുകള്‍ ഷോറൂമുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഎസ്6 എൻജിൻ പരിഷ്‍കാരത്തോടൊപ്പം അല്പം സ്റ്റൈലിംഗ് മാറ്റത്തോടെയും ആണ് പുത്തൻ FZ 25 എത്തിയിക്കുന്നത്. ഷാർപ് ഡിസൈൻ തന്നെയാണ് പുത്തൻ FZ 25-ന്റെയും പ്രധാന ആകർഷണം. സ്ട്രീറ്റ് ഫൈറ്റർ മോഡൽ ആയ FZ 25-യുടെ ബോഡി പാനലുകൾ കൂടുതൽ ഷാർപ് ആണ്. 

എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന പുത്തൻ എൽഇഡി ബൈ ഫങ്ക്ഷണൽ ഹെഡ്ലൈറ്റ് ആണ് FZ 25-ന്. റീഡിസൈൻ ചെയ്ത എൻജിൻ കൗൾ, കൂടുതൽ ഷാർപ് ആയ ബിക്കിനി ഫെയറിങ്, നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് പുത്തൻ മോഡലിലെ മറ്റുള്ള ആകർഷണങ്ങൾ. മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ എന്നിങ്ങനെ 2 നിറങ്ങളിൽ ആണ് 2020 FZ 25 ലഭിക്കുക.

ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരിഷ്‍കരിച്ച 249 സിസി എയർ-കൂൾഡ്, ഫ്യുവൽ ഇൻജെക്ഷൻ സിംഗിൾ സിലിണ്ടർ എൻജിൻ ആണ് ഇരു മോഡലുകളിളുടെയും ഹൃദയം. 8000 ആർപിഎമ്മിൽ 20.5 ബിഎച്പി പവറും 6000 ആർപിഎമ്മിൽ 20.1 എൻഎം ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ഇതോടൊപ്പം എഞ്ചിൻ കട്ട്-ഓഫ് സ്വിച്ച്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ട്യൂബ് ലെസ് ടയറുകൾ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയും പുത്തൻ FZ 25 ശ്രേണിയിൽ ചേർത്തിട്ടുണ്ട്.

ന്യൂജെൻ ലുക്കിലാണ് പുതുതായി എത്തിയ FZS 25 ന്‍റെ ഭാവങ്ങള്‍. വലിപ്പം കൂടിയ വിൻഡ് സ്ക്രീൻ, നക്കിൾ ഗാർഡ് എന്നിവ FZS 25-യെ FZ 25-ൽ നിന്ന് വ്യത്യസ്തമാക്കുന്നു. മാത്രമല്ല ഡാർക്ക് മാറ്റ് ബ്ലൂ, പ്ലാറ്റിന ഗ്രീൻ, വൈറ്റ് വെർമിലിയോൺ എന്നീ നിറങ്ങളിലാണ് FZS 25 വില്പനക്കെത്തിയിരിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള അലോയ് വീലുകൾ ആണ് FZS 25-ന്റെ മറ്റൊരു ആകർഷണം. യമഹ FZ 25-ന്റെ മുഖ്യ എതിരാളികൾ സുസുക്കി ജിക്‌സർ 250, ബജാജ് ഡൊമിനാർ 250 എന്നിവയാണ് .

2020 യമഹ FZ 25-ന് 1.52 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. നിലവിലെ ബിഎസ്4 FZ 25-വുമായി താരതമ്യം ചെയ്യുമ്പോൾ പുത്തൻ മോഡലിന് 18,000 രൂപ കൂടുതലാണ്. 1.57 ലക്ഷം ആണ് പുതുതായി അവതരിപ്പിച്ച FZS 25ന്‍റെ എക്‌സ്-ഷോറൂം വില.

click me!