ബൈക്ക് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തർക്കം, യുവാവിന്‍റെ ജീവനെടുത്ത് അച്ഛനും മകനും!

By Web TeamFirst Published Jun 14, 2021, 9:08 AM IST
Highlights

ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് യുവാവിനെ കുത്തിക്കൊന്നു അച്ഛനും മകനും പൊലീസ് പിടിയില്‍

കൊല്ലം : ബൈക്കുകള്‍ നേര്‍ക്കു നേരെ വന്നുവെന്ന നിസാര തർക്കം കൊലപാതകത്തില്‍ കലാശിച്ചു. കൊല്ലം കരിമ്പോലിലാണ് കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഞായറാഴ്‍ച ഉച്ചയ്ക്കായിരുന്നു സംഭവം. ശക്തികുളങ്ങര കന്നിമേൽചേരി ഓംചേരിൽ കിഴക്കതിൽ വിഷ്‍ണു (29) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ തമിഴ്‍നാട് സ്വദേശികളായ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്‍തു.  മധുര സ്വദേശികളായ പ്രകാശ് (42), മകൻ രാജപാണ്ഡ്യൻ (19) എന്നിവരാണ് പൊലീസ് പിടിയിലായത്. 

കൊടുംക്രൂരതയിലേക്ക് നയിച്ച സംഭവം ഇങ്ങനെ. ഓട്ടോ ഡ്രൈവറായിരുന്നു വിഷ്‍ണു. രാവിലെ 9.30 ഓടെ വിഷ്‍ണുവും സുഹൃത്തും സഞ്ചരിച്ച ബൈക്കും പ്രതി പ്രകാശിന്റെ ബൈക്കും കരിമ്പോലിൽ ജംഗ്ഷന് സമീപം നേർക്കുനേർ വന്നു. അപ്പോൾ സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് വാക്കുതർക്കമുണ്ടായി. റോഡിലെ വെള്ളക്കെട്ടൊഴിവാക്കാൻ വിഷ്‍ണു ശ്രമിച്ചതാണ് തർക്കത്തിലേക്ക് നയിച്ചത്. 

ഇതേച്ചൊല്ലി പ്രകാശും വിഷ്‍ണുവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് മകന്‍ രാജപാണ്ഡ്യനെയും കൂട്ടി വീണ്ടും എത്തിയ പ്രകാശ് വിഷ്‍ണുവിന്‍റെ ബൈക്ക് തടഞ്ഞുനിർത്തി. തുടര്‍ന്ന് ഇറച്ചിവെട്ടുന്ന കത്തികൊണ്ട് കുത്തി വീഴ്‌ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ബൈക്ക് ഉപേക്ഷിച്ച് അച്ഛനും മകനും ഓടിരക്ഷപ്പെട്ടു. കുത്തേറ്റ് റോഡില്‍ വീണുകിടന്ന വിഷ്‍ണുവിനെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല. ഒടുവില്‍ പൊലീസ് എത്തിയാണ് വിഷ്‍ണുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പക്ഷേ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. 

മണിക്കൂറുകള്‍ക്കകം പ്രതികൾ പിടിയിലായി. കാവനാട്ട് അരവിളക്കടവിൽ നിന്ന്‌ അച്ഛനും മകനും വള്ളത്തിൽ കുരീപ്പുഴ ഭാഗത്തേക്ക് രക്ഷപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ഊർജിത തിരച്ചിലിനൊടുവില്‍ കുരീപ്പുഴ കടവിൽ നിന്നാണ് അച്ഛനും മകനും പിടിയിലാകുന്നത്. തമിഴ്‍നാട് മധുര സ്വദേശികളായ പ്രകാശും മകനും കാവനാട്ട് വാടകയ്ക്ക് താമസിക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!