
കൊച്ചി: ബിഎസ് ത്രീ വാഹനങ്ങള്‍ക്ക് വന്‍ വിലക്കിഴിവ്. ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് ത്രീ വാഹനങ്ങളുടെ വില്‍പ്പന സുപ്രീംകോടതി നിരോധിച്ച സാഹചര്യത്തിലാണ് സ്‌കൂട്ടറുകളടക്കം വില കുറച്ച് വില്‍ക്കുന്നത്. ബൈക്കുകള്‍ക്ക് 15,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും.
വിപണി ഇന്ന് വരെ കാണാത്ത ഓഫറുകളുമായി വാഹന നിര്‍മാതാക്കളും ഡീലര്‍മാരും രംഗത്തെത്തിയിരിക്കുന്നു. ബിഎസ് ത്രീ നിലവാരമുള്ള സ്‌കൂട്ടറുകള്‍ക്ക് 10,000 രൂപയും ബൈക്കുകള്‍ക്ക് 15,000 രൂപ വരെയുമാണ് വിലക്കിഴിവ്. ഓഫര്‍ ലഭിക്കണമെങ്കില്‍ വെള്ളിയാഴ്ച വൈകുന്നേരത്തിനകം വാഹനം വാങ്ങി രജിസ്റ്റര്‍ ചെയ്യണം.
ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് ത്രീ നിലവാരമുള്ള വാഹനങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു സുപ്രീംകോടതി നടപടി. ഇതോടെ ആറര ലക്ഷത്തോളം ഇരുചക്ര വാഹനങ്ങള്‍, ഒരു ലക്ഷത്തോളം ട്രെക്കുകള്‍, നാല്‍പതിനായിരത്തോളം ഓട്ടോറിക്ഷകള്‍ തുടങ്ങി എട്ടേകാല്‍ ലക്ഷം വാഹനങ്ങള്‍ കട്ടപ്പുറത്തായി.
ഈ നിര്‍ദ്ദേശം മറികടക്കാനാണ് സ്‌റ്റോക്കെടുത്തിരിക്കുന്ന ബിഎസ് ത്രീ വാഹനങ്ങള്‍ ശനിയാഴ്ചക്ക് മുന്പ് വിറ്റഴിക്കാന്‍ ഡീലര്‍മാര്‍ ഓഫര്‍ നല്‍കുന്നത്. ഹീറോ മോട്ടോര്‍ കോര്‍പ്പ്, ഹോണ്ട സ്‌കൂട്ടര്‍ ഇന്ത്യ എന്നീ കന്പനികളില്‍ നിന്ന് ഓഫര്‍ നിരക്കില്‍ വാഹനം ലഭിക്കും.
ഓഫര്‍ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ പല ഷോറൂമുകളിലും ബിഎസ് ത്രീ വാഹനങ്ങള്‍ വിറ്റുതീര്‍വ്വു. അതേസമയം ബിഎസ് ത്രീ വാഹനങ്ങള്‍ ഒറ്റയടിക്ക് നിരത്തിലെത്തുന്നത് പരിസ്ഥിതി മലിനീകരണം വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ബിഎസ് 4 വാഹനങ്ങളെ അപേക്ഷിച്ച് ബിഎസ് ത്രീ വാഹനങ്ങള്‍ 80 ശതമാനം കൂടുതല്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കും.