
ഇലക്ട്രിക്ക് ഓട്ടോറിക്ഷകളിൽ അടുത്തിടെ കണ്ടതുപോലെ ഇലക്ട്രിക് കാറുകളുടെയും ഇലക്ട്രിക് ടു വീലറുകളുടെയും ബാറ്ററികൾ സ്‍മാർട്ട്ഫോൺ വഴി നിയന്ത്രിക്കാനാകുമോ, അല്ലെങ്കിൽ അവ ഹാക്ക് ചെയ്യപ്പെടുമോ എന്ന ആശങ്ക ഇലക്ട്രിക് വാഹന ഉപയോക്താക്കളിൽ ശക്തമായിരിക്കുകയാണ്. സിനിമകളിലും വെബ് സീരീസുകളിലും കാണുന്ന രീതിയിൽ വാഹനങ്ങൾ പെട്ടെന്ന് നിലയ്ക്കുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്യുമോ എന്ന ഭയം പലർക്കും ഇപ്പോൾ ഉണ്ടാകുന്നു. ഇ-റിക്ഷ ബാറ്ററി സ്മാർട്ട്ഫോൺ ആപ്പ് വഴി ഓഫ് ചെയ്യുന്നതായി റിപ്പോർട്ട് വന്നതോടെ ഈ ആശങ്കകൾ കൂടുതൽ ഉയർന്നിട്ടുണ്ട്.
ഇ-റിക്ഷകളിൽ ഉപയോഗിക്കുന്ന ചില വിലകുറഞ്ഞ ബാറ്ററി സംവിധാനങ്ങൾ ബ്ലൂടൂത്ത് അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും അവയിൽ സുരക്ഷാ പാളികൾ കുറവായതിനാൽ ആപ്പുകൾ വഴി നിയന്ത്രണം നേടാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. എന്നാൽ പ്രമുഖ കമ്പനികളുടെ ഇലക്ട്രിക് കാറുകളിലും ഇരുചക്ര വാഹനങ്ങളിലും ശക്തമായ എൻക്രിപ്ഷൻ ഉൾപ്പെടെയുള്ള ഒന്നിലധികം സുരക്ഷാ സംവിധാനങ്ങൾ ഉള്ളതിനാൽ ഓടിപി, പാസ്‌വേഡ് അല്ലെങ്കിൽ ബയോമെട്രിക് സ്ഥിരീകരണം ഇല്ലാതെ അവയെ ഒരു ആപ്പ് വഴി നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഈ മേഖലയിൽ ഉള്ളവർ വ്യക്തമാക്കുന്നു.
എഐ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള കണക്റ്റഡ് വാഹനങ്ങൾ സുരക്ഷിതമാണെങ്കിലും, പൂർണ്ണമായും ഹാക്ക് പ്രതിരോധ ശേഷിയുള്ളവയല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സോഫ്റ്റ്‌വെയറിൽ സുരക്ഷാ പിഴവുകളോ ബഗുകളോ ഉണ്ടായാൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആവശ്യമില്ലാത്തപ്പോൾ ബ്ലൂടൂത്ത്, ഹോട്ട്‌സ്‌പോട്ട് തുടങ്ങിയവ ഓഫ് ചെയ്യുക, ഫാക്ടറി ഡിഫോൾട്ട് പാസ്‌കീകൾ (0000, 12345 തുടങ്ങിയവ) ഉടൻ മാറ്റുക, ഔദ്യോഗിക ആപ്പുകൾ മാത്രം ഉപയോഗിക്കുക എന്നിവ പ്രധാനമാണ്. സർവീസ് സമയത്ത് അനധികൃത മാറ്റങ്ങൾ വരുത്തപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും വിദഗ്ധർ പറയുന്നു.
സൈബർ ആക്രമണം സംഭവിച്ചാൽ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തുകയും മാനുവൽ കീ അല്ലെങ്കിൽ ബാറ്ററി കട്ട്-ഓഫ് സംവിധാനം ഉപയോഗിച്ച് നിയന്ത്രണം കൈവശപ്പെടുത്തുകയും ചെയ്യണമെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു. പ്രശ്നം പരിഹരിക്കാൻ വീണ്ടും വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കാതെ ഉടൻ തന്നെ സഹായ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും അവർ പറയുന്നു.
ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ പുതിയ നിയമങ്ങൾ തയ്യാറാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ ഉൾപ്പെടെ എല്ലായിടത്തും സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കാനാണ് നീക്കം. നിലവിൽ നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന ചില മൊബൈൽ ആപ്പുകൾ നിരോധിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.
ഇലക്ട്രിക് വാഹനങ്ങളിലെ സോഫ്റ്റ്‌വെയർ സുരക്ഷാ പാളികളിലെ പിഴവുകൾ പരിഹരിക്കാൻ ഘന വ്യവസായ മന്ത്രാലയവും ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറക്കുമതി ചെയ്യുന്ന ഇ-റിക്ഷകളും ഇ-സ്‍കൂ ട്ടറുകളും ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും പുതിയ സൈബർ സുരക്ഷാ നിയമങ്ങൾ ബാധകമാകുമെന്നാണ് വിലയിരുത്തൽ.