
സംസ്ഥാനത്ത് ഒരു ദിവസം ഏകദേശം നൂറോളം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹനാപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്.
ഇരുചക്ര വാഹനാപകടങ്ങളില്‍ പലരും മരിക്കുന്നത് ഹെൽമെറ്റ് ധരിക്കാതെ തലയ്ക്കു ക്ഷതമേറ്റാണ്. ചിലർ ഹെൽമെറ്റ് ശരിയായ രീതിയിൽ വയ്ക്കാത്തതിനാൽ അപകടത്തിന്റെ ആഘാതത്തിൽ പലപ്പോഴും ഹെൽമെറ്റ് ഊറി തെറിക്കുന്നു. ഇതും മരണത്തിന് കാരണമാകാറുണ്ട്. ഇങ്ങനെ അശ്രദ്ധമായി ഹെല്‍മറ്റ് ധരിക്കുന്നതിനെതിരെ ട്രോളുമായി ബോധവല്‍ക്കരണം നടത്തുകയാണ് കേരള പൊലീസ്. ഫേസ് ബുക്കില്‍ പങ്കു വച്ച, ജയനും പ്രേംനസീറും കഥാപാത്രങ്ങളാകുന്ന ഒരു ട്രോള്‍ പോസ്റ്റിലൂടെയാണ് പൊലീസിന്‍റെ ഓര്‍മ്മപ്പെടുത്തല്‍. ഹെൽമെറ്റ് ധരിക്കുമ്പോൾ ചിന്‍ സ്ട്രാപ്പ് ശരിയായ രീതിയിൽ താടിയെല്ലിന്റെ അടിയിലായി മുറുക്കി കെട്ടണമെന്നാണ് പൊലീസ് ഓര്‍മ്മിപ്പിക്കുന്നത്.