മഴക്കാലത്തെ ഇരുചക്രവാഹനയാത്ര - പത്തു കല്പനകൾ

By Web TeamFirst Published Aug 9, 2019, 2:09 PM IST
Highlights

ഓഫീസിലേക്കും മറ്റുമായി സ്‌കൂട്ടറിലും ബൈക്കിലും ഒക്കെ  പോകുന്നവർ ഈ മഴദിവസങ്ങളിൽ അപകടങ്ങളെ  നേർക്കുനേർ കണ്ടുകൊണ്ടാവും പോയിവരുന്നത്. ഇരുചക്രവാഹനാപകടങ്ങൾ ഏറ്റവും അധികമാവുന്ന ഈ ദിവസങ്ങളിൽ ഉറപ്പായും പാലിച്ചിരിക്കേണ്ട പത്തുകല്പനകളെപ്പറ്റി. 
 

അപ്രതീക്ഷിതമായിട്ടാണ് മഴ വല്ലാതെ കനത്തിരിക്കുന്നത്.  മഴച്ചാറ്റലിൽ മലമുകളിലേക്കും ബൈക്ക് റൈഡും മറ്റും പ്ലാൻ ചെയ്തിട്ടുള്ളവർ കഴിവതും അത് ഒഴിവാക്കുന്നതാണ് നല്ലത്. ഓഫീസിലേക്കും മറ്റുമായി സ്‌കൂട്ടറിലും ബൈക്കിലും ഒക്കെ  പോകുന്നവർ ഈ മഴദിവസങ്ങളിൽ അപകടങ്ങളെ  നേർക്കുനേർ കണ്ടുകൊണ്ടാവും പോയിവരുന്നത്. ഇരുചക്രവാഹനാപകടങ്ങൾ ഏറ്റവും അധികമാവുന്ന ഈ ദിവസങ്ങളിൽ ഉറപ്പായും പാലിച്ചിരിക്കേണ്ട പത്തുകല്പനകളെപ്പറ്റി. 

1. വെള്ളക്കുഴികൾ സൂക്ഷിക്കുക : മഴക്കാലത്ത് ഒട്ടും വിശ്വസിക്കാൻ പാടില്ലാത്ത ഒന്നാണ് റോഡിലെ ഗട്ടറുകൾ. അവയുടെ ആഴം എത്രയാകും എന്ന് ഒരിക്കലും പ്രവചിക്കാനാവില്ല. കഴിവതും അതിൽ പോയി ചാടാതിരിക്കുക. പലപ്പോഴും നമ്മൾ കരുതുന്നതിലും ആഴം ആ കുഴികൾക്കുണ്ടാകും. പലപ്പോഴും നമ്മുടെ നിലതെറ്റിക്കാൻ പോന്നത്ര ആഴം. ഇനി ഒരു ഗട്ടറിൽ ഇറങ്ങിയേ ആകൂ എന്നുണ്ടെങ്കിൽ, ഒരേ ആക്സിലറേഷൻ നിലനിർത്തി, വണ്ടി സ്റ്റെഡിയാക്കി, ഇറങ്ങിക്കേറുക. ബ്രേക്ക് തൊടുകപോലും ചെയ്യരുത് അതിനിടെ. 

2. മിനുസമുള്ള റോഡുകളിലൂടെ ശ്രദ്ധിച്ചു പോവുക : മഴ പെയ്യുന്നതിനു മുമ്പ് മിനുമിനാ കിടക്കുന്ന റോഡുകളിൽ, മഴ പെയ്തിറങ്ങിയാണ് വല്ലാത്ത വഴുക്കലുണ്ടാകും. റോഡിലെ പെയിന്റടിച്ച ഭാഗങ്ങൾ, ഡ്രെയിനേജ് കവറുകൾ, ഹമ്പുകൾ തുടങ്ങിയവ പൊതുവെ വഴുക്കൽ കൂടുതലുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളാണ്. വളരെ സൂക്ഷിച്ച്, പെട്ടെന്നുള്ള വേഗവ്യതിയാനങ്ങൾ ഇല്ലാതെ മാത്രം അവയിലൂടെ ബൈക്കോടിക്കുക. 

3. പരിഭ്രമിക്കാതെ വാഹനമോടിക്കുക : മഴക്കാലത്തെ അപകടങ്ങളിൽ പാതിയും വാഹനം ഓടിക്കുന്നയാൾക്കുണ്ടാകുന്ന പരിഭ്രമം കൊണ്ട് വന്നുപെടുന്നതാണ്. അതുകൊണ്ട് പരമാവധി റിലാക്സ് ചെയ്തുമാത്രം വാഹനം ഓടിക്കുക.  മഴപെയ്താൽ വിസിബിലിറ്റി കാര്യമായി കുറയും. അതുകൊണ്ട് കഴിയുന്നത്ര പതുക്കെ മാത്രം പോകുക. പെട്ടെന്നുള്ള വേഗംകൂട്ടൽ, വണ്ടി തിരിക്കൽ, ബ്രേക്കിങ്ങ് ഇവയൊക്കെയും വണ്ടിയുടെ സമനില തെറ്റിക്കും. അതുകൊണ്ട്, വാഹനം വളരെ മയത്തിൽ മാത്രം ഓടിക്കുക. 

4. റോഡിലെ മഴവിൽ നിറങ്ങളെ സൂക്ഷിക്കുക : ആകാശത്ത് മഴവില്ലു കാണാൻ നല്ല ഭംഗിയാണ്. എന്നാൽ അതേ മഴവിൽ നിറങ്ങൾ റോഡിൽ കണ്ടാൽ വേഗം കുറയ്ക്കണം. മഴപെയ്ത് നനഞ്ഞു കിടക്കുന്ന റോഡിൽ ഓയിൽ പടരുമ്പോഴാണ് ഈ മഴവിൽനിറങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇത് റോഡിലെ വഴുവഴുപ്പ് വർധിപ്പിക്കും.  ഇങ്ങനെ ഓയിൽ ലീക്കേജ് വരാനുള്ള സാധ്യത വാഹനങ്ങൾ വന്ന് സിഗ്നലിൽ നിൽക്കുന്ന ജംഗ്‌ഷനുകളിൽ ആണ്. 

5. സുരക്ഷിതമായ അകലം പാലിക്കുക : മഴയില്ലാത്തപ്പോൾ വേണ്ടുന്ന അകലത്തിന്റെ ഇരട്ടി വേണം മഴപെയ്ത് വഴുക്കലോടെ കിടക്കുന്ന റോഡിൽ ബ്രേക്കുപിടിച്ചാൽ കിട്ടാൻ. അതുകൊണ്ടുതന്നെ സ്പീഡ് പരമാവധി കുറച്ച്, വലിയവാഹനങ്ങളിൽ നിന്നും ദൂരമിട്ടുമാത്രം വാഹനമോടിക്കുക. 

6. വെള്ളമില്ലാത്ത ഇടത്തുകൂടി മാത്രം ബൈക്കോടിക്കുക : ചെളിയും വെള്ളവും പരന്ന റോഡിലൂടെ ഇരുചക്രവാഹനം ഓടിക്കുന്നത് റിസ്കാണ്. അങ്ങനെ ചെയ്യേണ്ടി വരുമ്പോൾ കഴിവതും വെള്ളം വറ്റിയ ഭാഗത്തുകൂടി മാത്രം ഓടിക്കുക . മുന്നിൽ പോകുന്ന വാഹനത്തിന്റെ ചക്രങ്ങളുടെ പാടുകൾ താരതമ്യേന വരണ്ട ഇടങ്ങളാവും. അതുകൊണ്ടുതന്നെ  ഇരുചക്രവാഹനം കൊണ്ടുപോകാൻ താരതമ്യേന സുരക്ഷിതമായ വഴിയും.

7.  റെയിൻ കോട്ടുകൾ സൂക്ഷിച്ച് തെരഞ്ഞെടുക്കുക : മഴയത്ത് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പലപ്പോഴും അപകടങ്ങളിൽ പെടുന്നത് റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ള വാഹനങ്ങൾക്ക് മഴ പെയ്യുമ്പോഴുള്ള കുറഞ്ഞ വിസിബിലിറ്റി കാരണം അവരെ കാണാൻ പറ്റാതെ വരുന്നതുകൊണ്ടാണ്. മഴ കാരണം കാഴ്ച മറയുന്നത് പോരാഞ്ഞിട്ട്, ഇരുചക്രവാഹനക്കാർ കണ്ണിൽ പെടാത്ത കറുത്ത റെയിൻകോട്ടും മറ്റും ധരിക്കുന്നതോടെ കൂടുതൽ അദൃശ്യമാകുന്നു. അതുകൊണ്ട് ഇരുട്ടിൽ തിളങ്ങുന്ന തരത്തിലുള്ള, അല്ലെങ്കിൽ കൂടുതൽ വിസിബിലിറ്റി ഉള്ള നിറങ്ങളോട് കൂടിയ റെയിൻ കോട്ടുകൾ ധരിക്കുക. അത് റോഡിലെ നിങ്ങളുടെ സുരക്ഷിതത്വവും വർധിപ്പിക്കും. ഓറഞ്ച്, മഞ്ഞ നിറങ്ങൾക്ക് മഴയിൽ വിസിബിലിറ്റി കൂടും. 

8. വണ്ടിയുടെ രേഖകളുടെ സുരക്ഷിതത്വം ഉറപ്പിക്കുക : മഴക്കാലത്തെ അശ്രദ്ധ ചിലപ്പോൾ നിങ്ങളുടെ വാഹനത്തിന്റെ വിലപ്പെട്ട രേഖകൾ നനഞ്ഞു കുതിർന്നുപോകാൻ കാരണമാകാം. അതുകൊണ്ട്, അവയെല്ലാം തന്നെ മഴ വെള്ളം നനഞ്ഞാലും കുതിര്ത്ത രീതിയിലുള്ള കവറുകളിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്. 

9 . വണ്ടി എടുക്കും മുമ്പ് കൃത്യമായി പരിശോധിക്കുക : മഴപെയ്യുമ്പോൾ റോഡിലെ സാഹചര്യങ്ങൾ ഒട്ടും അനുയോജ്യമല്ല. അതിനൊപ്പം നിങ്ങളുടെ  വാഹനവും നല്ല കണ്ടീഷനിൽ അല്ലെങ്കിലോ.. ? ചുരുങ്ങിയത്  വണ്ടി എടുക്കുന്നതിനു മുമ്പ് അതിലെ ടയറിലെ കാറ്റ്, വാഹനത്തിന്റെ ബ്രേക്കുകൾ, ലൈറ്റ്, ഇൻഡിക്കേറ്റർ തുടങ്ങിയവ നിർബന്ധമായും പരിശോധിച്ചിരിക്കണം. 

10. ഇന്ധനം അല്പം കൂടുതൽ കരുതാം : വേണ്ടതിലും അല്പം കൂടുതൽ ഇന്ധനം കരുതാം. മഴക്കാലമായാൽ പല കാരണങ്ങളാലും യാത്ര നമ്മൾ പ്രതീക്ക്കുന്നതിലും നീളാം. മാത്രവുമല്ല പെട്രോൾ ബാങ്കുകളിലെ തിരക്കും ഇന്ധനത്തിന്റെ ലഭ്യതയും ഒന്നും പ്രവചനീയമാവില്ല. 

മേൽപ്പറഞ്ഞ പത്തു കല്പനകൾ പാലിച്ചാൽ, ഏറെക്കുറെ സുരക്ഷിതമായിത്തന്നെ നമ്മുടെ ഇരുചക്രവാഹനയാത്രകൾ പൂർത്തിയാക്കി തിരിച്ചു വീടണയാൻ നമുക്കാവും. 

click me!