
ഇന്ത്യൻ വാഹന വിപണിയിൽ പുതിയ തന്ത്രങ്ങളുമായി മുന്നേറുകയാണ് ടൊയോട്ട. അടുത്ത രണ്ടുമുതൽ മൂന്നുവർഷത്തിനുള്ളിൽ വിവിധ വിഭാഗങ്ങളിലായി നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാനാണ് ജാപ്പനീസ് വാഹന നിർമാതാക്കളുടെ നീക്കം. എസ്‌യുവികൾക്ക് പുറമെ ഹാച്ച്ബാക്ക്, ഹൈബ്രിഡ് എംപിവി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയും കമ്പനിയുടെ ഭാവി പദ്ധതികളിലുണ്ട്. ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊയോട്ടയുടെ 5 പുതിയ മോഡലുകളാണ് ഇനി എത്താനിരിക്കുന്നത്.
ടൊയോട്ട ഇന്നോവ ഹൈക്രോസിന് സമീപഭാവിയിൽ വലിയൊരു അപ്‌ഡേറ്റ് ലഭിച്ചേക്കും. 2027ന്റെ തുടക്കത്തിൽ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പരീക്ഷണയോട്ടത്തിനിടെ കണ്ടെത്തിയ വാഹനത്തിന്റെ ചിത്രങ്ങൾ പുതിയ മുൻഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നുണ്ട്. ഗ്രില്ലിലും ഹെഡ്‌ലാമ്പുകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. അകത്തളത്തിലും പുതിയ ഡിസൈനും അധിക ഫീച്ചറുകളും ലഭിച്ചേക്കും. എൻജിൻ ഓപ്ഷനുകളിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. നിലവിലെ 2.0 ലിറ്റർ പെട്രോൾ, സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിനുകൾ തന്നെ തുടർന്നേക്കും.
ടൊയോട്ടയുടെ ജനപ്രിയ ഹാച്ച്ബാക്കായ ഗ്ലാൻസയും ഫെയ്‌സ്‌ലിഫ്റ്റിന് ഒരുങ്ങുകയാണ്. 2026 അവസാനത്തോടെ പുതുക്കിയ പതിപ്പ് എത്താൻ സാധ്യതയുണ്ട്. പുതിയ മോഡലിനെ നിലവിലെ ഗ്ലാൻസയിൽ നിന്ന് കൂടുതൽ വ്യത്യസ്തമാക്കുന്നതിനൊപ്പം ടൊയോട്ടയുടെ സ്വന്തം ഡിസൈൻ ഐഡന്റിറ്റി കൂടുതൽ വ്യക്തമായി അവതരിപ്പിക്കാനും കമ്പനി ശ്രമിച്ചേക്കും. ഹൈബ്രിഡ് സംവിധാനം, എഡിഎഎസ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുമെന്ന അഭ്യൂഹങ്ങളുണ്ട്. നിലവിലെ 1.2 ലിറ്റർ പെട്രോൾ എൻജിനും സിഎൻജി ഓപ്ഷനും തുടർന്നേക്കും.
ഇന്ത്യൻ വിപണിയിൽ ടൊയോട്ടയുടെ ആദ്യ 3 നിര ഇലക്ട്രിക് എംപിവിയും ഒരുങ്ങുന്നു. മാരുതിയുടെ വൈഎംസിയുടെ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡലായിരിക്കുമെന്നാണ് സൂചന. 2027-28 കാലയളവിൽ വിപണിയിലെത്താൻ സാധ്യതയുള്ള ഈ ഇലക്ട്രിക് എംപിവി വെൽഫയറിനും ഇന്നോവ കുടുംബത്തിനും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക. ബിവൈഡി ഇമാക്സ് 7 പോലുള്ള ഇലക്ട്രിക് എംപിവികളുമായിരിക്കും പ്രധാന മത്സരം. ഇന്ത്യയിൽ ടൊയോട്ടയുടെ ഏറ്റവും താങ്ങാനാകുന്ന 7 സീറ്റർ ഇലക്ട്രിക് വാഹനമായി ഇത് മാറാനും സാധ്യതയുണ്ട്.
ടൊയോട്ടയുടെ ജനപ്രിയ എസ്‌യുവിയായ ഫോർച്യൂണറിന്റെ മൂന്നാം തലമുറയും ഉടൻ എത്തുമെന്ന് റിപ്പോർട്ടുകൾ. 2026 അവസാനമോ 2027ന്റെ തുടക്കത്തിലോ പുതിയ മോഡൽ അവതരിപ്പിച്ചേക്കും. കൂടുതൽ ബോക്സിയും ആധുനികവുമായ ഡിസൈനായിരിക്കും പുതിയ ഫോർച്യൂണറിന് ലഭിക്കുക. ക്യാബിനിൽ എഡിഎഎസ് ഉൾപ്പെടെയുള്ള പുതിയ സുരക്ഷാ സംവിധാനങ്ങളും അധിക ഫീച്ചറുകളും എത്താൻ സാധ്യതയുണ്ട്. പുതിയ ലാഡർ ഫ്രെയിം പ്ലാറ്റ്‌ഫോമിലായിരിക്കും എസ്‌യുവി നിർമിക്കുകയെന്നാണ് പ്രതീക്ഷ. 2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ഡീസൽ എൻജിനുകൾ തുടർന്നേക്കും. ഡീസൽ പതിപ്പിൽ 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭിച്ചേക്കും.
പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ മോഡലായിരിക്കും ലാൻഡ് ക്രൂയിസർ എഫ്ജെ. നിലവിലെ ലാൻഡ് ക്രൂയിസർ കുടുംബത്തിലെ ചെറിയ എസ്‌യുവിയായി എത്തുന്ന ഈ മോഡൽ 2028 അവസാനത്തോടെ ഇന്ത്യയിലെത്തിയേക്കും. ഇന്ത്യൻ പതിപ്പിൽ ഡീസൽ എൻജിൻ ലഭിക്കാൻ സാധ്യത കുറവാണ്. ഏകദേശം 163 ബിഎച്ച്പി കരുത്ത് നൽകുന്ന 2.7 ലിറ്റർ പെട്രോൾ എൻജിനായിരിക്കും പ്രധാന പവർട്രെയിൻ എന്നാണ് സൂചന. സ്ട്രോങ് ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകളും ടൊയോട്ട പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പുതിയ മോഡലുകളിലൂടെ ഇന്ത്യയിലെ എസ്‌യുവി, ഇലക്ട്രിക്, ഹൈബ്രിഡ് വാഹന വിപണികളിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ് ടൊയോട്ടയുടെ ലക്ഷ്യം.