72 പുതിയ അതിഥികള്‍; ഇരവികുളം വിനോദസഞ്ചാര കേന്ദ്രം വീണ്ടും തുറന്നു

By Web TeamFirst Published Mar 25, 2019, 11:10 PM IST
Highlights

രാജമലക്ക് പുറമെ മീശപ്പുലിമല, ഷോലനാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ടെറിട്ടോറിയല്‍, മറയൂര്‍, മാങ്കുളം, കെളുക്കുമല എന്നിവിടങ്ങലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു

ഇടുക്കി: വരയാടുകളുടെ പ്രജനന കാലം അവസാനിച്ചതോടെ രാജമല സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി. ഫെബ്രുവരി ആദ്യവാരത്തോടെയാണ് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വരയാടുകളുടെ പ്രജനന കാലത്തില്‍ പുതിയതായി പിറക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന്റെ  ഭഗമായാണ് പാര്‍ക്ക് അടച്ചിട്ടത്. മാര്‍ച്ച് 20 ന് പാര്‍ക്ക് തുറക്കുമെന്നാണ് അധിക്യതര്‍ അറിയിച്ചിരുന്നതെങ്കിലും പ്രജനനം നീണ്ടതോടെ സമയം നീട്ടി. 

പ്രജനനം അവസാനിച്ചതോടൊണ് തിങ്കളാഴ്ച പാര്‍ക്ക് തുറന്നത്. 72 പുതിയ അതിഥികള്‍ പിറന്നതായാണ് പ്രഥമിക നിഗമനമെങ്കിലും എണ്ണം വര്‍ദ്ധിക്കാന്‍ ഇടയുള്ളതായി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറയുന്നു.  മെയ് ആദ്യവാരത്തോടെ നടക്കുന്ന കണക്കെടുപ്പിലൂടെ മാത്രമേ മൂന്നാര്‍ മേഖലയില്‍ എത്ര വരയാടിന്‍ കുട്ടികള്‍ പിറന്നെന്ന് അറിയുവാന്‍ കഴിയുകയുള്ളു. രാജമലക്ക് പുറമെ മീശപ്പുലിമല, ഷോലനാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ടെറിട്ടോറിയല്‍, മറയൂര്‍, മാങ്കുളം, കെളുക്കുമല എന്നിവിടങ്ങലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 

ഇവിടങ്ങളിലെ 31 ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സര്‍വ്വെ പൂര്‍ത്തിയാകുന്നതോടെ വരയാടിന്‍ കുട്ടികളുടെ എണ്ണം പൂര്‍ണ്ണമായി മനസിലാക്കാന്‍ കഴിയുകയുള്ളു. കഴിഞ്ഞ വര്‍ഷം രാജമലയില്‍ മാത്രം 69 കുട്ടികള്‍ പിറന്നിരുന്നു. ഇത്തവണ ആദ്യ കണക്കുകളില്‍ മുന്നെണ്ണത്തിന്റെ വര്‍ദ്ധനവാണ് കണ്ടെത്തിയിട്ടുണ്ട്. 2018 ലെ കണക്കുകള്‍ അനുസരിച്ച് മൂന്നാര്‍ മേഖലയില്‍ 1101 വരയാടുകളാണ് ഉള്ളത്. 250 വരയാടുകളുടെ വര്‍ദ്ധനവാണ് കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ രാജമലയില്‍ മാത്രം 700 മുതല്‍ 750 വരെ വടയാടുകള്‍ ഉള്ളതായാണ് അധിക്യതര്‍ പറയുന്നത്. 

click me!