മര്‍ദ്ദം നിയന്ത്രിക്കുന്ന സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നു; രണ്ട് പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍

By Web TeamFirst Published Sep 30, 2019, 6:00 PM IST
Highlights

വിമാനം ഉയരത്തിലെത്തുമ്പോള്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടില്ലാതെ ശ്വസിക്കുന്നതിനാണ് ബ്ലീഡ് സ്വിച്ച് ഓണാക്കുന്നത്. 

ദില്ലി വിമാനത്തിനുള്ളിലെ മര്‍ദ്ദം നിയന്ത്രിക്കുന്ന സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്ന രണ്ട് സ്പൈസ്ജെറ്റ് പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍. നാലുമാസമാണ് സസ്പെന്‍ഷന്‍ കാലാവധി. ബ്ലീഡ് സ്വിച്ച് ഓണാക്കാന്‍ മറന്നെന്ന് കണ്ടെത്തിയതോടെ രണ്ട് പൈലറ്റുമാരുടെയും ലൈസന്‍സ് സിവില്‍ ഏവിയേഷന്‍ ഡയറകേടറേറ്റ് ജനറല്‍ റദ്ദാക്കി. 

ജൂണ്‍ 14 നാണ് സംഭവം നടന്നത്. ഹൈദരാബാദില്‍ നിന്നും ജയ്പുരിലേക്ക് പോകുകയായിരുന്ന സ്പൈസ്ജെറ്റ് വിമാനം മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തിരികെ ലാന്‍ഡ് ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ സുനില്‍ മേത്ത, ക്യാപ്റ്റന്‍ വിക്രം സിങ് എന്നിവരായിരുന്നു വിമാനം പറത്തിയിരുന്നത്. സുനില്‍ മേത്തയായിരുന്നു പൈലറ്റ്. ഫസ്റ്റ് ഓഫീസറായി വിക്രം സിങും കോക്പിറ്റിലുണ്ടായിരുന്നു. ബ്ലീഡ് സ്വിച്ച് ഓണ്‍ ചെയ്യാത്തതിനാണ് മേത്തയെ സസ്പെന്‍ഡ് ചെയ്തത്. ടേക്ക് ഓഫ് കഴിഞ്ഞ് ബ്ലീഡ് സ്വിച്ച് ഓണാണെന്ന് തെറ്റായ വിവരം നല്‍കിയതിനാണ് വിക്രം സിങ്ങിനെ സസ്പെന്‍ഡ് ചെയ്തത്. 

വിമാനത്തിന്‍റെ എഞ്ചിനില്‍ നിന്നും ക്യാബിനിലേക്ക് വായു കടത്തിവിടാന്‍ സഹായിക്കുന്ന സ്വിച്ചാണ് കോക്പിറ്റ് പാനലിലുള്ള ബ്ലീഡ് സ്വിച്ച്. വിമാനം ഉയരത്തിലെത്തുമ്പോള്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും തടസ്സമില്ലാതെ ശ്വസിക്കുന്നതിനാണ് വിമാനത്തിനുള്ളിലെ മര്‍ദ്ദം നിയന്ത്രിക്കുന്നത്. ഇതിനായുള്ള സ്വിച്ചാണ് ക്യാബിന്‍ പ്രഷര്‍ സ്വിച്ച് അഥവാ ബ്ലീഡ് സ്വിച്ച്.

click me!