ഉയര്‍ന്ന റീസെയില്‍ മൂല്യമുള്ള പത്ത് വാഹനങ്ങള്‍

By Web DeskFirst Published Oct 16, 2017, 2:22 PM IST
Highlights

എസ്‌യുവിയോ, ഹാച്ച്ബാക്കോ, സെഡാനോ വാഹനം ഏതു മോഡലാണെങ്കിലും വാങ്ങി ഒന്നോ രണ്ടോ വര്‍ഷം പിന്നിടുമ്പോള്‍ തന്നെ അവയുടെ മൂല്യം കുറയും. വൃത്തിയായി സൂക്ഷിച്ചാലും കൃത്യമായി മെയിന്റനന്‍സ് നടത്തിയാലും ചില കാറുകള്‍ക്ക് റീസെയില്‍ മൂല്യം വളരെ കുറവായിരിക്കും. എന്നാല്‍ വര്‍ഷങ്ങള്‍ പഴകിയാലും  ഇന്ത്യന്‍ വാഹന വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന ചില വാഹന മോഡലുകളുണ്ട്. അവയില്‍ ചിലതിനെ പരിചയപ്പെടാം.

1. മാരുതി ആള്‍ട്ടോ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളിലൊന്നാണ് മാരുതി അള്‍ട്ടോ. മാരുതി 800 നു ശേഷം രാജ്യത്തെ സാധാരണക്കാരന്‍റെ ഹൃദയങ്ങള്‍ കീഴടക്കിയ വാഹനം. ബജറ്റ് വിലയും, കുറഞ്ഞ മെയിന്റനന്‍സ് ചെലവുമാണ് ഉപഭോക്താക്കളെ മാരുതി ആള്‍ട്ടോയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

2. ഹോണ്ട സിറ്റി
കാലങ്ങളായി ഇന്ത്യന്‍ സെഡാന്‍ നിര ഭരിക്കുന്ന വാഹന മോഡലാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സിറ്റി. മികച്ച ബില്‍ട്ട് ക്വാളിറ്റിയും, മികവേറിയ പെട്രോള്‍ എഞ്ചിനും സിറ്റിയെ ആകര്‍ഷകമാക്കുന്നു. അടുത്തിടെ നടന്ന ഒരു സര്‍വ്വേയില്‍ ഇന്ത്യയിലെ സ്‍ത്രീകളുടെ പ്രിയപവാഹനമായി സിറ്റിയെ തെരെഞ്ഞെടുത്തിരുന്നു. പഴയ തലമുറഹോണ്ട സിറ്റിക്ക് ഇന്നും വിപണിയില്‍ ആവശ്യക്കാരേറെയാണ്.

3. മാരുതി സ്വിഫ്റ്റ്
ഹാച്ച്ബാക്ക് എന്നാല്‍ ഇന്ത്യക്കാര്‍ക്ക് മാരുതി സ്വിഫ്റ്റാണ്. ആകര്‍ഷകമായ രൂപഘടനയും, വിശ്വാസ്യതയും, കരുത്തുറ്റ എഞ്ചിനുമാണ് സ്വിഫ്റ്റിന്റെ ജനപ്രിയതക്ക് പിന്നില്‍.

4. ടൊയോട്ട ഫോര്‍ച്യൂണര്‍
ആഢംബര എസ് യു വി എന്ന് പറഞ്ഞാൽ, ഇന്ത്യൻ ഉപഭോക്താക്കളുടെ മനസിൽ തെളിയുന്ന ആദ്യ ചിത്രം ടൊയോട്ട ഫോർച്യൂണറാകും. ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തിയെങ്കിലും, യൂസ്ഡ് കാര്‍ വിപണിയില്‍ പഴയ ഫോര്‍ച്യൂണറിന് ഇന്നും ആവശ്യക്കാരേറെയുണ്ട്.

5. മഹീന്ദ്ര ബൊലേറോ
എംയുവി സെഗ്‍മെന്‍റില്‍ മഹീന്ദ്ര പുറത്തിറക്കിയ ബൊലേറെ ജനപ്രിയ വാഹനങ്ങളില്‍ ഒന്നാണ്. വിശാലമായ ഇന്റീരിയറും കുറഞ്ഞ മെയിന്റനന്‍സ് ചെലവും ആയുര്‍ദൈര്‍ഘ്യവുമൊക്കൊണ് ഈ ജനപ്രിയതക്ക് പിന്നില്‍.

6. ടൊയോട്ട ഇന്നോവ
കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇന്ത്യയില്‍ ജൈത്രയാത്ര തുടരുന്ന 7-സീറ്റര്‍ എംപിവിയാണ് ടൊയോട്ടയുടെ ഇന്നോവ. സുഗമമായ സീറ്റിംഗും ശക്തിയും ഈടുറപ്പുള്ള എഞ്ചിനുമാണ് ഇന്നോവയുടെ മുതല്‍ക്കൂട്ട്. ടൊയോട്ടയുടെ കുറഞ്ഞ മെയിന്റനന്‍സും വില്‍പനാനന്തര സേവനങ്ങളും ഇന്നോവയെ യൂസ്‍ഡ് കാര്‍ വിപണിയില്‍ മുന്നില്‍ നിര്‍ത്തുന്നു.

7. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്
ഇന്ത്യയില്‍ കോമ്പാക്ട് എസ് യു വി ശ്രേണിയ്ക്ക് തുടക്കം കുറിച്ച മോഡലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. മികച്ച സസ്‌പെന്‍ഷന്‍ സെറ്റപ്പ്, ഗുണമേന്മയേറിയ എഞ്ചിന്‍ നിര, ബജറ്റ് മെയിന്റനന്‍സ് എന്നിവ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ റീസെയില്‍ മൂല്യത്തെ ഉയര്‍ത്തുന്നു. ഫോര്‍ഡ് നിരയിലെ മറ്റു മോഡലുകള്‍ക്ക് റീസെയില്‍ മൂല്യം കുറവാണെങ്കിലും ഇക്കോസ്പോട്ട് മികച്ച രീതിയില്‍ മുന്നിട്ടു നില്‍ക്കുന്നു.

8. മാരുതി എര്‍ട്ടിഗ
എതിരാളികളെ അപേക്ഷിച്ച് കാഴ്ചയില്‍ അത്ര മനോഹരമല്ലാത്തൊരു കാറാണ് മാരുതി എര്‍ട്ടിഗ. എന്നാല്‍ 1.3 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളും മാരുതി ബ്രാന്‍ഡിംഗുമാണ് യൂസ്ഡ് കാര്‍ വിപണിയില്‍ എര്‍ട്ടിഗയെ പ്രിയപ്പെട്ടതാക്കുന്നു.

9. മാരുതി സിയാസ്
ഇടത്തരം സെഡാന്‍ ശ്രേണിയില്‍ ഹോണ്ട സിറ്റിയ്ക്ക് എതിരാളിയായി എത്തിയ കാറാണ് സിയാസ്. മാരുതി നിരയില്‍ മികച്ച റീസെയില്‍ മൂല്യവും സിയാസിനു സ്വന്തം.

10. ഹ്യുണ്ടായി ക്രെറ്റ
യൂറോപ്യന്‍ മുഖഭാവവും, ലോഡഡ് ഫീച്ചറുകളും കൊണ്ട്  ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം തീര്‍ത്ത കോമ്പക്ട് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റയും സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയില്‍ മുന്നിട്ടു നില്‍ക്കുന്നു.

Courtesy: Automotive Blogs, Websites

click me!