ഇവിടെ പ്രവേശനം നഗ്നരായ പുരുഷന്മാര്‍ക്കു മാത്രം!

By Web TeamFirst Published Oct 7, 2018, 12:46 PM IST
Highlights

സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ ശബരിമല കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണല്ലോ. എന്നാല്‍ സഞ്ചാരികളേ നിങ്ങള്‍  സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദ്വീപിനെപ്പറ്റി കേട്ടിട്ടുണ്ടോ? 

സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ ശബരിമല കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണല്ലോ. എന്നാല്‍ സഞ്ചാരികളേ നിങ്ങള്‍  ശബരിമലപോലെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദ്വീപിനെപ്പറ്റി കേട്ടിട്ടുണ്ടോ? അങ്ങ് ജപ്പാനിലുള്ളൊരു ദ്വീപായ ഒകിനോഷിമയാണ് അത്. പുരുഷന്മാര്‍ക്ക് മാത്രം പ്രവേശനമുള്ള ഈ ദ്വീപിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് കേട്ടോ. പൂര്‍ണ നഗ്നരായി വേണം പുരുഷന്മാര്‍ ഇവിടേക്കു പ്രവേശിക്കാന്‍! യാത്രാസ്നേഹികള്‍ക്കായി ഒകിനോഷിമ ദ്വീപിനെപ്പറ്റിയുള്ള കൂടുതല്‍ വിശേഷങ്ങള്‍.

അടുത്തകാലത്ത് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ദ്വീപായ ഒകിനോഷിമ ജപ്പാനിലെ തെക്കു പടിഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും കൊറിയയിലെ പെനിന്‍സുലയ്ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.  700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ദ്വീപില്‍  മുനാകാത്ത ടൈഷ എന്ന ഒരു വിഭാഗം ഷിന്‍റോ പുരോഹിതന്മാരാണ് താമസക്കാര്‍. കടയുഷി അഷിസുവാണ് ഇവരുടെ മുഖ്യ പുരോഹിതന്‍. അവരുടെ ഒകിറ്റ്‌സു എന്ന ദേവാലയം ഇവിടെ സ്ഥിതിചെയ്യുന്നു. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തില്‍ കപ്പല്‍ സഞ്ചാരികളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥനകള്‍ നടക്കും. ആര്‍ത്തവരക്തം അശുദ്ധമാണെന്ന ഷിന്റോ വിശ്വാസം മൂലം ഇവിടേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല.

എന്നാല്‍ കടല്‍യാത്ര അപകടമായതിനാല്‍ ആദ്യകാലങ്ങളില്‍ സ്ത്രീകളെ വിലക്കുകയായിരുന്നുവെന്നും വാദവുമുണ്ട്

 

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചൈന, കൊറിയ എന്നീ രാജ്യങ്ങളുമായി ജപ്പാന്‍ കടല്‍ വഴി വ്യാപാര ബന്ധം തുടങ്ങിയ കാലത്താണ് ഇവിടുത്തെ ക്ഷേത്രവും നാവിക രക്ഷാ പ്രാര്‍ത്ഥനകളും ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. 17-ാം നൂറ്റാണ്ടു മുതല്‍ മുനാകാറ്റാ തായിഷയില്‍ നിന്നുള്ള പുരോഹിതന്മാരാണ് ഷിന്റോ ദേവാലയത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. 1904-05 കാലഘട്ടത്തിലെ റഷ്യ-ജാപ്പനീസ് യുദ്ധത്തില്‍ മരിച്ച നാവികരുടെ സ്മരണാര്‍ത്ഥമാണ് പ്രാര്‍ത്ഥനകള്‍.

നിരവധി പുരാവസ്തുക്കളുടെ ശേഖരമാണ് ഒക്കിനോഷിമ. വിദേശ രാജ്യങ്ങളില്‍ നിന്നു കൊണ്ടു വന്ന വിലപിടിച്ച നിരവധി പ്രാര്‍ത്ഥനാ ദ്രവ്യങ്ങളും കാഴ്ചവസ്തുക്കളും ഇവിടുത്തെ പ്രത്യേകതകളാണ്. ചൈനയിലെ വെയി രാജവംശത്തിന്റെ കണ്ണാടികള്‍, കൊറിയന്‍ ഉപദ്വീപില്‍ നിന്നുള്ള സ്വര്‍ണ്ണ മോതിരങ്ങള്‍, പേര്‍ഷ്യയില്‍ നിന്നുള്ള ഗ്ലാസ് പാത്രത്തിന്റെ ശകലങ്ങള്‍ എന്നിവ ഉള്‍പ്പെടെ 80,000 ത്തോളം വസ്തുക്കള്‍ ഈ  ദ്വീപില്‍ നിന്ന് കണ്ടെടുത്തിരുന്നു.

എല്ലാ വര്‍ഷവും മെയ് 27ന് നടക്കുന്ന രണ്ടുമണിക്കൂര്‍ നീളുന്ന വാര്‍ഷിക ഉത്സവത്തിനു മാത്രമാണ് ഒകിനോഷിമയിലേക്ക് സന്ദര്‍ശകരെ അനുവദിക്കുക.  അതീവ ശുദ്ധിയോടെ പുരുഷന്മാര്‍ക്കു മാത്രമേ  പ്രവേശനമുള്ളൂ. പവിത്ര ദ്വീപില്‍ കയറണമെങ്കില്‍ കടലില്‍ സ്‌നാനം ചെയ്ത ശേഷം പുരുഷന്മാര്‍ പൂര്‍ണ നഗ്നരായി വേണം എത്താന്‍.

എന്നാല്‍ ഇനിമുതല്‍ പുരുഷന്മാരേയും ദ്വീപിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജൈവവൈവിധ്യം പരിപാലിക്കുന്നതിന്റെ ഭാഗമായി ഒകിനോഷിമ ദ്വീപിലേയ്ക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം പൂര്‍ണമായി നിരോധിക്കാനാണ് നീക്കം.


 

click me!