പോപ്പിന്റെ സൂപ്പർകാറിന് ലേലത്തില്‍ ലഭിച്ചത് അമ്പരപ്പിക്കുന്ന തുക

Web Desk |  
Published : May 18, 2018, 08:19 PM ISTUpdated : Oct 02, 2018, 06:34 AM IST
പോപ്പിന്റെ സൂപ്പർകാറിന് ലേലത്തില്‍ ലഭിച്ചത് അമ്പരപ്പിക്കുന്ന തുക

Synopsis

പോപ്പിന്റെ സൂപ്പർകാറിന് ലേലം ലഭിച്ചത് അമ്പരപ്പിക്കുന്ന തുക

മാർപാപ്പയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ലംബോർഗ്നി ‘ഹുറാകാൻ’ കൂപ്പെ ലേലത്തിൽ പോയത് 7.15 ലക്ഷം യൂറോ(ഏകദേശം 5.76 കോടി രൂപ)യ്ക്ക്. സ്പെയിന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു റെന്‍റല്‍ കാര്‍ ഏജന്‍സിയാണ് പോപ്പിന്‍റെ കാര്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പോപ്പ് ഫ്രാൻസിസിനായി ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ  ലംബോർഗ്നി പ്രത്യേകം രൂപകൽപ്പന ചെയ്ത ഹുറാകാൻ  കൂപ്പെ ലേലത്തില്‍ വിറ്റു. 7.15 ലക്ഷം യൂറോ, ഏകദേശം 5.76 കോടി രൂപയ്ക്കാണ് വാഹനത്തിനു ലഭിച്ചത്. റിയർ വീൽ ഡ്രൈവുള്ള ഹുറാകാൻ കൂപ്പെ കഴിഞ്ഞ നവംബറിലാണ് നിര്‍മ്മാതാക്കള്‍ മാർപാപ്പയ്ക്കു കൈമാറിയത്. തുടര്‍ന്ന് കാർ പോപ് ഫ്രാൻസിസിന്റെ ഒപ്പോടെയാണു ലേലത്തിനെത്തിയത്.  

ലേലത്തിൽ ലഭിക്കുന്ന തുക വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി പോപ്പ് വീതിച്ചു നൽകും. ഇറാഖിലെ നിനുവെ പ്ലെയിൻ സിറ്റി പുനഃനിർമ്മാണത്തിനാണ് മുഖ്യമായും ഈ തുക ഉപയോഗിക്കുക. വീടുകളും പൊതു സ്ഥലങ്ങളും ആരാധനാലയങ്ങളുമൊക്കെ നിർമിച്ച് നല്‍കും. ഒപ്പം മനുഷ്യക്കടത്ത് അടക്കമുള്ള അതിക്രമം നേരിട്ട വനിതകളെ സഹായിക്കാനും ഉപയോഗിക്കും.

5.2 ലീറ്റർ, വി 10 എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 8,000 ആർ പി എമ്മിൽ 576 ബി എച്ച് പി കരുത്തും 6500 ആർ പി എമ്മിൽ 540 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. മണിക്കൂറിൽ 320 കിലോമീറ്ററാണ് പരമാവധി വേഗം. നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗമാര്‍ജ്ജിക്കാൻ കാറിനു വെറും 3.4 സെക്കൻഡ് മതി.

ബിയാങ്കൊ മോണൊസെറസ് വൈറ്റ് നിറമാണു പോപ്പിന്റെ ഹുറാകാനു ലംബോർഗ്നി നല്‍കിയത്. ഒപ്പം വത്തിക്കാൻ സിറ്റിയുടെ പതാകയുടെ നിറങ്ങളെ അനുസ്മരിപ്പിച്ചു ഗിയാലൊ ടിബെറിനൊ സ്ട്രൈപ്പുകളുമുണ്ട്. ഡയമണ്ട് ഫിനിഷുള്ള 20 ഇഞ്ച് ഗിയാനൊ വീലും നീറൊ കാലിപ്പറുകളും വാഹനത്തെ വേറിട്ടതാക്കുന്നു.

അപൂർവ വസ്തുക്കളുടെ ലേലത്തിലൂടെ ലോക ശ്രദ്ധ ആകർഷിച്ച ആർ എം സൗത്ത്ബിയായിരുന്നു മൊണ്ടെ കാർലോയിലെ കാർലോസ് ഗ്രിമാൽഡി ഫോറത്തിൽ ശനിയാഴ്ച നടന്ന ലേലത്തിന്റെ സംഘാടകർ .

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്