130 കിമീ വേഗത്തിൽ നിയന്ത്രണം പോയി; കാര്‍ നിര്‍ത്തിയത് പൊലീസ്!

By Web TeamFirst Published Sep 7, 2018, 5:46 PM IST
Highlights

മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നതിനിടെ കാറിന്‍റെ നിയന്ത്രണം നഷ്‍ടപ്പെട്ടു. പൊലീസിന്‍റെ സമയോചിതമായ ഇടപടലിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി. 

മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നതിനിടെ കാറിന്‍റെ നിയന്ത്രണം നഷ്‍ടപ്പെട്ടു. പൊലീസിന്‍റെ സമയോചിതമായ ഇടപടലിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി.  അബുദാബി-അല്‍ഐന്‍ റോഡിലായിരുന്നു സംഭവം.

കാര്‍, ഡ്രൈവർ ആക്സിലേറ്റർ അമർത്താതെ തന്നെ വാഹനം നിശ്ചിത വേഗത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയായ ക്രൂസ് കൺട്രോളിൽ‌ 130 കിലോമീറ്റര്‍ വേഗത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഈ സംവിധാനത്തില്‍ എത്രവേഗത്തിലാണ് വാഹനം ഓടേണ്ടത് എന്ന് ഡ്രൈവർക്ക് തീരുമാനിക്കാം. ക്രൂസ് കൺട്രോൾ പ്രവർത്തിച്ചാൽ പിന്നെ ആക്സിലറേറ്ററിൽ അമർത്തേണ്ട കാര്യമില്ല. ബ്രേക്ക് അമർത്തിയാൽ ക്രൂസ് കൺട്രോൾ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യും. 

ക്രൂസ് കണ്‍ട്രോള്‍ തകരാറിലായതാണ് അബുദാബിയിലെ അപകടത്തിന്‍റെ കാരണം. വേഗത കുറയ്ക്കാന്‍ നോക്കിയപ്പോഴാണ് എസ്‍യുവിയുടെ ബ്രേക്ക് തകരാറിലായ കാര്യം ഡ്രൈവര്‍ തിരിച്ചറിയുന്നത്. ഇതോടെ വാഹനത്തിന്‍റെ വേഗം കുറയ്ക്കാനോ ബ്രേക്കു ചെയ്യാനോ ഡ്രൈവർക്ക് കഴിയാതെ വന്നു. ഇതേ തുടർന്ന്  പൊലീസിന്റെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സ്റ്റെന്‍ററിനെ ഡ്രൈവര്‍ വിവരമറിയിച്ചു. തുടര്‍ന്ന് 15 പൊലീസ് വാഹനങ്ങള്‍ അണിനിരന്ന് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആര്‍ക്കും പരിക്കില്ലാതെ കാറിനെ നിയന്ത്രണത്തിലാക്കുകയായിരുന്നു. 

സാഹസികമായിട്ടായിരുന്നു പൊലീസിന്‍റെ ഇടപെടല്‍. മുന്നിലുള്ള റോഡില്‍ നിന്നു മറ്റു വാഹനങ്ങളെ നിയന്ത്രിച്ച ശേഷം ഒരു പൊലീസ് പട്രോള്‍ കാര്‍ തകരാറിലായ എസ്‌യുവിയുടെ നേരെ മുന്നിലെത്തിക്കുകയായിരുന്നു. ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിമുട്ടിയതിന് ശേഷം വേഗത കുറച്ചു കൊണ്ടുവന്ന് സുരക്ഷിതമായി നിര്‍ത്തുകയായിരുന്നു. മുമ്പ് ചൈനയിലും സമാനമായ അപകടം നടന്നിരുന്നു. അന്നും 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാർ പൊലീസിന്‍റെ സഹായത്തോടെയാണ് നിർത്തിയത്.

click me!