
കുമളി: തമിഴ് സിനിമാ ലോകത്തിന് നാണക്കേടായിരിക്കുകയാണ് സൂപ്പർ താരം ധനുഷിന്‍റെ കാരവനിലേക്ക് വൈദ്യുതി മോഷ്‍ടിച്ച സംഭവം. തെരുവുവിളക്കിനുള്ള ലൈനില്‍ നിന്ന് താരത്തിന്‍റെ കാരവാനിലേക്ക് വൈദ്യുതി മോഷ്ടിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
തേനി ജില്ലയിലെ ആണ്ടിപ്പെട്ടി മുത്തരംഗാപുരത്താണ് സംഭവം. ഇവിടത്തെ കുടുംബക്ഷേത്രമായ കസ്‍തൂരി മങ്കമ്മാൾ ക്ഷേത്രത്തിൽ പ്രാർഥനക്കെത്തിയതായിരുന്നു ധനുഷും കുടുംബവും. രജനികാന്തിന്റ മകളും ധനുഷിന്‍റെ ഭാര്യയുമായ ഐശ്വര്യ, ധനുഷിന്‍റെ അച്ഛന്‍ സംവിധായകന്‍ കസ്‍തൂരി രാജ, അമ്മ വിജയലക്ഷ്മി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കാറിലായിരുന്നു ചെന്നൈയില്‍ നിന്നും ഇവര്‍ ഗ്രാമത്തിലെത്തിയത്. ക്ഷേത്രദർശനവും ഉച്ചഭക്ഷണത്തിനും ശേഷം ധനുഷും കുടുംബവും കാരവനില്‍ വിശ്രമിക്കുന്നതിനു വേണ്ടിയായിരുന്നു വൈദ്യുതി മോഷണം.
നിര്‍ത്തിയിട്ട വാനിനു സമീപത്തുള്ള വൈദ്യുതി പോസ്റ്റില്‍ നിന്നും വൈദ്യുതി വാനിലേക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. അധകൃതരുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെയായിരുന്നു ഇത്.
വിശ്രമത്തിനു ശേഷം ധനുഷും കുടുംബവും കാറിൽ ചെന്നൈയിലേക്ക് മടങ്ങിയതിന് പിന്നാലെ വൈദ്യുതി വകുപ്പ് എക്സിക്യൂട്ടിവ് അധികൃതര്‍ കാരവൻ പിടിച്ചെടുത്തു. വാനിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽനിന്ന് വൈദ്യുതി മോഷ്ടിച്ചതിനുള്ള തെളിവുകൾ അധികൃതർ കണ്ടെത്തി. ഡ്രൈവർ വീരപ്പനിൽ നിന്നും 15,731 രൂപ അധികൃതർ പിഴയായി ഈടാക്കിയെന്നും വിവിധ തമിഴ്‍മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.