ലോക സഞ്ചാര ഭൂപടത്തിലേക്ക് അതിരപ്പിള്ളി

By വത്സന്‍ രാമംകുളത്ത്First Published Jan 10, 2018, 10:50 PM IST
Highlights

തൃശൂര്‍: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ലോക സഞ്ചാര ഭൂപടത്തില്‍ ഇടം നേടി. തൃശൂരിന്റെ പൂരപ്പെരുമയും, ഗുരുവായൂരിനുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രമെന്ന ഖ്യാതിയുമുണ്ടെങ്കിലും ലോക സഞ്ചാരഭൂപടത്തില്‍ ഇടം നേടുന്നത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയിലാണ്. ജലവൈദ്യുതി പദ്ധതി സംബന്ധിച്ച വിവാദങ്ങള്‍ ഒഴിയാതിരിക്കെയാണ് വിനോദ സഞ്ചാര വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം തയ്യാറാക്കുന്ന ഹൃസ്വചിത്രങ്ങളിലേക്കും വീഡിയോകളിലുമാണ് ജില്ലയില്‍ നിന്ന് അതിരപ്പിള്ളി സ്ഥാനം പിടിച്ചത്.

അതിരപ്പിള്ളി വെള്ളച്ചാട്ടം കൂടാതെ, കുമരകത്തെയും ആലപ്പുഴയിലെയും കായലുകള്‍, ആലപ്പുഴ ലൈറ്റ് ഹൗസ്, പാതിരാമണല്‍, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ചെറായി ബീച്ച്, വൈപ്പിന്‍ ലൈറ്റ് ഹൗസ്, പാലക്കാട് കോട്ട, ബേക്കല്‍ കോട്ട, കാപ്പാട് ബീച്ച്, കോവളം ബീച്ച് എന്നിങ്ങനെ 50 പ്രദേശത്ത് നിന്നുള്ള സ്ഥലങ്ങളാണ് സ്ഥാനം നേടിയത്. ഇതോടൊപ്പം ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലെ ചില റിസോര്‍ട്ടുകളും, ആരാധനാലയങ്ങളുമുണ്ട്. രാജ്യാന്തര ചാനലുകളില്‍ പരസ്യരൂപത്തിലും വിനോദസഞ്ചാര മേളകളില്‍ പ്രമോഷണല്‍ വിഡിയോകളായും ഇത് അവതരിപ്പിക്കും. നിശ്ചല ചിത്രങ്ങള്‍ ബ്രോഷറുകളില്‍ അച്ചടിക്കും. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടുമെന്നും, പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നുമുള്ള ആശങ്കയിലാണ് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെ പരിസ്ഥിതി സ്‌നേഹികളും, ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള പരിസ്ഥിതി സംഘടനകളും, ഇടതുമുന്നണിയിലെ സി.പി.ഐ അടക്കമുള്ള കക്ഷികളും എതിര്‍ക്കുന്നത്.

പദ്ധതി നടപ്പിലാക്കണമെന്ന നിലപാടിലുള്ള സി.പി.എം വിവാദങ്ങള്‍ കനക്കുമ്പോഴും സ്വകാര്യമായി പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിന്റെ ഭാഗമായി എതിര്‍പ്പുകള്‍ക്കിടയിലും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയും, വനമേഖലയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുകയും തുടങ്ങിയുള്ള പ്രവൃത്തികളും, എതിര്‍പ്പുകളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.  ഇതിനിടയിലാണ് കേന്ദ്ര ടൂറിസം മന്ത്രാലയം വിനോദ സഞ്ചാര വികസനത്തിനായി തയ്യാറാക്കുന്ന ലോകസഞ്ചാര ഭൂപടത്തില്‍ അതിരപ്പിള്ളി ഇടം നേടുന്നത്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി, പഴശിരാജ, ദൗത്യം തുടങ്ങി നിരവധി സിനിമകളില്‍ അതിരപ്പിള്ളിയുടെ ദൃശ്യഭംഗി അഭ്രപാളികളില്‍ നേരത്തെ ഇടം നേടിയിട്ടുണ്ട്. രണ്ട് മാസത്തിനകം ടൂറിസം വകുപ്പിന്റെ അതിരപ്പിള്ളിയടക്കമുള്ളവ ഉള്‍പ്പെടുത്തിയ പരസ്യങ്ങള്‍ പുറത്തിറങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്.

 

click me!