
മത്സര ഓട്ടങ്ങള്‍ വരുത്തിവയ്ക്കുന്ന അപകടങ്ങള്‍ക്ക് കണക്കും കൈയ്യുമില്ല. ബിഎംഡബ്ല്യുവിനാണോ അതോ ഔഡിക്കോ വേഗത കൂടുതല്‍ എന്ന സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ നടന്നത് വലിയൊരു അപകടം. ഒഡീഷയിലാണ് സംഭവം. തര്‍ക്കത്തിനൊടുവില്‍ ആഢംബരകാറുകളായ ബിഎംഡബ്ലയുവും ഔഡിയും മത്സരിച്ചോടുകയായിരുന്നു.
പിന്നെ സംഭവിച്ചതിങ്ങനെ. ഔഡിയെ കീഴടക്കാന്‍ ശ്രമിച്ച ബിഎംഡബ്ല്യു 320d നിയന്ത്രണം നഷ്ടപ്പെട്ട് ചികിന മേല്‍പ്പാലത്തിനു സമീപത്തു വച്ച് വന്‍ മരത്തിലേക്ക് ഇടിച്ചുകയറി. സംഭവ സമയത്ത് കാറിലുണ്ടായിരുന്ന നാലു പേരില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തിന് ശേഷമുള്ള ബിഎംഡബ്ല്യു 320d യുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. അമിതവേഗതയുടെ ഭീകരത വെളിപ്പെടുത്തുന്നതാണ് സുരക്ഷയ്ക്കു പേരു കേട്ട വാഹനത്തിന്‍റെ ചിത്രങ്ങള്‍. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മുന്‍വശം ഉള്ളിലേക്ക് ഇടിച്ചിറങ്ങി. എഞ്ചിനും മുന്‍ടയറുകളും ബോണറ്റും ഇടിയുടെ ആഘാതം തെളിയിക്കുന്നു. മുന്നിലെ സീറ്റുകളും ഡോറുകളും പുറത്തേക്ക് തെറിച്ച നിലയിലാണ്. അപകടത്തില്‍ എയര്‍ബാഗുകളെല്ലാം പുറത്ത് വന്നിട്ടുണ്ട്.
ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ബിഎംഡബ്ല്യുവിനൊപ്പം മത്സരയോട്ടം നടത്തിയ ഔഡി കാറിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.