വാഹനമാമാങ്കം അടുത്ത ഫെബ്രുവരിയിൽ

Published : Sep 27, 2017, 07:15 PM ISTUpdated : Oct 05, 2018, 01:04 AM IST
വാഹനമാമാങ്കം അടുത്ത ഫെബ്രുവരിയിൽ

Synopsis

രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വാഹന പ്രദർശനമായ ഓട്ടോ എക്സ്പോയ്ക്ക് 2018 ഫെബ്രുവരി രണ്ടാം വാരം തുടക്കമാകും. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ഇന്ത്യ എക്സ്പോ മാർട്ടാണ് 2018 ഫെബ്രുവരി 9 മുതൽ 14 വരെ നീളുന്ന ഓട്ടോ എക്സ്പോയ്ക്ക് വേദിയാവുക. ഫെബ്രുവരി 8ന് ഉദ്ഘാടനം നടക്കും. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII), ഓട്ടോമോട്ടീവ് കോമ്പണന്റ്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ACMA) എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്. അതേസമയം വാഹനഘടക നിർമാതാക്കൾ പങ്കെടുക്കുന്ന കംപോണന്റ്സ് ഷോ ഫെബ്രുവരി എട്ടു മുതൽ 11 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തു നടക്കും.

2016ല്‍ കഴിഞ്ഞ എക്‌സ്‌പോയില്‍ പൊതുജന പങ്കാളിത്തം വര്‍ധിച്ച സാഹചര്യത്തില്‍ ഇത്തവണ ഒരു ദിവസം അധികം ഷോ നടക്കും. ‘കോ ക്രിയേറ്റ്, കോ എക്സിസ്റ്റ് ആൻഡ് സെലിബ്രേറ്റ്’ എന്നതാണ് വരുന്ന ഓട്ടോ എക്സ്പോയുടെ പ്രമേയമെന്നും ‘സയാം’ ഡയറക്ടർ ജനറൽ വിഷ്ണു മാഥുർ പറഞ്ഞു.

14 ഇന്‍ഡോര്‍ എക്സിബിഷന്‍ ഹാളുകളിലായി 185000 സ്‌ക്വയര്‍ ഫീറ്റിലാണ് പ്രദര്‍ശനം. ഇവിടങ്ങളില്‍ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളുടെയെല്ലാം സാന്നിധ്യമുണ്ടാകും. പുത്തൻ മോഡൽ അവതരണങ്ങൾക്കൊപ്പം ഭാവി മോഡൽ മാതൃകകളുടെ പ്രദർശനവും ഓട്ടോ എക്സ്പോയുടെ സവിശേഷതയാവും. കൂടാതെ വിന്റേജ് കാറുകളും സൂപ്പർ കാറുകളുമൊക്കെ പ്രദർശിപ്പിക്കുന്ന പ്രത്യേക വിഭാഗവുമുണ്ടാകും. സന്ദർശകർക്കായി ഇന്നൊവേഷൻ സോൺ, ഡസ്റ്റിനേഷൻ സോൺ, സ്മാർട് മൊബിലിറ്റി സോൺ, കോംപറ്റീഷൻ സോൺ തുടങ്ങിയ പ്രത്യേക മേഖലകളും ഇത്തവണ സജ്ജീകരിക്കുന്നുണ്ട്.  ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും ഡല്‍ഹി എന്‍സിആര്‍ പരിധിയിലെ മെട്രോ സ്റ്റേഷനില്‍ നിന്നും എക്സ്പോ ടിക്കറ്റ് ബുക്ക് ചെയ്യാം. BookMyShow.com വെബ്സൈറ്റ് വഴി ടിക്കറ്റ് ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം.

അതേസമയം 2016ല്‍ പങ്കെടുത്ത ആറോളം പ്രമുഖ നിർമാതാക്കൾ ഓട്ടോ എക്സ്പോയിൽ ഇത്തവണ പങ്കെടുക്കില്ലെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്കോഡ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,  ഔഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജപ്പാനിൽ നിന്നുള്ള നിസ്സാൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇറ്റാലിയൻ ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റി ഇന്ത്യ എന്നിവരാണ് ഓട്ടോ എക്സ്പോയില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിൽപ്പനയിലെ ഇടിവും ചെലവു ചുരുക്കലുമൊക്കെയാണ് ഈ കമ്പനികള്‍ വിട്ടുനില്‍ക്കലിന് പറയുന്ന കാരണം. ഇന്ത്യൻ വിപണിയിൽ നിന്നു പിൻവാങ്ങുന്ന സാഹചര്യത്തിലാണ് യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഓട്ടോ എക്സ്പോ ഒഴിവാക്കുന്നത്.

ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ്, ബജാജ് ഓട്ടോ ലിമിറ്റഡ്, ഹാർലി ഡേവിഡ്സൻ ഇന്ത്യ എന്നീ നിർമാതാക്കൾ 2016ലെ ഓട്ടോ എക്സ്പോയിൽ നിന്നു വിട്ടുനിന്നിരുന്നു. അമിത ചെലവും മുതൽമുടക്കിനൊത്ത മൂല്യം തിരിച്ചുകിട്ടാത്തതുമൊക്കെ കാരണമാക്കി 2016ൽ ഓട്ടോ എക്സ്പോയോടു മുഖം തിരിച്ച ഈ കമ്പനികൾ അടുത്ത വർഷത്തെ പ്രദർശനത്തിലും പങ്കെടുക്കില്ലെന്നാണ സൂചന.

ഓട്ടോ എക്സ്പോയിൽ പങ്കെടുക്കില്ലെന്നു സ്കോഡ ഇന്ത്യയും ഫോക്സ്‌വാഗൻ ഇന്ത്യയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മറ്റു നിർമാതാക്കളുടെ ഭാഗത്തു നിന്ന് ഓട്ടോ എക്സ്പോയിലെ പങ്കാളിത്തം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.   വിവിധ കമ്പനികളുടെ പിൻമാറ്റത്തിനിടയിലും ചൈനീസ് നിർമാതാക്കളായ സായ്ക് മോട്ടോർ കോർപറേഷനും ഫ്രഞ്ച് നിർമാതാക്കളായ പ്യുഷൊ എസ് എയും ഹ്യുണ്ടേയ് മോട്ടോറിന്റെ ഉപസ്ഥാപനമായ കിയ മോട്ടോഴ്സ് കമ്പനിയും ഇതാദ്യമായി ഓട്ടോ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പരോ‍ട്ടുകള്‍.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം; നിരത്തിലെത്താൻ അഞ്ച് പുത്തൻ താരങ്ങൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?