കേരളത്തിലെ ഈ നഗരങ്ങളിൽ ഈ ഓട്ടോറിക്ഷകൾ നിരോധിക്കുന്നു

By Web TeamFirst Published Dec 16, 2018, 2:14 PM IST
Highlights

സംസ്ഥാനത്തെ മൂന്നുനഗരങ്ങളിൽ പഴയ ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകളാണ് നിരോധിക്കുന്നത്.  2020 മാർച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എൻ.ജിയിലേക്കോ മാറണമെന്നാണ് നിർദേശം. 
 

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നുനഗരങ്ങളിൽ പഴയ ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകളാണ് നിരോധിക്കുന്നത്.  2020 മാർച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എൻ.ജിയിലേക്കോ മാറണമെന്നാണ് നിർദേശം. 

അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വൻതോതിൽ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലെത്തുന്നുണ്ട്. ഇത് തടയാനാണ് നിയന്ത്രണമേർപ്പെടുത്തുന്നത്. ബി എസ് 1, ബി എസ് 2 വിഭാഗത്തിൽപ്പെട്ട ഡീസൽ ഓട്ടോറിക്ഷകൾക്കാണ് ആദ്യഘട്ടത്തില്‍ നിരോധനം ബാധകമാകുക.

വൈദ്യുത വാഹനനയവുമായി ബന്ധപ്പെട്ട് സർക്കാർ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം തിരുവനന്തപുരത്ത് 70,689-ഉം എറണാകുളത്ത് 58,271-ഉം കോഴിക്കോട്ട് 51,449-ഉം ഓട്ടോറിക്ഷകളാണുള്ളത്. ഇതിൽ പകുതിയിലധികം ഡീസലിൽ ഓടുന്നവയാണ്.

സിറ്റി പെർമിറ്റ് നിലനിർത്തണമെങ്കിൽ ഉടമകൾ പുതിയ ഇ-റിക്ഷകൾ വാങ്ങുകയോ സി.എൻ.ജി.യിലേക്ക് മാറുകയോ വേണം. പത്ത് ഇ-ഓട്ടോറിക്ഷാ നിർമാതാക്കളുടെ മോഡലുകൾക്ക് സംസ്ഥാന മോട്ടോർവാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസിന്റെ ഇ-റിക്ഷ ഉടൻ വിപണയിലെത്തും. വൈദ്യുതി ഓട്ടോറിക്ഷകൾക്ക് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്‌സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി മുതല്‍ ഡീസൽ, പെട്രോൾ ഓട്ടോറിക്ഷകൾക്കു പെർമിറ്റ് നൽകില്ലെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവിടങ്ങളില്‍ ഇലക്ട്രിക്, സിഎൻജി, എൽഎൻജി എന്നിവ ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കുകൾക്കു മാത്രമേ ഇനി പെർമിറ്റ് നല്‍കുകയുള്ളൂവെന്നായിരുന്നു റിപ്പോര്‍ട്ട്. 

ഇതനുസരിച്ച് കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 3000 പുതിയ പെർമിറ്റ് നൽകാൻ ഉത്തരവിറങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിൽ 2000 ഓട്ടോകൾ ഇലക്ട്രിക്കും 1000 ഓട്ടോകൾ സിഎൻജിയോ എൽഎൻജിയോ ആയിരിക്കണം. രണ്ടു നഗരങ്ങളിലും നിലവിൽ 4300 വീതം പെർമിറ്റാണുള്ളത്. തിരുവനന്തപുരത്ത് അടുത്തിടെ 30000 പെർമിറ്റ് അനുവദിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ 20000 പെർമിറ്റ് നൽകി. ഇനി പെർമിറ്റ് ലഭിക്കണമെങ്കിൽ പുതിയ ഉത്തരവു പാലിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങളില്‍ 2000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് മാത്രമായി പുതുതായി പെര്‍മിറ്റ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി എ കെ. ശശീന്ദ്രന്‍ അടുത്തിടെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. 1000 പെര്‍മിറ്റുകള്‍ സി.എന്‍.ജി, എല്‍.എന്‍.ജി എന്നിവയ്ക്കും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ-ഓട്ടോറിക്ഷകള്‍ വാങ്ങാന്‍ വാഹനവിലയുടെ 25 ശതമാനം ഇന്‍സെന്റീവായി അനുവദിക്കണമെന്നും ഓട്ടോ ടാക്‌സികളില്‍ ബില്ലിങ് മെഷീനോടുകൂടിയുള്ള ഫെയര്‍ മീറ്റര്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

click me!