കാറിന്‍റെ ഡോറിലിടിച്ച് ബൈക്ക് യാത്രികന്‍ വീണത് ബസിനടിയില്‍; പിന്നെ സംഭവിച്ചത്

By Web DeskFirst Published Apr 1, 2018, 11:40 AM IST
Highlights
  • കാറിന്‍റെ ഡോറിലിടിച്ച് ബൈക്ക് യാത്രികന്‍ വീണത് ബസിനടിയില്‍
  • പിന്നെ സംഭവിച്ചത്

റോഡിലേക്ക് അലക്ഷ്യമായി തുറന്ന കാറിന്റെ ഡോറിലിടിച്ച് ബൈക്ക് യാത്രക്കാരൻ തെറിച്ചു വീണത് ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയറിന്റെ മുന്നിലേക്ക്. കോട്ടയം അതിരുമ്പുഴയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ബസ് പെട്ടെന്ന നിര്‍ത്തിയതിനാല്‍ ഇദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെട്ടു.

കഴിഞ്ഞദിവസം രാവിലെ അതിരമ്പുഴ ചന്തക്കവലയിലായിരുന്നു അപകടം. റെയിൽവേ ഉദ്യോഗസ്ഥനായ അതിരമ്പുഴ സ്വദേശി സണ്ണി കുര്യനാണ് (54) തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടെക്നീഷ്യനായ സണ്ണി ജോലിക്കു പോകുന്നതിനിടയിലാണ് അപകടം.

അതിരമ്പുഴ ചന്തക്കവലിൽ നിർത്തിയിട്ട കാറിന്റെ വാതിൽ പെട്ടെന്ന് തുറന്നപ്പോൾ സണ്ണിയുടെ ബൈക്ക് അതിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം റോഡിനു നടുവിലേക്ക് തെറിച്ചു വീണു.  കോട്ടയം ഭാഗത്തേക്കുവന്ന സ്വകാര്യബസിന്റെ മുൻ ചക്രത്തിനു സമീപത്തേക്ക് ഇദ്ദേഹം വീണത്. ബസ് പെട്ടെന്ന് നിർത്തിയതിനാൽ തലനാരിഴക്കാണ് ഇദ്ദേഹം രക്ഷപ്പെടുന്നത്.

വീഴ്ചയിൽ കാലിനു പരുക്കേറ്റ സണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സിസിടിവിയിലാണ് പതിഞ്ഞത്.  കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തുന്നതും മുന്‍പിന്‍ നോക്കാതെ അലക്ഷ്യമായി ഡോർ തുറക്കുന്നതുമെല്ലാം ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഡോര്‍ പെട്ടെന്ന് തുറക്കുന്നതുമൂലമുള്ള അപകടമരണങ്ങള്‍ അടുത്തകാലത്ത് പതിവാണ്. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരാണ് പലപ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് ഇരയാകുന്നത്. അശ്രദ്ധ മാത്രമാണ് ഇത്തരം അപകടങ്ങളുടെ പ്രധാനംകാരണം. ലളിതമായ ഒരു വിദ്യയിലൂടെ ഇത്തരം അപകടങ്ങളെ ഒഴിവാക്കാം. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ

click me!