ആംബുലന്‍സിന് മുന്നിലെ അഭ്യാസം, യുവാവിനെ സോഷ്യല്‍ മീഡിയ കുടുക്കി!

By Web TeamFirst Published Feb 23, 2019, 3:03 PM IST
Highlights

അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലൻസിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. 

അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലൻസിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. 

കായംകുളം കണ്ടല്ലൂര്‍ സ്വദേശി ആദര്‍ശാണ് പിടിയിലായത്. ആംബുലന്‍സിനു സൈഡ് കൊടുക്കാതെ ബുള്ളറ്റ് ഓടിക്കുന്ന ആദര്‍ശിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

എറണാകുളത്ത് ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തിന്‍റെ വാഹനവും വാങ്ങി കായംകുളത്തെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ആദര്‍ശ്. തിരികെ എറണാകുളത്തേക്ക് വരുമ്പോഴാണ് ആംബുലന്‍സ് കടത്തിവിടാതെ അഭ്യാസം നടത്തിയത്. ഇയാള്‍ക്ക് ലൈസന്‍സ് പോലുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുള്ളറ്റില്‍ യുവാവ് റോഡില്‍ അഭ്യാസം കാണിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു . ഏറെ നേരം ആംബുലൻസിനു കടന്നു പോകാൻ  ഇട നൽകാതെ പായുകയായിരുന്നു ബുള്ളറ്റ്. ആംബുലന്‍സ് ഡ്രൈവർ പലതവണ ഹോൺ അടിച്ചിട്ടും ഇയാൾ വകവെയ്ക്കുന്നില്ല. കെഎസ്ആർടി ബസുകളടക്കം ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കുമ്പോൾ ആ വശത്തുകൂടിതന്നെ മുന്നോട്ടുപോകാനാണ് ബുള്ളറ്റ് യാത്രികന്റെ ശ്രമമെന്നും വീഡിയോയില്‍ കാണാം. ആംബുലൻസിൽ ഉണ്ടായിരുന്നയാളാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. 

ആദര്‍ശിനെ പിടികൂടിയതിനോടൊപ്പം വാഹന ഉടമയേയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തിയെന്നും 6000 രൂപ പിഴയീടാക്കി വിട്ടയച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

click me!