
രാജസ്ഥാനിലെ ജോധ്പ്പൂരിലാണ് ബുള്ളറ്റ് ബാബ അഥവാ ഓം ബന്ന ക്ഷേത്രം. ജോധ്പ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെ മാറി ഛോട്ടില എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്ന ബുള്ളറ്റിനെ ബുള്ളറ്റ് ബാബ എന്നാണ് ഭക്തർ വിളിക്കുന്നത്. ക്ഷേത്രോല്‍പ്പത്തിയുടെ കഥ ഇങ്ങെയാണ്.
ജോധ്പൂരിലെ ഛോട്ടില ഗ്രാമത്തലവന്റെ മകനായിരുന്നു ഓം സിംഗ് റാത്തോഡ് എന്ന ഓം ബാണ. സുന്ദരനും സുമുഖനുമായ യുവാവ്. എണ്‍പതുകളുടെ ഒടുവില്‍ അച്ഛൻ അയാള്‍ക്ക് ഒരു റോയല്‍ എന്‍ഫീൽഡ് ബുള്ളറ്റ് വാങ്ങിക്കൊടുത്തു. ചെന്നൈയിലെ ഒറഗഡം പ്ലാന്‍റില്‍ നിര്‍മിച്ചതും കരിമ്പുക പുറന്തള്ളല്‍ കൂടുതലായതിനാല്‍ നിലവില്‍ ഉല്‍പാദനം നിറുത്തി വെച്ചതുമായ ഒരു ഡീസല്‍ ബുള്ളറ്റ് ആയിരുന്നു അത്. അതില്‍ കറങ്ങുന്നതിനിടയില്‍ 1991 ഡിസംബറിലെ ഒരു തണുപ്പന്‍ രാത്രിയിലായിരുന്നു ആ അപകടം. ബുള്ളറ്റ് ഒരു മരത്തിലിടിച്ച് മറിഞ്ഞ് റാത്തോഡ് കൊല്ലപ്പെട്ടു.
ഏതൊരപകടത്തെത്തുടർന്നുമെന്ന പോലെ പൊലീസുകാരെത്തി ബുള്ളറ്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. എന്നാൽ പിറ്റേ ദിവസം നോക്കുമ്പോള്‍ ആ ബുള്ളറ്റ് സ്റ്റേഷനിലുണ്ടായിരുന്നില്ല. അന്വേഷിച്ചിറങ്ങിയ പൊലീസുകാര്‍ അദ്ഭുതപ്പെട്ടു. ദാ അപകടം നടന്ന സ്ഥലത്ത് തന്നെ ആ ബുള്ളറ്റ് വന്നു കിടക്കുന്നു! ആരെങ്കിലും എടുത്തുകൊണ്ട് പോയി ഇട്ടതായിരിക്കുമന്ന് കരുതിയ പൊലീസുകാർ ബുള്ളറ്റെടുത്ത് വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വണ്ടിയിലെ പെട്രോൾ മുഴുവനും ഊറ്റിയും കളഞ്ഞു. പക്ഷെ പിറ്റേ ദിവസം സ്റ്റേഷന്‍ വളപ്പില്‍ നിന്നും വണ്ടി വീണ്ടും കാണാതായി. അപകടം നടന്ന സ്ഥലത്ത് പോയി നോക്കിയ പൊലീസ് പിന്നെയും ഞെട്ടി. ബുള്ളറ്റ് അവിടെത്തന്നെ ഉണ്ടായിരുന്നു. അതോടെ പൊലീസുകാർ ബുള്ളറ്റ് റാത്തോഡിന്‍റെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അവർ അത് ഒരു ഗുജറാത്ത് സ്വദേശിക്കു വിറ്റു. എന്നാൽ അവിടെ നിന്നും ബുള്ളറ്റ് അപകട സ്ഥലത്ത് തിരിച്ചെത്തിയെന്നാണ് കഥകള്‍. ഇതോടെ ബുള്ളറ്റിന് ദൈവിക ശക്തിയുള്ളതായി കഥകള്‍ പ്രചരിച്ചു. അന്നുമുതല്‍ നാട്ടുകാര്‍ റാത്തോഡിന്‍റെ ആത്മാവിനെ പൂജിക്കാന്‍ തുടങ്ങി. ബുള്ളറ്റ് ബാബ എന്ന് ദൈവത്തെ പേരുമിട്ടു വിളിച്ചു. വൈകാതെ സമീപത്തെല്ലാം കച്ചവട സ്ഥാപനങ്ങള്‍ മുളച്ചു പൊങ്ങി.
ഇപ്പോള്‍ ബുള്ളറ്റ് ബാബയെ സന്ദര്‍ശിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി കഥകള്‍ ബുള്ളറ്റ് ബാബയെപ്പറ്റി ഗ്രാമീണര്‍ പറയും. സമീപ പ്രദേശത്ത് നടക്കുന്ന ആക്സിഡന്‍റ് സ്ഥലങ്ങള്‍ ബാബ സന്ദര്‍ശിക്കുകയും വീണു പോയവരെ പൊക്കിയെടുത്ത് ജീവന്‍ കൊടുക്കാറുണ്ടെന്നുമൊക്കെയാണ് കഥകള്‍. ഇവിടുത്തെ പ്രധാന ആരാധന ബിയര്‍ അഭിഷേകമാണ്. ബൈക്കിനു മുകളിലൂടെ ബിയര്‍ ഒഴിച്ചു കൊടുക്കുന്നതാണ് വഴിപാട്. അനുഗ്രഹം ശരിയായ കനത്തില്‍ തന്നെ കിട്ടണമെങ്കില്‍ ബുള്ളറ്റ് ബ്രാന്‍ഡില്‍ ഉള്ളതു തന്നെ വേണമെന്നും നിര്‍ബന്ധമുണ്ടത്രെ. അതുവഴിപോകുന്നവർക്ക് യാത്രയിൽ തങ്ങളെ കാക്കുന്ന ദൈവമാണ് ഇന്ന് റോയൽ എൻഫീൽഡ് ബുള്ളറ്റ്. ആഗ്രഹ സഫലീകരണത്തിനായി ക്ഷേത്രത്തിന് സമീപത്തുള്ള ഒരു ഉണങ്ങിയ മരത്തിൽ തൂവാലകൾ കെട്ടിത്തൂക്കുന്നതും പതിവാണ്.
എല്ലാ ആഗ്രഹങ്ങളും ബുള്ളറ്റ് ബാബ സാധിച്ച് നൽകുമെന്നാണ് വിശ്വാസം. ഇവിടെ പൂജാരികളുമുണ്ട്. ക്ഷേത്രത്തിന് മുന്നിൽ എത്തുമ്പോൾ ഹോൺ മുഴക്കുന്നതാണ് ബാബയ്ക്കുള്ള വഴിപാട്. ബൈക്ക് യാത്രയിൽ കാക്കുന്ന ദൈവം വാഹന യാത്രയ്ക്കിടെ അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് ആളുകൾ ഇവിടെ എത്തി പ്രാർത്ഥിക്കുന്നത്. ക്ഷേത്രത്തിന് മുന്നിൽ എത്തുമ്പോള്‍ ഹോൺ മുഴക്കി ബാബയ്ക്ക് പ്രണാമം അർപ്പിക്കാതെ പോയാൽ തിരികെ വീട്ടിൽ എത്തില്ലെന്നും ഗ്രാമവാസികള്‍ വിശ്വസിക്കുന്നു!
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.