
നെഞ്ചുവേദനയുടെ രൂപത്തില്‍ മരണം എത്തിയപ്പോഴും മുപ്പതോളം യാത്രക്കാരെ ജീവതത്തിന്റെ സുരക്ഷിതത്വത്തിലേക്ക് ഇറക്കിവിട്ട് അയാള്‍ മരണത്തിലേക്ക് ബസോടിച്ചു പോയി. അല്‍പ്പം താമസിച്ചിരുന്നെങ്കില്‍ മലമ്പാതയിലെവിടെയെങ്കിലും ഒടുങ്ങുമായിരുന്ന ആ ജീവിതങ്ങള്‍ക്ക് സ്റ്റാലിന് എന്ന ബസ് ഡ്രൈവറെ ഒരു തേങ്ങലോടെയല്ലാതെ ഓര്‍ക്കാനാവില്ല. സംസ്ഥാന അതിർത്തിയിലെ തേനി തമ്മനംപെട്ടിയിലാണ് സംഭവം.
തേനി-കുമളി റൂട്ടിൽ ഓടുന്ന ജെ.സി എന്ന സ്വകാര്യ ബസിലെ ഡ്രൈവർ പെരിയകുളം സ്വദേശി സ്റ്റാലിനാണ് (34) മരിച്ചത്. ശനിയാഴ്ച രാവിലെ 11.15ഓടെയായിരുന്നു സംഭവം. തേനിയിൽനിന്ന് യാത്രക്കാരുമായി കേരളത്തിലേക്ക് വരികയായിരുന്നു സ്റ്റാലിന് ഓടച്ചിരുന്ന ബസ്.
ഗൂഡല്ലൂരിനും ലോവർ ക്യാമ്പിനുമിടയിൽ എത്തിയപ്പോള്‍ സ്റ്റാലിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ ബസ് റോഡിൻറെ ഓരം ചേർത്തു നിര്‍ത്തി. എൻജിൻ ഓഫാക്കിയതും സ്റ്റാലിന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.
വാഹനം കുറച്ചുദൂരം കൂടി ഓടിയിരുന്നെങ്കിൽ വളവുകൾ നിറഞ്ഞ കുമളി മലമ്പാതയിൽ പ്രവേശിക്കുമായിരുന്നു. ബസിനുള്ളിൽ തളർന്നുവീണ സ്റ്റാലിനെ യാത്രക്കാരും കണ്ടക്ടറും ചേർന്ന് കമ്പം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൗസല്യയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. സംസ്കാരം പിന്നീട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.