
മൂന്നുപേര്‍ മരിച്ച കരൂര്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച അജ്ഞാതയായ സ്ത്രീയെ കണ്ടെത്തി. പുറക്കാട് സ്വദേശി വൃന്ദയായായിരുന്നു ആ രക്ഷക. കഴിഞ്ഞ മൂന്നുദിവസമായി
ഈ സ്ത്രീ ആരെന്നുള്ള അന്വേഷണത്തിലായിരുന്നു രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും പരിക്കേറ്റ പൊലീസുകാരന്‍ നിസാറിന്‍റെ ബന്ധുക്കളുമെല്ലാം.
ദേശീയപാതയില്‍ അമ്പലപ്പുഴ കരുരിനു സമീപം ജൂലൈ 27ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന കൊട്ടിയം പൊലീസ് സ്‌റ്റേഷനിലെ വനിത പൊലീസുകാരി ശ്രീകല, കൊട്ടിയം സ്വദേശി ഹസീന(30), കാര്‍ ഡ്രൈവര്‍ നൗഫല്‍ എന്നിവര്‍ മരിച്ചിരുന്നു. അങ്കമാലിയില്‍നിന്നു കൊട്ടിയത്തേക്കു പോയ കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ കാറിലുണ്ടായിരുന്ന പൊലീസുകാരന്‍ കുളപ്പാട് പുത്തന്‍വിളയില്‍ നിസാറിനു (43) ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടം നടന്നതിനു തൊട്ടു പിന്നാലെ അവിടെയെത്തിയ വൃന്ദയാണ് നിസാറുമായി കാറില്‍ ആശുപത്രിയിലേക്ക് പറന്നത്. 18 വര്‍ഷമായി ഡ്രൈവിങ് സ്കൂള്‍ നടത്തുന്ന ടീച്ചറായ വൃന്ദ അമ്പലത്തിലേക്കുള്ള യാത്രമധ്യേയാണ് നിസാറിന്‍റെ രക്ഷകയായി മാറിയത്.
വര്‍ഷങ്ങളായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഭിഷേകം കണ്ടുതൊഴല് പതിവാണെന്ന് വൃന്ദ ടീച്ചര്‍ പറയുന്നു. സംഭവദിവസം വീട്ടില്‍നിന്ന് ഇറങ്ങാന്‍ 10 മിനിറ്റ് വൈകിയതാണ് നിസാറിനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ നിമിത്തമായത്.
ക്ഷേത്രത്തിലേക്കു പോകുന്നതിനിടയില്‍ തകര്‍ന്ന കാറില്‍ നിന്നും അബോധാവസ്ഥയില്‍ രക്തംപുരണ്ട ഒരാളെ നാട്ടുകാര്‍ പുറത്തെടുക്കുന്നതു കണ്ടു. കാര്‍ നിര്‍ത്തി പരിക്കേറ്റയാളെയുംകൊണ്ട് ആശുപത്രിയിലേക്ക് പായുകയായിരുന്നു വൃന്ദ. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതാണ് ഗുരുതരമായി പരിക്കേറ്റിട്ടും നിസാറിന്‍റെ ജീവന് രക്ഷിക്കാന്‍ സഹായിച്ചത്. നിസാര്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.